വിരുപ്പാക്ക സ്പിന്നിങ് മില്‍: കോടികളുടെ സാമ്പത്തിക ബാധ്യത അനിശ്ചിത കാലത്തേക്ക് ലേ ഓഫ്
വടക്കാഞ്ചേരി: സംസ്ഥാനത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലൊന്നായ വിരുപ്പാക്ക തൃശൂര്‍ കോ- ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മില്‍ അനിശ്ചിത കാലത്തേക്ക് ലേ ഓഫ് ചെയ്തു.
വൈദ്യുതി ബില്‍ കുടിശിഖ 63 ലക്ഷമായി ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യവസായ സ്ഥാപനത്തിന്റെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ഇതിന് പിന്നാലെ അസംസ്‌കൃത വസ്തുവായ കോട്ടന്‍ (പഞ്ഞി) സ്റ്റോക്ക് തീര്‍ന്നതോടെ പ്രതിസന്ധി വര്‍ധിച്ചു.
ഇതോടെ മാനേജ്‌മെന്റ് മില്ലില്‍ ലേ ഓഫ് പ്രഖ്യാപിക്കുകയായിരുന്നു. മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. മറ്റൊരു ജോലിയുമറിയാത്ത നിരവധി വനിതകളടങ്ങിയ 300 ഓളം തൊഴിലാളികളുടെ ഭാവി കടുത്ത പ്രതിസന്ധിയിലായി.
1985 ലാണ് സഹകരണ മേഖലയില്‍ തെക്കുംകര പഞ്ചായത്തിലെ വാഴാനിക്കടുത്ത് വിരുപ്പാക്കയില്‍ തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ എന്ന പേരില്‍ പഞ്ഞിയില്‍ നിന്ന് നൂല്‍ ഉല്‍പാദിപ്പിക്കുന്ന വ്യവസായ സ്ഥാപനം ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായിരുന്നു ഈ മില്‍. അത്യന്താധുനിക മെഷിനറികള്‍ മില്ലില്‍ മികച്ച ഉല്‍പാദനത്തിന് വഴിവെച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600 ഓളം തൊഴിലാളികള്‍ക്ക് ആദ്യ കാലങ്ങളില്‍ ജോലി ലഭ്യമാക്കിയിരുന്ന സ്ഥാപനം പ്രവര്‍ത്തന വഴിയില്‍ പിന്നീട് അഴിമതിയുടെ കൂത്തരങ്ങായി മാറി. കാലാകാലങ്ങളില്‍ ഭരണം നടത്തിയവര്‍ ഈ സ്ഥാപനത്തെ അഴിമതിയുടെ വിള നിലമാക്കിയതായി തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പ കോടികളുടെ കുടിശിഖ യിലേക്ക് ഉയര്‍ന്നതോടെ പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മില്‍ ഭരണം എത്തിപ്പെട്ടു. ഇതോടെ മില്ലിന്റെ ആകെയുള്ള പത്തൊമ്പതര ഏക്കര്‍ സ്ഥലത്ത് നിന്ന് ഒമ്പതര ഏക്കര്‍ സ്ഥലം 1996 ല്‍ സഹകരണ ബാങ്കിന് വിറ്റു. ഇതില്‍ ലക്ഷങ്ങളുടെ വില പിടിപ്പുള്ള തേക്കും മറ്റ് മരങ്ങളുമൊക്കെ ഉള്‍പ്പെടുന്നു. ഈ ഇടപാടില്‍ ഏഴര കോടി രൂപയുടെ ബാധ്യത ഒഴിഞ്ഞെങ്കിലും പിന്നെയും പ്രതിസന്ധി മാത്രമായിരുന്നു കൂട്ട്. കാലാകാലങ്ങളില്‍ കോടി കണക്കിന് രൂപയാണ് സര്‍ക്കാര്‍ മില്ലിന്റെ നിലനില്‍പ്പിനായി ഖജനാവില്‍ നിന്ന് ചിലവഴിച്ചത്. എന്നാല്‍ ഈ തുകയെല്ലാം ധൂര്‍ത്തിന്റെ ഭാഗമായാണ് ചിലവഴിക്കപ്പെട്ടത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2011 ഏപ്രില്‍ ഒന്ന് മുതല്‍ 2016 മാര്‍ച്ച് 31 വരെ 15 കോടി 46 ലക്ഷത്തി 14 ആയിരം രൂപയാണ് മില്ലിന് ധനസഹായമായി ലഭിച്ചത്. എന്നാല്‍ ഇതു കൊണ്ട് മില്ല് രക്ഷപ്പെട്ടില്ലെന്ന് മാത്രമല്ല അനുവദിച്ച കോടികള്‍ ധൂര്‍ത്തടിക്കപ്പെടുകയും ചെയ്തു. മില്ലില്‍ നിന്ന് പല ഘട്ടങ്ങളിലായി പിരിഞ്ഞ് പോയ മുന്നൂറോളം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ഇനത്തില്‍ 79,94,198 രൂപ നല്‍കാനുണ്ട്. തൊഴിലാളികളില്‍ നിന്ന് പിരിച്ചെടുക്കുകയും പി.എഫ് കോര്‍പ്പറേഷനില്‍ അടക്കാതിരിക്കുകയും ചെയ്ത തുക ഒരു കോടി 27 ലക്ഷത്തി 98 ആയിരത്തി 598 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. വൈദ്യുതി ബില്‍ കുടിശിഖ നാല് മാസമായി അടച്ചിട്ടില്ല.
ഈ ഗവണ്‍മെന്റ് അധികാരമേറ്റ ഉടന്‍ അനുവദിച്ചത് 2 കോടി രