HOME
DETAILS

ബ്രൂണെയുടെ ഭൂമികയില്‍

  
backup
October 29 2016 | 20:10 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%82%e0%b4%a3%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

അപ്രതീക്ഷിതമായിട്ടായിരുന്നു ബ്രൂണെയിലെ വിദ്യാഭ്യാസ കോണ്‍ഫറന്‍സിലേക്കു ക്ഷണം ലഭിച്ചത്. മലപ്പുറം-കോഴിക്കോട് ജില്ലകള്‍ ചേര്‍ത്തുവച്ചതില്‍ നിന്നു നൂറ്റിമുപ്പത് ചതുരശ്ര കിലോമീറ്റര്‍ മൈനസ് ചെയ്ത വിസ്തൃതിയാണ് ബ്രൂണെക്കുള്ളത്. തെക്കു-കിഴക്കനേഷ്യന്‍ മേഖലയിലുള്ള കൊച്ചു മുസ്‌ലിം രാഷ്ട്രം. പൂര്‍ണനാമം ബ്രൂണെ ദാറുസ്സലാം- സമാധാനഗേഹം എന്നര്‍ഥം. തലസ്ഥാനം ബന്ദര്‍ സെറി ബെഗാവന്‍. രാജ്യത്തെ അഞ്ചു തുറമുഖങ്ങളിലൊന്നും ഏറ്റവും വലിയ പട്ടണവുമാണ് ബന്ദര്‍.
ക്രിസ്താബ്ദം പതിമൂന്നാം ശതകം മുതല്‍ രാജവാഴ്ചയാണ് ഇവിടെയുള്ളത്. പതിനാലാം നൂറ്റാണ്ടില്‍ ഒരു രാജാവ് ഇസ്‌ലാം മതം സ്വീകരിച്ച കാരണത്താല്‍ പ്രജകളും മുസ്‌ലിംകളായിത്തീര്‍ന്നു. അങ്ങനെയാണിത് മുസ്‌ലിം രാഷ്ട്രമാകുന്നത്. ഇന്നു ജാതി-മത ഭേദമന്യെ ആര്‍ക്കും സമാധാനപൂര്‍ണമായ ജീവിതം നയിക്കാന്‍ കഴിയുന്ന ഒരു പ്രശാന്തഭൂമികയാണ് ബ്രൂണെ. 1888 മുതല്‍ ബ്രിട്ടീഷ് പ്രൊട്ടക്ടറേറ്റ് (സംരക്ഷിത മേഖല) ആയിരുന്നു. ഒന്‍പതര പതിറ്റാണ്ടു പിന്നിട്ട് 1984 ഫെബ്രുവരി 23നു സ്വാതന്ത്ര്യം നേടി. പ്രകൃതിരമണീയമായ ഭൂമികയാണിത്. 85 ശതമാനവും വനം. പ്രകൃതി സംരക്ഷണത്തിനു മികച്ച പരിഗണന.


412000 ആണ് ഇവിടത്തെ ജനസംഖ്യ-52 ശതമാനം പുരുഷന്മാര്‍, ബാക്കി സ്ത്രീകളും. എന്നാല്‍ മലപ്പുറം-കോഴിക്കോട് ജില്ലകളിലേത് എഴുപത്തിരണ്ടുലക്ഷത്തി നാനൂറ്റിതൊണ്ണൂറ്റി ഒന്‍പതാണ് (2011) എന്നോര്‍ക്കുക. മലായ് ആണ് ഔദ്യോഗിക ഭാഷ; ഇതെഴുതാന്‍ ജാവി ലിപിയാണ് ഇവരുപയോഗിക്കുന്നത്. ഉര്‍ദുവിനോടും പാര്‍സിയോടും സാമ്യമുള്ളൊരു ലിപി. മലായ് ഭാഷക്കു പുറമെ ഇംഗ്ലീഷും ചൈനീസും പ്രയോഗത്തിലുണ്ട്. 17 ശതമാനം ചൈനീസ് വംശജരാണ്. ക്രിസ്ത്യാനികളും ബുദ്ധന്മാരും അവരിലുണ്ട്. ഇന്ത്യന്‍ അടിവേരുകളുള്ള തമിഴ് വംശജരാണ് 12 ശതമാനം. അവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ട്. രാജ്യത്തെ ഔദ്യോഗിക മതം ഇസ്‌ലാമാണ്. ശാഫിഈ മദ്ഹബും അശ്അരീ വിശ്വാസധാരയുമാണ് അവരുടേത്. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ്, കമ്പോഡിയ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവിടങ്ങളിലെ മുസ്‌ലിംകളും ഇങ്ങനെത്തന്നെ.
 നാലു ജില്ലകളായാണ് രാജ്യം വിഭജിക്കപ്പെട്ടിരിക്കുന്നത്. ആദ്യത്തെ മൂന്നും ചുറ്റിക്കറങ്ങാന്‍ എനിക്കവസരം കിട്ടി. പരപ്പനങ്ങാടിയിലെ അശ്‌റഫ്, തിരൂരിലെ ഇഖ്ബാല്‍ എന്നിവരുടെ വാഹനങ്ങളിലായിരുന്നു യാത്ര. വഹാബും ശമീമും സഹയാത്രികരായിരുന്നു. ഒരു ചതുരശ്ര കിലോമീറ്ററില്‍ 71 പേരേ ഇവിടെ താമസിക്കുന്നുള്ളൂ; കേരളത്തിലിത് 859 ആണ്. 77.1 ആണ് ആയുര്‍ദൈര്‍ഘ്യം. വയോവൃദ്ധരായ പൗരന്മാര്‍ വാഹനങ്ങളോടിക്കുന്നതും പള്ളികളിലും മറ്റും സന്നിഹിതരാകുന്നതും സാര്‍വത്രികമാണ്.
ഇസ്‌ലാം മതം, മലായ് സംസ്‌കാരം, പരമ്പരാഗത രാജവാഴ്ച എന്നീ മൂന്നു അടിസ്ഥാനസ്തംഭങ്ങളാണ് രാജ്യത്തിനുള്ളത്. ഇപ്പോഴത്തെ ഭരണസാരഥി പ്രസിഡന്റും പ്രധാനമന്ത്രിയുമായ സുല്‍ത്താന്‍ ഹാജി ഹസന്‍ അല്‍ബുല്‍ഖിയ ആണ്. 71 കാരനായ ഇദ്ദേഹം 1967ല്‍ 21-ാം വയസില്‍ രാഷ്ട്രസാരഥ്യമേറ്റെടുത്തു. 29-ാമത്തെ രാജാവാണിദ്ദേഹം. 1929 മുതല്‍ എണ്ണ ഖനനവും പ്രകൃതിവാതകോല്‍പാദനവും ആരംഭിച്ചു. 2004ല്‍ ഇതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിച്ചിരുന്നു. 1991 ജൂലൈയില്‍ എണ്ണ ഉല്‍പാദനം ഒരുലക്ഷം കോടി ബാരല്‍ പൂര്‍ത്തിയാക്കിയതിന്റെ ഓര്‍മയ്ക്കായി പ്രത്യേക സ്മാരകസ്തൂപം തന്നെ സെറിയ കടല്‍തീരത്ത് പണിതുയര്‍ത്തിയിട്ടുണ്ട്.


