നാട്ടുനന്മകളുടെ ചായമക്കാനി
ഗ്രാമീണ ജീവിതത്തിന്റെ തുറന്നിട്ട വാതിലുകളായിരുന്നു ചായമക്കാനികള്‍. കാലത്തിന്റെ ഓര്‍മപതിപ്പായി മാറിയിരിക്കുന്നു നാട്ടു ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞ സാധാരണക്കാരുടെ ആശ്വാസത്തിന്റെ ആ തണലിടങ്ങള്‍. ഗ്രാമചിത്രങ്ങളിലും ചരിത്രങ്ങളിലും കഥകളിലും നോവലുകളിലും സിനിമകളിലും നിറഞ്ഞുനിന്നു ആ ചായമക്കാനികള്‍.
നാട്ടുവഴികളില്‍, ഓടുന്ന വാഹനത്തില്‍, കൂട്ടം ചേരുമ്പോള്‍, സൗഹൃദം പൂക്കുമ്പോള്‍, അവ പുതുക്കുമ്പോള്‍ മലയാളി അറിയാതെ പറയുമായിരുന്നു, ബാക്കി നമുക്കു ചായമക്കാനിയില്‍പോയി ഒരു കാലിയിട്ടിട്ടാവാമെന്ന്. ഒരു കട്ടന്‍, പൊടിക്കട്ടന്‍, പൊടിച്ചായ, വെള്ളച്ചായ, ലൈറ്റ്, കടുപ്പത്തിലൊരു ചായ, വിത്തൗട്ട് ... അങ്ങനെ മക്കാനിയില്‍ കയറുന്നവര്‍ക്കു വ്യത്യസ്ത രീതിയിലുള്ള ചായയാണു വേണ്ടത്. ഗ്രാമീണ ഭൂപടങ്ങളില്‍ നിന്നു മറഞ്ഞുപോയ മധുരമുള്ള ഓര്‍മകളിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു ഈ ചായമക്കാനികള്‍.
വാര്‍ത്തകളും വിശേഷങ്ങളും
ബ്രേക്കിങ് ന്യൂസുകളുടേയും വെടിവെട്ടങ്ങളുടേയും കേന്ദ്രമായിരുന്നു ചായമക്കാനികള്‍. പുലര്‍ച്ചെയിലേ ഉണരുന്നു. പാതിരാത്രികളില്‍ മാത്രം ഉറങ്ങുന്നു. അതിനിടയില്‍ വാര്‍ത്തകളും വിശേഷങ്ങളും വിശകലനങ്ങളും ചിക്കിച്ചികയാനെത്തുന്നവര്‍ അനവധി. അവിടെ ആളുകള്‍ മതം പറഞ്ഞു, രാഷ്ട്രീയം പറഞ്ഞു, പരദൂഷണം വിളമ്പി, അടുപ്പം കൂടി, കൊമ്പുകോര്‍ത്തു... എല്ലാത്തിനും ചായമക്കാനി ഓരം ചേര്‍ന്നുനിന്നു. ചായക്കോപ്പയിലെ കൊടുങ്കാറ്റും പലപ്പോഴും ഇവിടെ നിന്നുണ്ടായി. ഒരു ചായ ചുണ്ടില്‍വച്ച് നാട്ടിലെ എല്ലാ വിശേഷങ്ങളും വാര്‍ത്തകളും പൊടിപ്പും തൊങ്ങലുംവച്ച് തലനാരിഴ കീറി പരിശോധിച്ചു.
രാഷ്ട്രീയം പറഞ്ഞ് കൊമ്പുകോര്‍ത്തു തമ്മിലടിച്ചു. പലപ്പോഴും പകരം വീട്ടുന്നതിനും മക്കാനികള്‍ സാക്ഷിയായി. എന്നത്തെയും വാര്‍ത്താകേന്ദ്രങ്ങളായിരുന്നു മക്കാനികള്‍. നാട്ടില്‍ ഒരു വിവാഹക്കാര്യം ആലോചിച്ചു അന്വേഷണത്തിനെത്തുന്നത് മക്കാനിയിലേക്കു തന്നെ. പിടികിട്ടാപ്പുള്ളിയെത്തേടി പൊലിസ് ഇറങ്ങുന്നതും ഇവിടേക്കാണ്.
