ആശുപത്രി മാലിന്യ ഭീഷണിയില്‍ കേരളം മുന്നില്‍ സംസ്‌കരണ സംവിധാനങ്ങള്‍ അപര്യാപ്തം
ഹെപ്പറ്റൈറ്റിസ്- ബി, സി രോഗങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം ആശുപത്രി മാലിന്യ ഭീഷണി നേരിടുന്ന സംസ്ഥാനം കേരളമെന്ന് കണ്ടെത്തല്‍. രാജ്യത്തെ മൊത്തം ആരോഗ്യസ്ഥാപനങ്ങളില്‍ 27 ശതമാനത്തോളം പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. ഇവര്‍ പുറന്തള്ളുന്ന മാലിന്യം ഫലപ്രദമായി സംസ്‌കരിക്കാന്‍ ആവശ്യമായ സംവിധാനം കേരളത്തിലില്ലെന്ന് നിയമസഭയുടെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് കണ്ടെത്തിയത്. ആശുപത്രി മാലിന്യം സമയബന്ധിതമായി സംസ്‌കരിക്കാനുള്ള മികച്ച സംവിധാനങ്ങള്‍ ഉടന്‍ ഉണ്ടാക്കേണ്ടതുണ്ടെന്ന് കമ്മിറ്റിയുടെ 65ാമത് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ആശുപത്രികളില്‍ നിന്ന് വരുന്ന മാലിന്യങ്ങള്‍ പൂര്‍ണമായും അപകടകരമല്ല. 80 ശതമാനം വരെ മറ്റു മാലിന്യങ്ങള്‍ക്കൊപ്പം സംസ്‌കരിക്കാവുന്നവയാണ്. എന്നാല്‍ ബാക്കിയുള്ളത് പ്രത്യേകം സംസ്‌കരിക്കണം. പരിശോധന, ശസ്ത്രക്രിയ, ചികിത്സ എന്നിവയില്‍ നിന്നുണ്ടാകുന്ന 10 ശതമാനം മാലിന്യങ്ങള്‍ ഏറെ ശ്രദ്ധയോടെ സംസ്‌കരിക്കാതിരിക്കുന്നത് അപകടകരമാണ്. ഇത്തരം മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ചില്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ്- ബി, സി തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ പടരാനും പ്രതിരോധശേഷിയുള്ള രോഗാണുക്കള്‍ ഉണ്ടാകാനും കാരണമാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
നഗരങ്ങളില്‍ ആശുപത്രി മാലിന്യത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് കൃത്യമായ പരിശോധനകളോ നടപടികളോ ഉണ്ടാകുന്നില്ല. നഗരങ്ങളിലെ വന്‍കിട ലാബുകള്‍ മാലിന്യ പരിപാലനത്തിന് അനുവര്‍ത്തിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തമായ ധാരണ പോലുമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡോ ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യ പരിപാലന സംവിധാനങ്ങള്‍ പരിശോധിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല. ആശുപത്രി മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സംസ്‌കരണത്തിനു കൊണ്ടുപോകുന്ന നഗരമാലിന്യങ്ങളില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് പലതവണ വാര്‍ത്തയായിട്ടുണ്ട്.
ഓരോ ആരോഗ്യസ്ഥാപനങ്ങളിലുമുണ്ടാകുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായും സുരക്ഷിതമായും നിര്‍മാര്‍ജനം ചെയ്യാന്‍ സ്ഥാപനങ്ങള്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് 1998ല്‍ പാര്‍ലമെന്റ് പാസാക്കിയ ആശുപത്രി മാലിന്യ (ബയോമെഡിക്കല്‍ മാലിന്യ) പരിപാലനച്ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ചട്ടങ്ങള്‍ പ്രകാരം ബയോമെഡിക്കല്‍ മാലിന്യമായി കണക്കാക്കപ്പെടുന്നത് മനുഷ്യരില്‍ രോഗപരിശോധന, ചികിത്സ, രോഗപ്രതിരോധ നടപടികള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങളും ജന്തുക്കളില്‍ നിന്ന് സമാനമായി ഉണ്ടാകുന്ന മാലിന്യങ്ങളും വൈദ്യശാസ്ത്ര ഗവേഷണഫലമായി ഉണ്ടാകുന്ന മാലിന്യങ്ങളുമാണ്.
ആശുപത്രി മാലിന്യങ്ങളെ യാതൊരു കാരണവശാലും മറ്റു മാലിന്യങ്ങളുമായി കൂട്ടിക്കലര്‍ത്തരുത്. പ്രത്യേക നിറങ്ങളോടു കൂടിയ ശേഖരണികളില്‍ തരംതിരിച്ചു ശേഖരിക്കുന്ന ആശുപത്രി മാലിന്യങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ സംസ്‌കരിക്കണമെന്നും ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. ബയോമെഡിക്കല്‍ മാലിന്യ പരിപാലത്തിന് പാലക്കാട് ജില്ലയിലുള്ള ഇമേജ് പോലുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ സ്ഥാപിക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."