പ്രധാന പൊതുചടങ്ങുകളില്‍ സുല്‍ത്താന്‍ പങ്കെടുക്കാറുണ്ട്. എല്ലാ ഈദ് ദിനങ്ങളിലും പാലസില്‍ രാജകീയ സദ്യകള്‍ തയാറാക്കും. ആര്‍ക്കും അവിടെച്ചെന്ന് മൃഷ്ടാന്നഭോജനം നടത്താം. സുല്‍ത്താനെ കാണാം. യൂനിവേഴ്‌സിറ്റികളിലെ ബിരുദദാന ചടങ്ങുകള്‍ക്കു സുല്‍ത്താന്‍ നേരിട്ടുതന്നെ ഹാജരായി സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കാറുണ്ട്.
സമാധാനപൂര്‍ണവും ശാന്തിനിറഞ്ഞതുമായ നാടാണ് ബ്രൂണെ. ഒച്ചപ്പാടും ബഹളവും എങ്ങുമില്ല. വാഹനങ്ങളില്‍ ഹോണ്‍ ഘടിപ്പിക്കപ്പെട്ടിട്ടേയില്ല എന്നാണ് അനുഭവപ്പെടുക. കള്ളമോ ചതിയോ അറിഞ്ഞുകൂടാത്ത ശുദ്ധമനസ്‌കര്‍. മദ്യവും പുകവലിയും നിരോധിച്ചിരിക്കുന്നു. അന്യമതസ്ഥര്‍ക്കു നിയന്ത്രണവിധേയമായി ആകാം. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്; സുല്‍ത്താന്‍ അതീവ സമ്പന്നരിലൊരാളും. ധാരാളം വാഹനങ്ങളും ഫ്‌ളൈറ്റുകളും കുതിരകളും ബുല്‍ഖിയക്കു സ്വന്തമായുണ്ട്. രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം 49536 ഡോളറാണ്. യു.എസ്.എയുടെയും യു.എ.ഇയുടെയും ഫ്രാന്‍സിന്റെയും കുവൈത്തിന്റെയുമൊക്കെ മീതെയാണിത്.


കേരളത്തില്‍നിന്നു അവിടെ ചെന്ന ചില തൊഴിലാളികള്‍ ഏകദേശം നാലു പതിറ്റാണ്ടു മുന്‍പ് ചെങ്കൊടിയേന്തി സമരം ചെയ്യുകയും തന്മൂലം ഇന്ത്യയിലേക്കു നാടുകടത്തപ്പെടുകയുമുണ്ടായി. സുല്‍ത്താന്റെ ആര്‍ദ്രതയും കാരുണ്യവും കൊണ്ട് മാത്രമാണ് വിപ്ലവം തലക്കുപിടിച്ച അവര്‍ സുരക്ഷിതരായി നാടണഞ്ഞത്. പക്ഷെ, മലയാളികള്‍ അതോടെ നോട്ടപ്പുള്ളികളായി. കേരളത്തില്‍ ഇഷ്യൂ ചെയ്ത പാസ്‌പോര്‍ട്ടുകള്‍ക്കു വിസ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായി. ഈ ഭീതി അവരെ കുറേക്കാലം പിടികൂടിയിരുന്നു. ആയിടെ പല മലയാളികളും അന്യസംസ്ഥാനങ്ങളില്‍ പോയി പാസ്‌പോര്‍ട്ടെടുത്താണ് ബ്രൂണെയിലേക്കു പോയത്. പിന്നീട് സാധാരണ നില കൈവരികയുണ്ടായി. നാലര പതിറ്റാണ്ടിലേറെക്കാലമായി ബ്രൂണെയില്‍ ബിസിനസ് നടത്തുന്ന തുവ്വക്കാട് ബാവ ഹാജിയാണ് ചെങ്കൊടിക്കാരുണ്ടാക്കിയ പൊല്ലാപ്പിന്റെ കഥപറഞ്ഞത്.