പൊലിസുകാരുടെ നിരീക്ഷണകേന്ദ്രങ്ങളായിരുന്നു പണ്ടുകാലത്തെ ചായമക്കാനികള്‍. ഒളിവില്‍ കഴിയുന്നവരെ തേടി വേഷംമാറി പൊലിസ് എത്തും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച കാലത്ത് ഒളിവില്‍ കഴിയുന്നവര്‍ നാട്ടിലെ വിശേഷം അറിഞ്ഞിരുന്നതും വേഷം മാറിവന്നു ചായമക്കാനികളിലിരുന്നായിരുന്നു. പത്രങ്ങള്‍ പ്രചാരത്തിലാകാത്ത കാലത്തും റേഡിയോ വാര്‍ത്തകളുടെ വിളംബരം കേള്‍ക്കാന്‍ നാട്ടുകൂട്ടങ്ങള്‍ എത്തിയിരുന്നതും ചായമക്കാനിയിലാണ്. മരണങ്ങള്‍, നാടുനടുങ്ങിയ ദുരന്തങ്ങള്‍, അധികാരത്തര്‍ക്കങ്ങള്‍, പുതിയ ഉദയങ്ങള്‍, പടിയിറക്കങ്ങള്‍ എല്ലാ ഞെട്ടലുകളും വന്നുവീണതും ഇവിടേക്കുതന്നെ. ഒളിവിലുള്ളവരെ സംരക്ഷിക്കുന്നവരും അവരെ നിരീക്ഷിച്ച് പൊലിസ് പതുങ്ങിയെത്തുന്നതും എല്ലാം മക്കാനികളിലെ പതിവു കാഴ്ചകളായിരുന്നു.
കര്‍ഷക മിത്രം
വയലുകളുടെ ഓരത്തും കടവുകളുടെ തീരത്തുമായിരുന്നു പഴയകാലത്ത് ചായമക്കാനികള്‍ പ്രവര്‍ത്തിച്ചിരുന്നത്. കര്‍ഷക തൊഴിലാളികളെ ഉദ്ദേശിച്ചായിരുന്നു ഇത്. ആദ്യകാലങ്ങളില്‍ ജലഗതാഗതമായിരുന്നല്ലോ നാടിന്റെ യാത്രാമാര്‍ഗങ്ങള്‍. രാവിലെ ഒരു ചായ കുടിച്ച് സൊറപറഞ്ഞ് വലിച്ചുകൊണ്ടിരിക്കുന്ന ബീഡിയോ ചുരുട്ടോ തീയണച്ച് ചെവിയില്‍ തിരുകി, വയലിലേക്കിറങ്ങിയാല്‍ വെയില്‍ ചൂടാകുംമുന്‍പ് കയറും. അതു വീണ്ടും മക്കാനിയിലെ ചായകുടിക്കാനാണ്. പിന്നീട് കുറ്റിബീഡിക്ക് തിരികൊളുത്തി വീണ്ടും വയലിലേക്ക്... കടവത്ത് തോണിക്കാര്‍ക്കും മണല്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമായാണ് മക്കാനികള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഹോട്ടലുകള്‍ക്കു പ്രാധാന്യമേറിയതോടെയാണ് മക്കാനികള്‍ മാഞ്ഞുതുടങ്ങിയത്. നാട്ടിന്‍പുറത്തെ ഒരാളുടെ തൊഴിലിനപ്പുറവും അയാളുടെ കുടുംബത്തിന്റെ വരുമാനത്തിനപ്പുറവും നാട്ടുനന്മയുടെ നേര്‍ക്കാഴ്ചകൂടിയായിരുന്നു ഈ മക്കാനികള്‍.
പടിയിറങ്ങിപ്പോയ കുറിക്കല്യാണം
ഒരുകാലത്ത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ താളംകാത്ത കുറിക്കല്യാണ(പണപ്പയറ്റ്)ത്തിന്റെ കേന്ദ്രങ്ങളും ചായമക്കാനിയായിരുന്നു. മക്കളുടെ വിവാഹങ്ങള്‍ക്ക്, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങാന്‍, വീട് പുതുക്കിപ്പണിയാന്‍, സാധാരണക്കാരന്റെ ധര്‍മസങ്കടങ്ങള്‍ക്കു താങ്ങായി നിന്നു കുറിക്കല്യാണങ്ങള്‍. അതൊരു ആശ്വാസത്തിന്റെ കൈത്താങ്ങായിരുന്നു. പ്രതിസന്ധികളുടെ ജീവിത സമരങ്ങളില്‍ എത്രപേര്‍ക്കാണ് ഈ സാന്ത്വനം പ്രതീക്ഷയുടെ സൂര്യവെളിച്ചം പകര്‍ന്നത്. എത്രയെത്ര ജീവിതങ്ങളാണ് ആവശ്യങ്ങളില്‍ നിന്നും അത്യാവശ്യങ്ങളില്‍ നിന്നും മറുകര താണ്ടിയത്. ഇവ നടത്തപ്പെട്ടിരുന്നതും കുറ്റിക്കല്‍ എഴുത്തുകാരും മക്കാനി നടത്തിപ്പുകാരായിരുന്നു.
