ഹിലരി ഇ-മെയില്‍ കുരുക്കില്‍
കേസ് പുനരന്വേഷിക്കുമെന്ന് എഫ്.ബി.ഐ
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ശേഷിക്കെ, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് എതിരേയുള്ള ഇ-മെയില്‍ വിവാദം പുനരന്വേഷിക്കാന്‍ എഫ്.ബി.ഐ തീരുമാനം. ട്രംപിനെതിരേ ജനപ്രീതിയില്‍ മുന്നേറുന്ന ഹിലരിക്ക് തിരിച്ചടിയാണ് എഫ്.ബി.ഐയുടെ നടപടി. എന്നാല്‍ സത്യം പുറത്തുവരട്ടെയെന്നും എഫ്.ബി.ഐക്ക് തന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം വൈകാതെ നല്‍കുമെന്നും ഹിലരി അറിയിച്ചു. അമേരിക്കക്കാര്‍ക്ക് വിവാദം സംബന്ധിച്ച സത്യാവസ്ഥ വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഹിലരി ക്ലിന്റന്‍ സ്വകാര്യ ഇ-മെയിലുകള്‍ ഉപയോഗിച്ച് ഔദ്യോഗിക ആശയവിനിമയം നടത്തിയെന്നാണ് പരാതി. താന്‍ സ്വകാര്യ മെയില്‍ ഔദ്യോഗിക ആവശ്യത്തിനു ഉപയോഗിച്ചത് നേരത്തെ ഹിലരി സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഹിലരിയുടെ പേരില്‍ സ്വകാര്യ സെര്‍വറില്‍ മറ്റൊരു ഇ-മെയില്‍ അക്കൗണ്ടുകൂടി കണ്ടെത്തിയതോടെയാണ് എഫ്.ബി.ഐ പുനരന്വേഷണം പ്രഖ്യാപിച്ചത്.
2009 മുതല്‍ 2013 വരെയുള്ള കാലത്ത് ഹിലരി സ്റ്റേറ്റ് സെക്രട്ടറിയായപ്പോഴാണ് വിവാദത്തില്‍ അകപ്പെട്ടത്. അമേരിക്കയില്‍ വാട്ടര്‍ഗേറ്റിനു ശേഷം നടക്കുന്ന വലിയ രാഷ്ട്രീയ വിവാദമാണ് ഇ-മെയില്‍ കേസ്.
ഹിലരി ക്ലിന്റന്റെ അടുത്ത സഹായി ഹുമ അബ്ദിന്റെ മുന്‍ ഭര്‍ത്താവിന്റെ ഇ-മെയില്‍ സെര്‍വറുകള്‍ പരിശോധിച്ചപ്പോഴാണ് ഹിലരിയുടെ ഇ-മെയിലുകള്‍ എഫ്.ബി.ഐക്ക് ലഭിച്ചത്. ഇതാണ് ഹിലരിക്ക് തിരിച്ചടിയായത്. മെയിലുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി അറിയിച്ചു.
ഇക്കാര്യം അറിയിച്ച് കോമി യു.എസ് കോണ്‍ഗ്രസിന് കത്തയച്ചു. രഹസ്യ സ്വഭാവമുള്ള മെയിലുകളാണോ എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിനു ശേഷമേ പറയാനാവൂ എന്ന് എഫ്.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ എഫ്.ബി.ഐയുടെ നടപടിയെ സ്വാഗതം ചെയ്ത് ട്രംപ് രംഗത്തെത്തി. അയോവയില്‍ നടന്ന റാലിയില്‍ സംസാരിക്കവെ എല്ലാവരും കാത്തിരുന്ന നീതിയാണ് പുലരാന്‍ പോകുന്നതെന്ന് ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."