തനിക്കെതിരേ ഗൂഢാലോചനയെന്ന് ശങ്കര്‍ റെഡ്ഡി വിജിലന്‍സ് മേധാവിക്കു കത്തു നല്കി
തിരുവനന്തപുരം: സോളാര്‍, ബാര്‍ കോഴ തുടങ്ങിയ കേസുകളില്‍ തനിക്കെതിരേ പരാതി നല്കിയ പായിച്ചിറ നവാസ് എന്ന വ്യക്തിയും വിജിലന്‍സിലെ ചില ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആരോപിച്ച് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി ശങ്കര്‍ റെഡ്ഡി വിജിലന്‍സ് മേധാവി ജേക്കബ് തോമസിനു കത്തു നല്കി.
ശങ്കര്‍ റെഡ്ഡിക്കെതിരേ വിജിലന്‍സ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ സത്യവാങ്മൂലം നല്കിയതു ജേക്കബ് തോമസിന്റെ അറിവില്ലാതെയാവില്ലെന്ന് ഐ.പി.എസ് തലപ്പത്തു പ്രചാരണം ശക്തമായിരിക്കെയാണ് അദ്ദേഹം ഇന്നലെ കത്തു നല്‍കിയത്.
നവാസിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു. തനിക്കെതിരേ വിജിലന്‍സില്‍ ഗൂഢാലോചന നടക്കുന്നു. ഇപ്പോള്‍ കോടതിയില്‍ വന്നിട്ടുള്ള കേസുകളെല്ലാം ഈ ഗൂഢാലോചനയുടെ ഫലമാണ്. തന്നെ കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ പ്രകാരം ആവശ്യപ്പെടുമ്പോള്‍ തെറ്റായ വിവരങ്ങളാണ് വിജിലന്‍സ് ഓഫിസില്‍ നിന്നു നല്‍കുന്നത്.
ഇതു തന്നെ കുടുക്കാനുള്ള വ്യക്തമായ ലക്ഷ്യത്തോടെയാണെന്നും കത്തില്‍ പറയുന്നു. തനിക്കെതിരേ ഇതുവരെ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. ഇനിയും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്കാന് സാധ്യതയുണ്ട്. അതിനാല്‍ ഇതേക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജാഗ്രത പാലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
താന്‍ വിജിലന്‍സ് ഡയറക്ടറായിരിക്കെ സോളാര്‍ കേസുമായി ബന്ധപ്പെട്ട പരാതികള്‍ പൂഴ്ത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സരിത സോളാര്‍ കമ്മിഷന് മുന്‍പാകെ പരാതി ഉന്നയിച്ചതിന്റെ അടുത്ത ദിവസം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി.ജോസഫ് എന്നൊരു വ്യക്തി ഹരജി നല്കി. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.
എന്നാല്‍ അതിനെതിരേ ആരോപണവിധേയര്‍ അടുത്ത ദിവസം ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. സ്റ്റേ അനുവദിച്ച വിഷയത്തില്‍ പിന്നീട് വിജിലന്‍സിന് നേരിട്ടു പരാതി ലഭിച്ചാലും അന്വേഷിക്കാന്‍ കഴിയില്ല. ഇതെല്ലാം മറച്ചുവച്ചാണു താന്‍ പരാതികള്‍ പൂഴ്ത്തിയെന്നു പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ശങ്കര്‍ റെഡ്ഡി കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."