സെപ്റ്റംബര്‍ 20നു ക്വലാലംപൂരില്‍ നിന്നാണ് ഞാന്‍ യാത്ര തുടര്‍ന്നത്. മമ്പാട് സ്വദേശിയും ബ്രൂണെയില്‍ കോളജ് അധ്യാപകനുമായ മുശറഫിനെ എയര്‍പോര്‍ട്ടില്‍ നിന്നു പരിചയപ്പെട്ടത് ഒരാശ്വാസമായി. വിമാനം ബ്രൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ യൂനിവേഴ്‌സിറ്റി പ്രതിനിധി ബദ്‌ലുര്‍റഹ്മാന്‍ കാത്തുനിന്നിരുന്നു.
മലയാളി സുഹൃത്തുക്കളായ വഹാബ്, ശമീം, അബ്ദുല്‍ മജീദ് തുടങ്ങിയവരും എത്തിയിട്ടുണ്ട്. ഞങ്ങളൊന്നിച്ച് ഗാഡോങ്ങിലുള്ള സുല്‍ത്താന്‍ ശരീഫ് അലി യൂനിവേഴ്‌സിറ്റിയിലേക്കു പോയി. ആദ്യദിവസം ഉച്ചയ്ക്കുശേഷമായിരുന്നു എന്റെ പ്രബന്ധാവതരണം. സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്റ്, ഈജിപ്ത്, ഇന്തോനേഷ്യ, യെമന്‍, സുഡാന്‍, ഫിലിപ്പീന്‍സ്, കമ്പോഡിയ, നൈജീരിയ, മ്യാന്‍മര്‍ തുടങ്ങി വിവിധ നാടുകളിലെ യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കാളികളായിരുന്നു.
യു.ബി.ഡി രാജ്യത്തെ ഉയര്‍ന്ന സെക്യുലര്‍ വിദ്യാപീഠമാണ്. 3,000 വിദ്യാര്‍ഥികളും വിവിധ ഫാക്കല്‍റ്റികളും കോഴ്‌സുകളും ഇവിടെയുണ്ട്. സുല്‍ത്താന്‍ ആണ് ചാന്‍സ്‌ലര്‍. ഒന്നിലേറെ വി.സിമാരുണ്ട്. 21നു ചൊവ്വാഴ്ച ദാറുല്‍ഹുദാ മീറ്റിങ്ങിനും അവര്‍ അജന്‍ഡ നിശ്ചയിച്ചിരുന്നു.
അസിസ്റ്റന്റ് വൈസ് ചാന്‍സ്‌ലറും ഗ്ലോബല്‍  അഫേഴ്‌സ് വൈസ് പ്രിസിഡന്റുമായ ഡോ. ജോയ്‌സ് തിയോ സ്യൂയിനുമായിട്ടായിരുന്നു ഞങ്ങളുടെ അഭിമുഖം.