പെണ്‍കുട്ടികളുടെ വിവാഹത്തോടനുബന്ധിച്ചാണ് മിക്കവാറും കുറിക്കല്യാണം നടത്തുക. ആദ്യം മക്കാനി ഏര്‍പ്പാടാക്കും. പിന്നീട് സമയം നിശ്ചയിച്ച് ഓരോരുത്തര്‍ക്കും കത്ത് നല്‍കും. വൈകിട്ടാണ് കുറിക്കല്യാണം നടക്കുക. ഓരോരുത്തരും തന്നാലാവുന്നതു നല്‍കി സഹായിക്കുന്നു. പങ്കെടുക്കുന്നവനു ചായയും പലഹാരവും മക്കാനിയില്‍ നിന്നു നല്‍കും. കുറ്റിക്കല്‍ എഴുത്തുകാരാണ് പണം നല്‍കുന്ന ആളുകളുടെ പേരുവിവരങ്ങള്‍ എഴുതിവയ്ക്കുക.
വിശ്വസ്തന്മാരെയാണ് കുറ്റിക്കല്‍ എഴുത്തുകാരായി നിയമിക്കാറുള്ളത്. കുറിക്കല്യാണമെന്ന സഹകരണ വ്യവസ്ഥ സഹായങ്ങളുടെ രീതി മാറിയതോടെ കുറ്റിയറ്റുപോയി. ആണ്ടിലൊരിക്കല്‍ നടത്തപ്പെട്ടിരുന്ന കുറിക്കല്യാണം അതിജീവനത്തിന്റെ വഴിയില്‍ കുറച്ചൊന്നും പേരെയല്ല ആനന്ദത്തിലെത്തിച്ചത്. ഇന്നതു കാലഹരണപ്പെട്ട പദാവലിയാണ്. ഒരിക്കലും വീണ്ടെടുക്കാനാകാത്ത നാട്ടുനന്മയും.
ആലിക്കയുടെ ചായമക്കാനി
തലമുറകള്‍ ചായകുടിച്ചും നെയ്യപ്പം തിന്നും പഴമയുടെ നന്മകളെ അന്വര്‍ഥമാക്കുംവിധം മഞ്ചേരി-കിഴിശ്ശേരി റോഡിലെ പുറ്റമണ്ണയില്‍ ഇപ്പോഴുമുണ്ട് കെ.ടി ആലിക്കയുടെ ചായമക്കാനി.
ഈ മക്കാനിയുടെ അവകാശികളും പറ്റുകാരും മനുഷ്യര്‍ മാത്രമല്ല കാക്കകളും കാടകളും പൂച്ചകളുമൊക്കെയാണെന്ന പ്രത്യേകതയുമുണ്ട്.
ആലിക്കയുടെ ചായയുടെയും നെയ്യപ്പത്തിന്റെയും സ്വാദ് നാട്ടിടവഴികള്‍ കടന്നു കാലത്തെ അതിജീവിക്കുമ്പോള്‍ പൂര്‍വികര്‍ നടന്നെത്തിയ മക്കാനിയിലേക്കു ഇളമുറക്കാരാണ് ഇപ്പോള്‍ വാഹനമോടിച്ച് എത്തുന്നത്.
മഞ്ചേരി-കിഴിശ്ശേരി റോഡിലെ പുറ്റമണ്ണയില്‍ വയലുകള്‍ക്കു അഭിമുഖമായി റോഡിനോടു ഓരംചേര്‍ന്നു ഓടുമേഞ്ഞ ഒറ്റമുറിപ്പീടിക.
