ജാര്‍ഖണ്ഡ് സ്വദേശിയെ അടിമയാക്കിയ സ്ഥല ഉടമകള്‍ക്ക് ജാമ്യം
ജനകീയ പ്രതിഷേധത്തിനൊടുവില്‍ കേസെടുക്കാന്‍ തീരുമാനം വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കരുമത്രയില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവിനെ അടിമയാക്കുകയും ശമ്പളം നല്‍കാതെ പണിയെടുപ്പിച്ച് ക്രൂരമായ മര്‍ദനത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത മണ്ണുത്തി ഒല്ലൂക്കര സ്വദേശി ജോസിനെ വടക്കാഞ്ചേരി പൊലിസ് ജനപ്രതിനിധികളറിയാതെ ജാമ്യത്തില്‍ വിട്ടത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രതിഷേധവുമായി പൊലിസ് സ്റ്റേഷനില്‍ എത്തുകയും സി.ഐ ടി.എസ് സിനോജിന് പരാതി നല്‍കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ സ്ഥല ഉടമകളായ മേനാച്ചേരി ആല്‍ഫ്രഡ്, ജോസ് എന്നിവര്‍ക്കെതിരേയും, യുവാവിനെ കേരളത്തിലെത്തിച്ച സ്വകാര്യ വ്യക്തികള്‍ക്കെതിരേയും കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് അനധികൃതമായി പാശേഖരം മണ്ണിട്ട് നികത്തിയതിനെതിരേയും കേസെടുക്കുമെന്നും പൊലിസ് അറിയിച്ചു. പീഡനത്തിനിരയായ യുവാവിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജയുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ പാടശേഖരത്തെ ടാര്‍പായ കൊണ്ട് മറച്ച ഷെഡില്‍ നിന്ന് യുവാവിനെ മോചിപ്പിച്ചത്. 8 മാസം മുമ്പ് കരുമത്ര വടക്കുംമൂല പാടശേഖരത്ത് ജോലിക്ക് എത്തിയതായിരുന്നു ജാര്‍ഖണ്ഡ് സ്വദേശിയായ രാജു. അന്ന് മുതല്‍ പീഡനത്തിനിരയായി വരുകയായിരുന്നു യുവാവ്. ശമ്പളം ചോദിച്ചാല്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വരുമെന്നതിനാല്‍ കിട്ടുന്നത് വാങ്ങി കഴിയുകയായിരുന്നു. രാവിലെ 6 മണി മുതല്‍ വൈകീട്ട് 7 വരെയാണ് യുവാവിനെ കൊണ്ട് ജോലി ചെയ്യിച്ചിരുന്നത്. ഭക്ഷണം പോലും കൃത്യമായി നല്‍കിയിരുന്നില്ല. ദുരിത ജീവിത വാര്‍ത്ത അറിഞ്ഞ് കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ രാജീവന്‍ തടത്തില്‍ ബന്ധപെട്ടവരെ വിവരം അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ, വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എന്‍ ശശി, മെമ്പര്‍ വി.ജി സുരേഷ്, പൊതുപ്രവര്‍ത്തകരായ ശ്രീദാസ് വിളമ്പത്ത്, ദേവദാസ് തെക്കേടത്, ദിനേശന്‍ തടത്തില്‍ എന്നിവര്‍ സഥലത്തെത്തി വടക്കാഞ്ചേരി പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലിസെത്തി യുവാവില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. ശമ്പളം ചോദിച്ചാല്‍ നെഞ്ചത്ത് ഇടിക്കാറുള്ളതായി യുവാവ് പറഞ്ഞു. വളരെ വില കുറവില്‍ ഭൂമി വാങ്ങി മണ്ണിട്ട് നികത്തുകയായിരുന്നു ജോസ് ചെയ്ത് വന്നിരുന്നത്. ഇന്നലെ രാവിലെ സ്റ്റേഷനിലെത്തി മറ്റ് നടപടികള്‍ കൈകൊള്ളാമെന്നായിരുന്നു പൊലിസ് ജനപ്രതിനിധികളെ അറിയിച്ചിരുന്നത്. ഇത് പ്രകാരം ജനപ്രതിനിധികള്‍ പൊലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സ്ഥല ഉടമക്ക് ജാമ്യം നല്‍കി വിട്ടയച്ചു എന്ന മറുപടിയാണ് ലഭിച്ചത്. സ്ഥല ഉടമയും യുവാവും തമ്മില്‍ സംസാരിച്ചിരുന്നുവെന്നും ഇത് പ്രകാരം കുടിശികയുള്ള 22,500 രൂപ ഉടമ നല്‍കിയെന്നും ഇതിനെ തുടര്‍ന്നാണ് ജാമ്യം നല്‍കിയതെന്നും പൊലിസ് അറിയിച്ചു. നടപടി അഴിമതിയുടെ ഭാഗമാണെന്ന് തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജയും, വൈസ് പ്രസിഡന്റ് സി.വി സുനില്‍ കുമാറും ആരോപിക്കുകയും പ്രതിഷേധം ആരംഭിക്കുകയുമായിരുന്നു. ഇതിനൊടുവിലാണ് നിലപാട് മാറ്റാന്‍ പൊലിസ് തയാറായത്. അതിനിടെ ജാമ്യം നല്‍കിയ സ്ഥല ഉടമയെ ബന്ധപ്പെടാന്‍ പൊലിസിന് ആയിട്ടില്ല. ഇയാള്‍ മുങ്ങിയതായിട്ടാണ് വിവരം. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."