ഏഴാം വയസിലും ഇടമലക്കുടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അകലെ
മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തെന്നു കൊട്ടിഘോഷിച്ച് രൂപവത്കരിച്ച ഇടമലക്കുടി ഏഴാംവയസിലേക്ക് കടക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ അകലെ. 2010 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ഇടമലക്കുടി ഗ്രാമപഞ്ചായത്ത് പിറവിയെടുത്തത്.
ദേവികുളം നിയോജകമണ്ഡലത്തിന്റെ പരിധിയിലാണ് പശ്ചിമഘട്ട മലനിരകളുടെ കൊടുംകാടിനുള്ളിലെ ഈ ഗ്രാമപഞ്ചായത്തിന്റെ സ്ഥാനം. 13 വാര്‍ഡുകളുള്ള ഇടമലക്കുടിയില്‍ 28 കുടികളിലായി ആദിവാസി വിഭാഗത്തില്‍പെട്ട മുതുവാന്മാരുടെ ആയിരത്തോളം കുടുംബങ്ങളിലായി ആറായിരത്തോളം പേരാണ് അധിവസിക്കുന്നത്.
മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ഒരു വാര്‍ഡായിരുന്നു 2010-നു മുമ്പുവരെ ഇടമലക്കുടി. മൂന്നാറില്‍നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് വിഘാതം സൃഷ്ടിച്ചിരിക്കുന്നത് വാഹന സഞ്ചാരയോഗ്യമായ റോഡ് ഇല്ലെന്നതാണ്.
മൂന്നാറില്‍നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള പെട്ടിമുടിവരെ വാഹനത്തിലെത്താം.
അവിടെനിന്നും രണ്ടു കിലോമീറ്റര്‍ പിന്നിടുന്നതോടെ ഇടമലക്കുടിയിലേക്കുള്ള കാട്ടുപാത തുടങ്ങുകയായി. തുടര്‍ന്ന് 16 കിലോമീറ്റര്‍ കിഴക്കാംതൂക്കായ കാട്ടുപാതയിലൂടെ ആയാസപ്പെട്ട് സഞ്ചരിച്ചാലേ ഇടമലക്കുടിയിലെത്താനാകൂ. 35000 ഏക്കര്‍ ഭൂമിയാണ് കൃഷിയുമായി ബന്ധപ്പെട്ട് തദ്ദേശവാസികളുടെ കൈവശമുള്ളത്. പെട്ടിമുടിയില്‍നിന്നും ഇഡലിപ്പാറ വഴി സൊസൈറ്റിക്കുടിയിലേക്ക് എം.എന്‍.ആര്‍., ഇ.ജി.എസ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 കിലോമീറ്റര്‍ ദൂരം റോഡ് നിര്‍മിക്കാനുള്ള പരിശ്രമം നടന്നുവെങ്കിലും വാഹനസഞ്ചാരയോഗ്യമാക്കാനായിട്ടില്ല.സാക്ഷരതയില്‍ ഇന്നും ഏറെ പിന്നോക്കംനില്‍ക്കുന്ന ഇടമലക്കുടിയില്‍ ഒരു ട്രൈബല്‍ എല്‍പി സ്‌കൂളും ഐടിഡിപിയുടെ മൂന്നു സ്‌കൂളുകളും പത്ത് അങ്കണവാടികളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നാട്ടിന്‍പ്രദേശങ്ങളെ ആശ്രയിക്കുന്ന കുട്ടികളുമുണ്ട്. ഇടമലക്കുടിയില്‍ എല്‍പി മുതല്‍ എച്ച്എസ്എസ് വരെയുള്ള വിദ്യാലയങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യത്തിനുനേരെയും അധികൃതര്‍ കണ്ണടച്ചിരിക്കുകയാണ്.
ദേവികുളം പിഎച്ച്‌സിയുടെ കീഴിലുള്ള ഒരു സബ് സെന്റര്‍ ഇവിടെയുണ്ടെങ്കിലും ആരോഗ്യപ്രവര്‍ത്തകരും വിരുന്നുകാരാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."