പ്രതിയായ ഏരിയാ സെക്രട്ടറി മുന്‍കൂര്‍ ജാമ്യം തേടി; സി.പി.എം ജില്ലാനേതൃത്വം പ്രതിരോധത്തില്‍
കൊച്ചി: തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കളമശ്ശേരി ഏരിയാസെക്രട്ടറിയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വി.എ. സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.
കേസില്‍ ഒളിവില്‍ പോയ സക്കീര്‍ ഹുസൈന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഏരിയാ സെക്രട്ടറി ഒളിവില്‍ പോയ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ചുമതല കെ.എന്‍ രാധാകൃഷ്ണന്‍, അപ്പുക്കുട്ടന്‍, എ.എം യൂസുഫ് എന്നിവരടങ്ങുന്ന മൂന്നംഗ ഏരിയാ സെന്ററിനെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി. പാര്‍ട്ടി ഓഫിസിന്റെ താല്‍ക്കാലിക ചുമതല എ.എം യൂസുഫിനും കൈമാറി.
സക്കീറിന് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് വ്യക്തമാക്കിയ പൊലിസ് പ്രതി നാടുവിട്ടതായിട്ടാണ് അനുമാനിക്കുന്നത്. പ്രതിക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടിസ് തിങ്കളാഴ്ച പുറപ്പെടുവിക്കാനും പൊലിസ് നീക്കമുണ്ട്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ പറ്റുന്നില്ലെന്നാണ് പൊലിസിന്റെ വിശദീകരണം.
എന്നാല്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം എടുക്കുന്നതുവരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നതിനുള്ള പൊലിസിന്റെ തന്ത്രം മാത്രമാണ് ഒളിവിലെന്ന വിശദീകരണമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായിട്ടും നടപടി ഉടന്‍ വേണ്ടെന്ന തീരുമാനം പാര്‍ട്ടി ജില്ലാനേതൃത്വം സ്വീകരിച്ചിരിക്കുന്നതും.
എന്നാല്‍ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറി പി.രാജീവിന്റെ അടുത്തയാളുമായ ഏരിയാ സെക്രട്ടറി ക്രിമിനല്‍കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒളിവില്‍ പോകേണ്ടിവന്നിരിക്കുന്നത് പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ജില്ലാ സെക്രട്ടറിക്കും ഔദ്യോഗിക നേതൃത്വത്തിനുമെതിരേ അടിക്കാനുള്ള വടി വിമതപക്ഷത്തിന് ലഭിച്ചുവെന്നതിനേക്കാള്‍ ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടി നേതാവ് ഗുണ്ടാസംഘവുമായി ബന്ധപ്പെട്ടുവെന്നത് തിരിച്ചടിയായിരിക്കുകയാണ്. ഒന്നരവര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പേരില്‍ ഇപ്പോള്‍ പുതിയ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് ദുരുദ്ദേശപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി ഇതിനെ പ്രതിരോധിക്കുന്നത്. ഇതുതന്നെയാണ് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ ഉന്നയിക്കുന്നതും. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു വനിതാ സംരംഭകയെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ഡി.വൈ.എഫ്.ഐ നേതാവ് സിദ്ദിഖിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാനുള്ള നീക്കം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ക്കൊപ്പം ചേര്‍ന്ന് മറ്റൊരു വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഏരിയാ സെക്രട്ടറി തന്നെ ഒന്നാം പ്രതിയായി മാറുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പേരില്‍ ഭീഷണിമുഴക്കിയെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പൊലിസിന് കൈമാറിയതെന്നതും പരാതി മുഖ്യമന്ത്രി പൊലിസിന് കൈമാറുമ്പോള്‍ ഇക്കാര്യം ജില്ലാ നേതൃത്വത്തോട് സൂചിപ്പിക്കുക കൂടി ചെയ്തില്ലെന്നതും ജില്ലാ നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. പരാതിയും അനുബന്ധരേഖകളും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ച ശേഷമാണ് ഏരിയാ സെക്രട്ടറി യെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ഈ സാഹചര്യത്തില്‍ പൊലിസിന്റെ നടപടിയെ പൂര്‍ണമായി തള്ളിപ്പറയാനും ജില്ലാ നേതൃത്വത്തിന് കഴിയുകയില്ല.
അതുകൊണ്ടു തന്നെ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നില്ലെങ്കില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീറിനെ നീക്കാനുള്ള നടപടിയും നാലിന് ചേരുന്ന ജില്ലാ കമ്മിറ്റിയോഗത്തില്‍ ഉണ്ടാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേരുന്ന ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും അതുകൊണ്ട് തന്നെ നിര്‍ണായകമാണ്. ഇതിനിടെ പരാതിക്കാരനായ വ്യവസായി ജൂഡി പൗലോസിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും ഭീഷണിപ്പെടുത്തിയതായി തനിക്കറിയില്ലെന്നും വ്യക്തമാക്കി ജൂഡിയുമായി തര്‍ക്കമുണ്ടായിരുന്ന ബിസിനസ് പങ്കാളി ഷീല തോമസിനെ രംഗത്തിറക്കി പ്രതിരോധിക്കാനും സി.പി.എം നീക്കം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."