പോള ശല്യം രൂക്ഷം: ബോട്ട് സര്‍വീസിനു തിരിച്ചടിയാകുന്നു
വൈക്കം: ബോട്ട്‌ജെട്ടിയില്‍ പോളയുംചെളിയും അടിഞ്ഞു കൂടുന്നത് ബോട്ടു സര്‍വീസിനു തിരിച്ചടിയാകുന്നു.
ബോട്ടുകള്‍ പൂര്‍ണമായും കരയോട് അടുപ്പിക്കാന്‍കഴിയാത്തത് യാത്രക്കാരെയും ദുരിതത്തിലാക്കി. പഴയ ബോട്ട്‌ജെട്ടിയ്ക്ക് സമീപം കായലില്‍ നിന്നും ഉള്‍വലിഞ്ഞ നിലയിലാണ് പുതിയ ജെട്ടി നിര്‍മ്മിച്ചിരിക്കുന്നത്. പോളപായലും മാലിന്യങ്ങളും ചെളിയോടൊപ്പം അടിഞ്ഞുകൂടിയതും വേലിയേറ്റ സമയത്ത് ജലനിരപ്പ് കൂടുതല്‍ താഴ്ന്നതുമാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.ബോട്ട് ജെട്ടിയോട് ചേര്‍ന്ന് അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്യുകയും ആഴം കൂട്ടുകയുമാണ് പരിഹാരമാര്‍ഗം.
മൂന്നു ബോട്ടുകള്‍ സര്‍വീസ് നടത്തുന്ന ഇവിടെയുള്ളത് പഴകിയ ബോട്ടുകളാണെന്ന ആക്ഷേപം കാലങ്ങളായുണ്ട്. ഇവിടെ നിന്നും അറ്റകുറ്റപണിക്കായി കൊണ്ടു പോയ ബോട്ടിനു പകരമായി ലഭിച്ച ബോട്ട് സര്‍വീസ് നടത്താന്‍ യോഗ്യമല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ വരുമാന ലഭ്യതയില്‍ ഒന്നാമത് നില്‍ക്കുന്ന വൈക്കം ഫെറി നേരിടുന്ന പ്രതിസന്ധികള്‍ കാലങ്ങളായി തുടരുകയാണ്. അയ്യായിരത്തിലധികം പേരാണ് ദിവസേന യാത്ര ചെയ്യുന്നത്.
ഓണസമ്മാനമായി വൈക്കത്തിന് പുതിയ ബോട്ട് അനുവദിക്കുമെന്ന ജലഗതാഗത വകുപ്പിന്റെ പ്രഖ്യാപനവും പാഴ്‌വാക്കായി. ബോട്ട്‌ജെട്ടിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."