ലീഗ് വിളിച്ചുചേര്‍ത്ത ശരീഅത്ത് സംരക്ഷണ യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുത്തില്ല
കോഴിക്കോട്: മുസ്‌ലീംലീഗ് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത ശരീഅത്ത് സംരക്ഷണ യോഗത്തില്‍ നിന്നും കാന്തപുരം വിഭാഗം വിട്ടു നിന്നു. കേരളത്തിലെ മുഴുവന്‍ മുസ്‌ലിം മതസംഘടനാ പ്രതിനിധികളും ഒരുമിച്ച് ചേര്‍ന്ന യോഗത്തില്‍ കാന്തപുരം വിഭാഗത്തില്‍ നിന്നും ആരും പങ്കെടുത്തില്ല.
ലീഗ് നേതൃത്വം ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും യോഗത്തില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഹജ്ജ് ക്യാംപ് ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടെ കാന്തപുരം മുജാഹിദ് വിഭാഗങ്ങള്‍ക്കൊപ്പം വേദി പങ്കിട്ടിരുന്നു. എന്നാല്‍ ശരീഅത്ത് വിഷയത്തില്‍ മുസ്‌ലിം സംഘടനകള്‍ ഒന്നിക്കാനുള്ള ശ്രമത്തില്‍ നിന്ന് കാന്തപുരം വിഭാഗം പിന്മാറിയതില്‍ അണികളില്‍ നിന്നു തന്നെ വ്യാപക അമര്‍ഷമുയരുന്നുണ്ട്.
കേന്ദ്ര നിയമവകുപ്പ് മുത്വലാഖ് ഉള്‍പ്പെടെയുള്ള ശരീഅത്ത് നിയമങ്ങളില്‍ ഭേദഗതികളുമായി ബന്ധപ്പെട്ടു ചോദ്യാവലി പുറത്തിറക്കിയ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ഓള്‍ ഇന്ത്യാ പേഴ്‌സണല്‍ ലോ ബോര്‍ഡ് നടത്തുന്ന ഏക സിവില്‍കോഡിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ഇന്നലെ കോഴിക്കോട് യോഗം ചേര്‍ന്നത്. എന്നാല്‍ ഇതിനു തുരങ്കം വയ്ക്കുന്ന നിലപാടാണ് കാന്തപുരം സ്വീകരിച്ചിരിക്കുന്നത്. ഏക സിവില്‍കോഡ് വിഷയത്തില്‍ ചില പ്രസ്താവനകള്‍ നടത്തിയതല്ലാതെ കൃത്യമായ ഇടപെടല്‍ നടത്താന്‍ കാന്തപുരം ഇതുവരെ തയാറായിട്ടില്ല. പല മുസ്‌ലിം വിഷയങ്ങളിലും മോദി സര്‍ക്കാറിന് അനുകൂലമായ നിലപാടു സ്വീകരിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കേ ശരീഅത്ത് സംരക്ഷണത്തിനായി ചേര്‍ന്ന യോഗത്തില്‍ നിന്നും കാന്തപുരം വിട്ടു നിന്നതില്‍ ദൂരൂഹതയേറുന്നുണ്ട്.
ശരീഅത്ത് വിഷയത്തില്‍ മുസ്‌ലിം സംഘടനകള്‍ ഒന്നിച്ചപ്പോഴൊക്കെ നിസ്സഹകരിക്കുന്ന നിലപാടായിരുന്നു കാന്തപുരം എന്നും സ്വീകരിച്ചിരുന്നത്. 1984 ല്‍ സുപ്രീംകോടതി ശരീഅത്തിനെതിരേ വിധിപറഞ്ഞപ്പോള്‍ ലോകസഭയില്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടു ഓള്‍ ഇന്ത്യാ പേഴ്‌സണല്‍ ലോബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയില്‍ ഉടനീളം പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്ട് നടന്ന യോഗത്തില്‍ അന്നത്തെ സമസ്ത ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അബുല്‍ ഹസന്‍ അലി നദ്‌വിക്കൊപ്പം വേദി പങ്കിട്ടപ്പോള്‍ പുത്തന്‍ വാദികള്‍ക്കൊപ്പം വേദിപങ്കിട്ടെന്നു പറഞ്ഞു പുതിയ സംഘടനയുണ്ടാക്കിയ അതേ നിലപാട് തന്നെയാണ് കാന്തപുരം ഇപ്പോഴും സ്വീകരിക്കുന്നത്.
പിന്നീട് കേരളത്തില്‍ നടന്ന മുസ്‌ലിം സംഘടനകളുടെ പല സംയുക്ത യോഗത്തിലും കാന്തപുരം വിഭാഗം പങ്കെടുത്തിരുന്നെങ്കിലും ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം അദ്ദേഹം വിട്ടു നില്‍ക്കുകയായിരുന്നു. ശരീഅത്ത് വിഷയത്തിലുള്ള മതസംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുക വഴി 1984 ലെ സംഭവങ്ങളെ അണികള്‍ക്കു മുന്നില്‍ ന്യായീകരിക്കാന്‍ കഴിയാതെവരുമോ എന്ന ആശങ്കയും കാന്തപുരത്തിന്റെ വിട്ടു നില്‍ക്കലില്‍ ഉണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."