സുല്‍ത്താന്‍ ഉമര്‍അലി സൈഫുദ്ദീന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് യു.ബി.ഡിയിലെ ഇസ്‌ലാമിക വിഭാഗമാണ്. സൊയാസിസ് (ടഛഅടഇകട) എന്ന ചുരക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്. അവിടെ ഞങ്ങള്‍ ചുറ്റിക്കണ്ടു. സെന്ററിലെ അപ്ലൈഡ് കംപാരറ്റീവ് തഫ്‌സീറില്‍ അഞ്ചു വര്‍ഷത്തിലധികമായി അധ്യാപന സേവനം ചെയ്യുന്ന പ്രൊഫ. ഡോ. ജിബ്‌രീല്‍ ഫുആദ് ഹദ്ദാദ് ഞങ്ങളെ പ്രത്യേകം സ്വീകരിച്ചു. ലബനാനിലെ ക്രിസ്തീയ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം പിന്നീട് ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. വിശുദ്ധ ഖുര്‍ആനിലും തിയോളജിയിലും ഉപരിപഠനം നടത്തി അമേരിക്കയില്‍ ജോലിനോക്കിയിട്ടുണ്ട്.  ജര്‍ഡോങ്ങിലെ ദക്ഷിണ ചൈനാ കടല്‍തീരത്തു തലയുയര്‍ത്തി നില്‍ക്കുന്ന യു.ബി.ഡിയില്‍ നിന്നു സസന്തോഷം യാത്ര പറഞ്ഞിറങ്ങി.
സുല്‍ത്താന്‍ ശരീഫ് അലി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ 22നു വ്യാഴാഴ്ച രാവിലെ പത്തു മണിക്കായിരുന്നു സന്ദര്‍ശനം.
യുനീസയിലെ കോണ്‍ഫറന്‍സ് ചേംബറിലായിരുന്നു മീറ്റിങ്. ദാറുല്‍ ഹുദായെ പ്രതിനിധീകരിച്ച് ഞാനും തുവ്വക്കാട് എന്‍.കെ അബ്ദുല്‍ മജീദ്, കണ്ണിയന്‍ മുശറഫ് മമ്പാട്, വേങ്ങര വഹാബ്, പള്ളിപ്പുറം മുഹമ്മദ് ശമീം, പോത്തനൂര്‍ കെ.എം ബശീര്‍ എന്നിവരും പങ്കെടുത്തു. റെക്ടര്‍ പ്രൊഫ. ഡോ. നൂര്‍ ഇര്‍ഫാന്‍ ബിന്‍ ഹാജി സൈനല്‍, ഡെപ്യൂട്ടി റെക്ടര്‍ ഡോ. മുഹമ്മദ് ഹുസൈന്‍ അഹ്മദ്, ഇന്റര്‍ നാഷനല്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ മുഹമ്മദ് സമ്മലി എന്നിവരായിരുന്നു യുനീസ പ്രതിനിധികള്‍. അവരുടെ ഓഫിസ് തയാറാക്കിവച്ച മെമോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങ്ങില്‍ (അക്കാദമിക ധാരണപത്രം) ഇരു വാഴ്‌സിറ്റികളുടെയും മേധാവികള്‍ ഒപ്പുവച്ച് പരസ്പരം കൈമാറി. അതോടെ യൂനീസയുമായി കരാര്‍ ഒപ്പിട്ട ആദ്യ ഇന്ത്യന്‍ സര്‍വകലാശാല ദാറുല്‍ ഹുദയായി. കേരളത്തിലെ പല പ്രമുഖ ദിനപത്രങ്ങളുമെന്നപോലെ ബ്രൂണെ ടൈംസ്, ബോര്‍ണിയോ ബുള്ളറ്റിന്‍ തുടങ്ങി അവിടത്തെ പല ദിനപത്രങ്ങളും ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
യുനീസയില്‍ നിന്നു ഞങ്ങള്‍ മുഫ്തിയുടെ ആസ്ഥാന മന്ദിരത്തിലേക്കാണു പോയത്. ഹാജി അവാങ് അബ്ദുല്‍ അസീസ് ബിന്‍ ജുനൈദ് ആണ് ഇപ്പോഴത്തെ ഗ്രാന്റ് മുഫ്തി. അദ്ദേഹവുമായുള്ള ഒരുകൂടിക്കാഴ്ചക്കു ഏര്‍പ്പാട് ചെയ്തിരുന്നു.
എന്നാല്‍ ഞങ്ങള്‍ അവിടത്തെ വിശുദ്ധ ഖുര്‍ആന്‍ മ്യൂസിയം കാണാന്‍ പോയി. വിവിധ നൂറ്റാണ്ടുകളില്‍ തയാറാക്കപ്പെട്ട വ്യത്യസ്ത ലിപികളിലും രൂപങ്ങളിലുമുള്ള വിശുദ്ധഗ്രന്ഥത്തിന്റെ പ്രതികള്‍ അവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതു കണ്ടുകഴിഞ്ഞപ്പോഴേക്കും പെട്ടെന്നുണ്ടായ ഒരു പരിപാടിക്കായി മുഫ്തി സ്ഥലം വിടുകയാണുണ്ടായത്.


യുനീസയിലെ ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറും യമനീ പണ്ഡിതനും  പ്രവാചക കുടുംബാംഗവുമായ ഡോ. സയ്യിദ് അബ്ദുല്‍ ഹമീദ്  അലി അല്‍ മഹ്ദലി അല്‍ അഹ്ദല്‍ തങ്ങളെ നേരില്‍ പരിചയപ്പെടാനും അടുത്തു ബന്ധപ്പെടാനും അവസരം ലഭിച്ചു.
നാലുവര്‍ഷം മുന്‍പു തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നടത്തിയ ഹദീസ് സെമിനാറിലേക്കു അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. പ്രബന്ധം സമര്‍പ്പിക്കുകയും ചെയ്തു. പക്ഷേ, എത്താന്‍ കഴിഞ്ഞില്ല. ആ പ്രബന്ധം യൂനിവേഴ്‌സിറ്റി വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരുസമയം തന്റെ വീട്ടില്‍ വന്നുഭക്ഷണം കഴിച്ചേ തീരൂ എന്നദ്ദേഹത്തിനു നിര്‍ബന്ധം. അങ്ങനെ വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ഞങ്ങള്‍ നാലു മലയാളികള്‍ക്കു അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ലഞ്ച്. അദ്ദേഹത്തിന്റെ ചില ഗ്രന്ഥങ്ങള്‍ ദാറുല്‍ ഹുദാ ലൈബ്രറിയിലേക്കു തരികയും ചെയ്തു.
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago