ലക്ഷദ്വീപില്‍ 3454 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രം
കൊച്ചി:ലക്ഷദ്വീപില്‍ ഒരു വര്‍ഷമായി മുടങ്ങിക്കിടന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഒരുമാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. എന്നാല്‍ എല്ലാവിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യില്ല. ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമെ നല്‍കൂവെന്ന് ഉത്തരവില്‍ പറയുന്നു.
വിവിധ സ്‌കൂളുകളിലായി 5,832 വിദ്യാര്‍ഥികള്‍ക്കും ദ്വീപിന് പുറത്ത് പഠനം നടത്തുന്ന 2,025 വിദ്യാര്‍ഥികള്‍ക്ക് കൊച്ചിയിലുമാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തിരുന്നത്. ഒരുവര്‍ഷമായി ഫണ്ടിന്റെ അപര്യാപ്തത,ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു.
ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് സ്‌കോളര്‍ഷിപ്പ് ഒരുമാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ ഉത്തരവിറക്കിയത്. ദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന സ്‌കോളര്‍ഷിപ്പ് ഏതാണ്ട് പകുതിയോളംപേര്‍ക്ക് ലഭ്യമാകില്ലെന്ന സൂചനയാണ് ഉത്തരവ് നല്‍കുന്നത്. ലക്ഷദ്വീപില്‍ 3,334 വിദ്യാര്‍ഥികള്‍ക്കും കൊച്ചിയില്‍ 1,066 വിദ്യാര്‍ഥികള്‍ക്കുമാണ് ആധാര്‍കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നത്.
കേന്ദ്രഭരണ പ്രദേശമായ ദ്വീപ് 1952 മുതല്‍ ഭൂമിശാസ്ത്രപരമായി പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസത്തിനായി എല്ലാ ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നത്.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 600 രൂപയും 11,12 ക്ലാസുകളിലുള്ളവര്‍ക്ക് 950 രൂപ വീതവുമാണ് ജില്ലാപഞ്ചായത്ത് വഴി പ്രതിമാസം നല്‍കിയിരുന്നത്.
ബിരുദ,ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് 1500രൂപ മുതലാണ് നല്‍കിയിരുന്നത്. തുക നല്‍കുന്നതിന്റെ സൗകര്യാര്‍ഥം ഇത് പലപ്പോഴും മൂന്ന് ഗഡുക്കളായാണ് നല്‍കിയിരുന്നത്.
കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ തുക വര്‍ധിപ്പിക്കാനും നടപടികളാരംഭിച്ചിരുന്നു. ലക്ഷദ്വീപിന് പുറത്ത് കേരളത്തിലെ വിവിധ ജില്ലകളിലും ബംഗളൂരു പോലുള്ള ഐ.ടി നഗരങ്ങളിലും പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പ് വിതരണം നിലയ്ക്കുന്നതോടെ കടുത്ത പ്രതിസന്ധിയിലാകും.
ഹോസ്റ്റല്‍ ഫീസ്, ട്യൂഷന്‍ ഫീസ് ഇനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ദ്വീപ് വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിവരുന്നുണ്ടെങ്കിലും ഇത് പലപ്പോഴും കുഴഞ്ഞുമറിയാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
എറണാകുളത്തെ ഒരു പ്രമുഖ കോളജ് ഹോസ്റ്റലില്‍ കൃത്യസമയത്ത് ഫീസ് അടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ഇറക്കിവിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന സ്‌കോളര്‍ഷിപ്പ് ഒരുമാസത്തിനുള്ളില്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത എത്രത്തോളം ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."