ദേശീയപാതാ വികസനം: യൂത്ത് കോണ്‍ഗ്രസിന്റെ ശയനപ്രദക്ഷിണം നാളെ
അടിമാലി: കൊച്ചി - ധനുഷ്‌കോടി ദേശീയപാത വികസനത്തിന് തടസം നില്‍ക്കുന്ന വനപാലകരുടെ നടപടിയിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്നതിലും പ്രതിഷേധിച്ച് യൂത്തു കോണ്‍ഗ്രസ് നേതൃത്വത്തില്‍ നാളെ ശയനപ്രദിക്ഷിണ സമരം സംഘടിപ്പിക്കും.
ദേശീയപാതയുടെ ആറാംമൈല്‍ കലുങ്ക് നിര്‍മ്മാണം, വാളറ മൂന്നുകലുങ്കിലെ സംരക്ഷണ ഭിത്തി നിര്‍മ്മാണം എന്നിവയ്ക്ക് തടസം നില്‍ക്കുന്ന വനംവകുപ്പിന്റെ നടപടികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായാണ് സമരം സംഘടിപ്പിക്കുന്നത്. അടിമാലി, ഇരുമ്പുപാലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാവിലെ 11ന് ആറാംമൈലില്‍ നടത്തുന്ന സമരം ഐ.എന്‍.ടി.യു.സി. ദേശീയ കൗണ്‍സില്‍ അംഗം ബാബു പി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. നവംബര്‍ പത്തിനകം വനപാലകര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ 19ന് ദേവികുളം ഡി.എഫ്.ഓ. ഓഫീസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി പാര്‍ലമെന്റ് കമ്മിറ്റി സെക്രട്ടറി എം.എ. അന്‍സാരി, ദേവികുളം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മത്തായി തോമസ്, ആര്‍.എം. നിഷാദ്, അടിമാലി മണ്ഡലം പ്രസിഡന്റ് എന്‍. മനീഷ്, ഇരുമ്പുപാലം മണ്ഡലം പ്രസിഡന്റ് ബിനു കെ. തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ് നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. രണ്ടാം ഘട്ടമെന്ന നിലയില്‍ അടിമാലി ടൗണില്‍ ഏകദിന ധര്‍ണ്ണാസമരവും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."