കണ്ണൂരില്‍ വീണ്ടും അടര്‍ത്തിമാറ്റല്‍ രാഷ്ട്രീയം അസംതൃപ്തരായ ബി.ജെ.പി നേതാക്കളെ ചൂണ്ടയിടാന്‍ സി.പി. എം
കണ്ണൂര്‍: അസംതൃപ്തരായ ബി.ജെ.പി നേതാക്കളെ ചൂണ്ടയിട്ടുപിടിക്കാന്‍ സി.പി. എം- ബി.ജെ.പി ദേശീയസമിതിയംഗം ഒ.കെ വാസു, ജില്ലാ ജനറല്‍ സെക്രട്ടറി എ. അശോകന്‍, ബൗദ്ധിക് പ്രചാരക് സുധീഷ് മിന്നി എന്നിവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതിനു പിന്നാലെയാണ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില നേതാക്കളെ കണ്ണൂരിലെ സി. പി. എം ലക്ഷ്യമിടുന്നത്.
ഇതിലൂടെ രാഷ്ട്രീയമുന്നേറ്റം കൈവരിക്കാനും സംഘ്പരിവാറിന്റെ യഥാര്‍ഥ മുഖം കൊണ്ടുവരാനും കഴിയുമെന്നാണ് സി.പി. എം നേതൃത്വത്തിന്റെ പ്രതീക്ഷ. ഇനിയും ആര്‍. എസ്. എസ്, ബി.ജെ.പി സംഘടനകളില്‍ നിന്നും നേതാക്കന്‍മാര്‍ സി.പി. എമ്മിലേക്ക് വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് സി.പി. എം ജില്ലാസെക്രട്ടറി പി.ജയരാജന്‍ ഇതുസംബന്ധിച്ചു പരസ്യപ്രതികരണം നടത്തിയത്.
കേന്ദ്രത്തില്‍ ഭരണമുണ്ടെങ്കിലും സംസ്ഥാനത്ത് ഗ്രൂപ്പുപോരിന്റെയും വിഭാഗീയതയുടെയും പടുകുഴിയിലാണ് ബി.ജെ.പി. ഇതിനിടയില്‍ പാര്‍ട്ടിയില്‍ പിടിമുറുക്കാനുള്ള ആര്‍. എസ്. എസ് നീക്കം ചേരിപ്പോരിന്റെ ആക്കം വര്‍ധിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ നിന്നും ആര്‍. എസ്. എസ് തലപ്പത്തു പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ ഒരു നേതാവിനെ കേന്ദ്രസഹമന്ത്രിയാക്കാനുള്ള നീക്കമാണ് സംസ്ഥാന പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കിയത്. ഇതിനെതിരേ പാര്‍ട്ടിയിലെ ഉന്നത നേതാക്കളില്‍ ചിലര്‍ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്വീകരിക്കുന്ന കടുത്ത ആര്‍. എസ്. എസ് പക്ഷപാതിത്വവും ബി.ജെ.പിയിലെ സീനിയര്‍ നേതാക്കളില്‍ ചിലര്‍ക്കിപ്പോഴും ദഹിച്ചിട്ടില്ല.
ദേശീയനേതൃത്വത്തിലും ഭരണതലത്തിലും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡുകളില്‍ പ്രാതിനിധ്യം ലഭിക്കാത്തതിന്റെ പ്രതിഷേധത്തിലാണ് പലരുമിപ്പോള്‍. തങ്ങളെ വെള്ളം കോരികളും വിറകുവെട്ടികളുമാക്കുന്നത് ഇനിയും അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് ചില നേതാക്കള്‍. ഇവര്‍ ഇക്കാര്യം ആര്‍. എസ്. എസ്, ബി.ജെ.പി ദേശീയ നേതൃത്വങ്ങളെ ഇതിനകം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ അസംതൃപ്തരായ നേതാക്കളില്‍ ചിലരാണ് മറുകണ്ടം ചാടാനായി ഒരുങ്ങിയിരിക്കുന്നത്. ഇവരില്‍ പലരുമായും സി.പി. എം അനൗദ്യോഗിക ചര്‍ച്ചയാരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ബി.ജെ.പി ദേശീയ സമിതിയംഗമായ ഒരു നേതാവ് സി.പി. എമ്മില്‍ ചേരുന്നുവെന്ന വാര്‍ത്ത ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ടു ചെയ്തിട്ടും അതു നിഷേധിക്കാന്‍ ബന്ധപ്പെട്ട നേതാവോ പാര്‍ട്ടിയോ തയാറായിട്ടില്ല.
ബി.ജെ.പിയിലെ ഉന്നത നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിച്ചാല്‍ കണ്ണൂരില്‍ സി.പി. എമ്മിനെ സംബന്ധിച്ചു വലിയരാഷ്ട്രീയ നേട്ടമാവും കൈവരിക്കുക. കൊലക്കത്തി രാഷ്ട്രീയം നടമാടുന്ന കണ്ണൂരില്‍ സംഘ്പരിവാര്‍ പ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ ഇതിലൂടെ പാര്‍ട്ടിക്കു കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തെ ബി.ജെ.പി വിട്ടുവന്ന ഒ.കെ വാസുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡംഗമായും എ. അശോകനെ കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡന്റായും ഇരുത്തിക്കൊണ്ട് അര്‍ഹമായ പരിഗണന നല്‍കാന്‍ സി.പി. എം തയാറായി. ഇതിനെക്കാള്‍ വലിയ ഓഫറുകളാണ് ചില ബി.ജെ.പി നേതാക്കളുടെ മുന്‍പിലേക്ക് വച്ചിട്ടുള്ളത്.
ഭരണതലത്തിലും സംഘടനാതലത്തിലും ഇവര്‍ക്കു അര്‍ഹമായതിനെക്കാള്‍ വലിയ സ്ഥാനം നല്‍കാമെന്നാണ് വാഗ്ദാനം. എന്നാല്‍ സംശയാസ്പദമായി നീങ്ങുന്ന നേതാക്കളെ ചുറ്റിപ്പറ്റി സംഘ്പരിവാര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ മുളയിലെ നുള്ളാനാണ് ആര്‍. എസ്. എസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."