അനധികൃത സ്വര്‍ണക്കടത്ത്: മൂന്ന് ബംഗളൂരു സ്വദേശികള്‍ക്ക് തടവും പിഴയും
പിടിയിലായത് 15 ലക്ഷം റിയാല്‍ മൂല്യമുള്ള സ്വര്‍ണം കടത്തുന്നതിനിടെ
റിയാദ്: ലക്ഷങ്ങളുടെ സ്വര്‍ണ കടത്ത് കേസില്‍ ബംഗളുരു സ്വദേശികളായ മൂന്നുപേര്‍ക്ക് ദമാം ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു.
ഒരു വര്‍ഷം തടവും മൂന്നു ലക്ഷം റിയാല്‍ വീതം പിഴയുമാണ് വിധിച്ചത്. യു.എ.ഇയില്‍ നിന്നുംസഊദിയിലേക്ക് 15 ലക്ഷം റിയാല്‍ മൂല്യമുള്ള സ്വര്‍ണം കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
സായിന് സക്കരിയ, മുഹമ്മദ് കൂല, മുഹമ്മദ് അമീന് എന്നിവരെയാണ് ശിക്ഷിച്ചത്. ആറു മാസം മുന്‍പാണ് സംഭവം. ദുബൈയില്‍ നിന്നും 20 പേര്‍ക്കൊപ്പം വാനില്‍ യാത്ര തിരിച്ച ഇവര്‍ സഊദി അതിര്‍ത്തിയില്‍ കസ്റ്റംസ് പരിശോധനയിലാണ് കുടുങ്ങിയത്.
പരിശോധനക്കിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.
സോക്സുകള്ക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. മുഹമ്മദ് കൂലയില്‍ നിന്നും 2954 ഗ്രാം സ്വര്‍ണവും സായിന് സകരിയയില്‍ നിന്നും 3171 ഗ്രാമും മുഹമ്മദ് അമീനില്‍ നിന്നും 3303 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
ദുബൈയില്‍ നിന്നും ഫൈസല്‍ എന്നയാളാണ് ഏര്‍പ്പാടു ചെയ്യുന്നതെന്നും സഊദിയില്‍ ഏജന്റിനു നല്‍കാനാണെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
മൂവര്‍ സംഘം നിരവധി തവണ ഇതേ റൂട്ടില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഇതേ ലക്ഷ്യമായിരിക്കുമെന്നും കോടതി അനുമാനിച്ചു. അന്താരാഷ്ട്ര സ്വര്‍ണ കടത്തിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും കണ്ണികളാണ് ഇവരെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യയിലേക്കും നിരന്തരമായി ഇവര്‍ യാത്ര ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ദുബൈയിലേക്ക് വിമാന മാര്‍ഗം പോകുന്ന പ്രതികള്‍ തിരിച്ചെത്തുന്നത് കരമാര്‍ഗമാണ്.
കടുത്ത പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."