സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ്: എറണാകുളം കുതിപ്പ് തുടരുന്നു
കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ എറണാകുളം കുതിപ്പ് തുടരുന്നു. നിലവിലെ ചാംപ്യന്‍മാരായ പാലക്കാടിനെ ബഹുദൂരം പിന്തളളിയാണ് 303 പോയിന്റുകളുമായി എറണാകുളം കിരീടത്തിലേക്ക് കുതിക്കുന്നത്. തൊട്ടുപിന്നിലായി 263 പോയിന്റുകളുമായി പാലാക്കാടുമുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച് കോട്ടയവും 255 പോയിന്റുകളോടെ തൊട്ടുപിന്നിലുണ്ട്. 224 പോയിന്റുകള്‍ നേടി തിരുവനന്തപുരം നാലാമതും 171 പോയിന്റുകളോടെ തൃശൂര്‍ അഞ്ചാമതും 170 പോയിന്റുകളോടെ കോഴിക്കോട് ആറാം സ്ഥാനത്തും തുടരുന്നു.
ഇന്നലെ ഒന്‍പത് പുതിയ റെക്കോര്‍ഡുകളാണ് പിറന്നത്. മേളയില്‍ ഇതുവരെ പതിമൂന്നു റെക്കോര്‍ഡുകളാണ് പിറന്നത്. 14 വര്‍ഷം പഴക്കമുളള ലോംഗ് ജംപ് റെക്കോര്‍ഡ് തകര്‍ത്തു പാലക്കാടിന്റെ ശ്രീശങ്കര്‍ ഇന്നലെ താരമായി. 2002 ല്‍ കൊല്ലത്തിന്റെ കെ.ജെ ക്ലിന്റണ്‍ സ്ഥാപിച്ച 7.18 മീറ്ററിന്റെ റെക്കോര്‍ഡ് 7.62 മീറ്ററാക്കി തിരുത്തി ശ്രീശങ്കര്‍ പുതിയ ദൂരം കുറിച്ചു. പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്് ടു വിദ്യാര്‍ഥിയാണ് ശ്രീശങ്കര്‍.
16 വയസിന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോടിന്റെ അപര്‍ണ റോയ് പുതിയ മീറ്റ് റെക്കോര്‍ഡ് ഇട്ടു. ഈ ഇനത്തില്‍ ഇടുക്കിയുടെ ടി.എസ് ആര്യ 2010ല്‍ സ്ഥാപിച്ച 14.67 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് 14.57 ആക്കി അപര്‍ണ തകര്‍ത്തത്. 16 വയസിന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ ആതിഥേയരുടെ കെസിയ മറിയം ബെന്നി പുതിയ റെക്കോര്‍ഡ് കുറിച്ചു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തിന്റെ മേഖ മറിയം മാത്യു സ്ഥാപിച്ച 11.89 മീറ്റര്‍ റെക്കോര്‍ഡാണ് കെസിയ 12.01 മീറ്ററാക്കി തിരുത്തിയത്. 18 വയസിന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റിപ്പീള്‍ ചെയ്‌സില്‍ കോട്ടയത്തിന്റെ നിബിയ ജോസഫ് പുതിയ റെക്കോര്‍ഡ് കണ്ടെത്തി. പാലക്കാടിന്റെ വി.ആര്‍ രേഷ്മ സ്ഥാപിച്ച 7.44.99 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് തകര്‍ന്നത്. 18 വയസില്‍ താഴെ പ്രായമുളള പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ സ്വന്തം നാട്ടുക്കാരിയുടെ റെക്കോര്‍ഡ് തിരുത്തിയാണ് നിവ്യ ആന്റണി താരമായത്. പാലക്കാടിന്റെ സിഞ്ജു പ്രകാശ് 2011 ല്‍ സ്ഥാപിച്ച 3.35 മീറ്റര്‍ ഉയരമാണ് നിവ്യക്ക് മുന്നില്‍ വഴിമാറിയത്. 18 വയസില്‍ താഴെ പ്രായമുളള പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ മേഖാ മറിയം മാത്യു പുതിയ റെക്കോര്‍ഡിനുടമയായി. 2008 ല്‍ കൊല്ലത്തിന്റെ ശരണ്യ ജെ സ്ഥാപിച്ച 12.75 മീറ്റര്‍ ദൂരം 13.16 മീറ്ററാക്കി തിരുത്തിയാണ് മേഖ നേട്ടത്തിനുടമയായത്. 16 വയസിന് താഴെ പ്രായമുളള ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ നിഷാന്ത് ഡി.കെ പുതിയ റെക്കോര്‍ഡ് തീര്‍ത്തു. 18 വയസിന് താഴെ പ്രായമുളള ആണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ തിരവനന്തപുരത്തിന്റെ അശ്വിന്‍ ആന്റണി പുതിയ റെക്കോര്‍ഡിന് ഉടമയായി. ഈ ഇനത്തില്‍ 6.4.76 സെക്കന്‍ഡാണ് അശ്വിന്‍ കുറിച്ചത്. 20 വയസിന് താഴെ പ്രായമുളള ആണ്‍കുട്ടികളുടെ പതിനായിരം മീറ്റര്‍ നടത്തത്തില്‍ തോമസ് എബ്രഹാം പുതിയ മീറ്റ് റെക്കോര്‍ഡ് കുറിച്ചു. 46.59.70 സെക്കന്‍ഡിലാണ് തോമസ് റെക്കോര്‍ഡ് കുറിച്ചത്. 20 വയസിന് താഴെ പ്രായമുളള ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ എറണാകുളത്തിന്റെ അമല്‍ പി രാഘവ് 48.41 മീറ്റര്‍ എറിഞ്ഞ് പുതിയ ദൂരം താണ്ടി. മേള ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."