മാനദണ്ഡങ്ങള്‍ മറികടന്ന് വികലാംഗ നിയമനം
കോടതി ഉത്തരവ് നോക്കുകുത്തിയാകുന്നു
തലശ്ശേരി: സംസ്ഥാനത്തെ വികലാംഗ സ്‌പെഷല്‍ റിക്രൂട്ട്മന്റുകളില്‍ വ്യാപകക്രമക്കേടെന്ന് പരാതി. ഭരിക്കുന്നവരുടെ ഇഷ്ടാനുസരം അര്‍ഹതയുള്ളവരെ തഴഞ്ഞ് പിന്‍വാതില്‍ വഴി നിയമിക്കുന്നുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. 1995ലെ വികലാംഗ നിയമത്തിലെ 36 വകുപ്പ് പ്രകാരം മൂന്നുശതമാനം വികലാംഗ സംവരണം ജനറല്‍ റിക്രൂട്ട്‌മെന്റ് ലിസ്റ്റില്‍ നിന്നും (1 -34 - 67 )ടേണ്‍ പ്രകാരം 1996 ലെ ബാക്ക് ലോഗ് ലിസ്റ്റ് അനുസരിച്ച് നികത്തണമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെ കേരളത്തില്‍ ഇതു പി. എസ്. സിയും സംസ്ഥാനസര്‍ക്കാരും അട്ടിമറിക്കുന്നുവെന്നാണ് ആക്ഷേപം.
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ തന്നെ പരീക്ഷ ഒഴിവാക്കി പ്രത്യേക ഇന്റര്‍വ്യൂ മാത്രം നടത്തി തങ്ങള്‍ക്കു താല്‍പര്യമുള്ളവരേയും സ്വന്തക്കാരേയും നിയമിക്കുന്നുവെന്നാണ് പരാതി. ഇന്റര്‍വ്യൂ നടത്തുന്ന പി.എസ്.സി അംഗങ്ങള്‍ക്ക് വന്‍ തുകകള്‍ നല്‍കി ഉന്നത തസ്തികകളില്‍ പലരും നിയമനം നേടുകയും സര്‍വിസില്‍ തുടരുകയും ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. ഹോമിയോപ്പതി വിഭാഗം മെഡിക്കല്‍ ഓഫിസര്‍ തസ്തികകളിലേക്ക് ജനറല്‍ ലിസ്റ്റില്‍ മതിയായ വികലാംഗ വിദ്യാര്‍ഥികള്‍ നിലനില്‍ക്കെ അവരെ ഒഴിവാക്കി പത്തനംതിട്ട ജില്ലയിലെ യു.ഡി.എഫ് അനുഭാവിയില്‍ ഒരാളേയും കോഴിക്കോട് ഇതേ മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയിലെ ഒരാളേയും ഈ രീതിയില്‍ നിയമിച്ചിട്ടുണ്ട്. ഇങ്ങനെ നിയമിക്കപ്പെടുന്ന തസ്തികകള്‍ ഗസറ്റഡ് റാങ്കുകളില്‍ ഉള്‍പ്പെടുന്നവയാണ്.
പി.എസ്.സി പരീക്ഷയെഴുതി ജയിക്കാതെ കേവലം ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ ഉന്നതപദവികളില്‍ നിയമനം ലഭിക്കുന്നത്. നേരത്തെ കോടതി വിധി നടപ്പാക്കാതിരിക്കാന്‍ ഡിവിഷന്‍ ബഞ്ചില്‍ കേരളം അപ്പീല്‍ നല്‍കിയിരുന്നു. 2016 ജനുവരിയില്‍ ഹൈക്കോടതി കേരള സര്‍ക്കാരിന്റെ അപ്പീല്‍ നിരുപാധികം തള്ളുകയും സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം നിയമനം നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
പിന്നീട് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമുള്ള സംവരണ നിയമങ്ങള്‍ നടപ്പിലാക്കാന്‍ മൂന്നുമാസത്തെ സമയം ചോദിച്ച് കോടതിയെ സമീപിച്ചെങ്കിലും രണ്ട് മാസത്തെ സമയം അനുവദിച്ചതിന്റെ കാലാവധി ഈ മാസം 18 ന് അവസാനിക്കുകയും ചെയ്തു. വീണ്ടും രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും രണ്ടു ദിവസത്തിനകം മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെടുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."