അപകടങ്ങള്‍ നിത്യസംഭവം ജനദുരിതത്തിന്റെ കേന്ദ്രമായി ഓട്ടുപാറ ബസ് സ്റ്റാന്‍ഡ്
വടക്കാഞ്ചേരി: ജനദുരിതത്തിന്റെ കേന്ദ്രമായി നഗരസഭയിലെ ഓട്ടുപാറ ബസ് സ്റ്റാന്‍ഡ്. ബസ് സ്റ്റാന്റിനുള്ളില്‍ നിറയെ കുണ്ടും കുഴിയുമാണ്. മഴ പെയ്യുന്നതോടെ ഈ കുഴിയില്‍ വെള്ളം കെട്ടി കിടക്കുന്നു സ്ത്രീകളും, കുട്ടികളുമൊക്കെ ഈ കുഴിയില്‍ വീണ് അപകടം നിത്യസംഭവമാണ്.
നഗരസഭ അധികൃതരോട് നാട്ടുകാര്‍ നിരന്തരം പരാതി നല്‍കുന്നതാണെങ്കിലും ഇവര്‍ക്ക് ഒരു കുലുക്കവുമില്ല. നേരത്തെ കുഴികളില്‍ ക്വാറി വേസ്റ്റും, മട്ടിയുമൊക്കെ നിക്ഷേപിച്ചെങ്കിലും അത് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഇരട്ടി ദുരിതമായിരിക്കുകയാണ്. സ്റ്റാന്‍ഡിലൂടെ ബസുകള്‍ കടന്ന് പോകുമ്പോള്‍ ചെളിവെള്ളം തെറിച്ച് യാത്രക്കാരുടെ വസ്ത്രങ്ങള്‍ വൃത്തിക്കേടാകുന്നതും ദുരിതം വര്‍ധിപ്പിക്കുന്നു.
ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ച് പൂട്ടിയിട്ട് മാസങ്ങള്‍ പിന്നിട്ടു. പ്രതിദിനം നിരവധി ബസുകള്‍ വന്ന് പോകുന്ന സ്റ്റാന്‍ഡില്‍ നൂറ് കണക്കിന് യാത്രക്കാരാണ് എത്തുന്നത്. ഇവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ പ്രദേശത്തെ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. രാത്രി കാലമായാല്‍ ബസ് സ്റ്റാന്‍ഡ് സാമൂഹ്യ വിരുദ്ധരുടേയും, മദ്യപാനികളുടേയും പിടിയിലാണെന്ന പരാതിയും ജനങ്ങള്‍ക്കുണ്ട്.
ആവശ്യമായ വെളിച്ചം പോലും ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഇല്ല. സംസ്ഥാനപാതയോട് ചേര്‍ന്ന് ബസ് സ്റ്റാന്‍ഡിലേക്ക് മുഴുവന്‍ വെളിച്ചം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ച് കിടക്കാന്‍ തുടങ്ങിയിട്ടും മാസങ്ങള്‍ പിന്നിടുകയാണ്. ഇത് പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും നഗരസഭക്ക് നേരമില്ല. ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാട് അധികൃതര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."