സമീപത്ത് മറ്റു കച്ചവടങ്ങളോ ആള്‍ക്കൂട്ടമോ ഇല്ല. മരപ്പലക തുറന്ന് പീടികയുടെ അകത്തുള്ള അലമാരയുടെ ചില്ലുകൂട്ടില്‍ നെയ്യപ്പവും കലത്തപ്പവും കോഴിമുട്ട പുഴുങ്ങിയതും. വാഹനങ്ങളില്‍ എത്തിക്കുന്ന ചായ പലഹാരങ്ങളോ, പായ്ക്കറ്റ് പാലോ നാലുപതിറ്റാണ്ടായിട്ടും ആലിക്ക വാങ്ങാറില്ല. നാടന്‍പാലും വീട്ടിലൊരുക്കിയ പലഹാരങ്ങളുംകൊണ്ടാണ് കച്ചവടം. മക്കാനിക്കു മുന്‍പില്‍ സമാവറില്‍ വെള്ളം എപ്പോഴും തിളച്ചുകൊണ്ടിരിക്കും. ഇതിനുമുകളില്‍ സ്ഥിരം ചായപ്പൊടി നിറച്ച അരിപ്പയില്ല. ആവശ്യക്കാരനു ഗ്ലാസിലേക്ക് ചായപ്പൊടിയിട്ട് ചായ ഉണ്ടാക്കിത്തരും. ഒരാളായാലും പത്തു പേരായാലും നിമിഷനേരം കൊണ്ട് ചായ റെഡി. ചായയുടെ നിറവും രുചിയും കടുപ്പവും ദേശം കടന്നുപോകുന്നു. കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്നും വാഹനമോടിച്ച് ആളുകളെത്തി ചായ കുടിച്ചുമടങ്ങുന്നു.
കര്‍ഷകര്‍ മുതല്‍ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാര്‍ വരെ ഓരോ ദിനവും ഈ ചായപ്പീടികയിലുണ്ടാവും. ഭാര്യ ബള്‍ക്കീസും കുട്ടികളും പുലര്‍ച്ചെ വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങള്‍ മാത്രമാണ് വിതരണത്തിനുള്ളത്. പലഹാരങ്ങളില്‍ മായം ചേര്‍ക്കില്ലെന്നുള്ളതും ആലിക്കയുടെ ശപഥമാണ്.
പതിനെട്ടാം വയസില്‍ അവിലും പപ്പടവും വില്‍പ്പന നടത്തിയാണ് ആലിക്ക ചായക്കടയിലേക്കെത്തുന്നത്. അരിപ്പുട്ട് വില്‍പ്പന കണ്ടാല്‍ പൊലിസ് പിടിക്കുന്ന കാലമായിരുന്നു അത്. പിന്നീടാണ് ചായമക്കാനിയിലേക്കു തിരിഞ്ഞത്. ഓലപ്പുരക്കു ചുവട്ടില്‍ അടുപ്പുണ്ടാക്കി ഓലയും വിറകും കത്തിച്ചായിരുന്നു ആദ്യകാലത്തെ മക്കാനി. അലുമിനീയ പാത്രങ്ങള്‍ക്കു മുന്‍പ് മണ്‍കലത്തിലായിരുന്നു ചായക്കു വെള്ളം തിളപ്പിച്ചിരുന്നത്. ആവശ്യക്കാര്‍ക്കനുസരിച്ച് ഓലക്കൊടി കത്തിച്ച് ചായയുണ്ടാക്കുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. അതാണ് ഓലക്കൊടി ചായ. ഈര്‍ച്ചമില്ലുകള്‍ വന്നതോട മരപ്പൊടിയില്‍ തീ പിടിപ്പിച്ചാണ് ചായ ഉണ്ടാക്കിയിരുന്നത്. ഈര്‍ച്ചപ്പൊടിക്കു ചൂട് ഏറെ നേരം കിട്ടുമെന്നതിനാല്‍ വെള്ളം സമാവറില്‍ തിളപ്പിച്ചുവയ്ക്കാനും കഴിയും. പിന്നീട് മണ്ണെണ്ണ സ്റ്റൗവും ഗ്യാസുമായി. ഞാനിന്നും ഉപയോഗിക്കുന്നത് മണ്ണെണ്ണ സ്റ്റൗ തന്നെയാണെന്ന് ആലിക്ക പറയുന്നു. വന്‍കിട ഹോട്ടലുകള്‍ വന്നതോടെ ചായമക്കാനികള്‍ എല്ലായിടത്തും പൂട്ടിയെങ്കിലും ആലിക്കയുടെ ചായരുചിയറിഞ്ഞ് എത്തുന്നവര്‍ ദിനേന വര്‍ധിക്കുകയാണ്. വന്‍കിട ഹോട്ടലുകള്‍ക്കിടയിലും ആലിക്കയുടെ ചായമക്കാനി വാര്‍ത്തയാകുന്നതും പതിനെട്ടാം വയസില്‍ തുടങ്ങിയ ചായമക്കാനിക്കു മാറ്റം വരുത്താത്തതും അതുകൊ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."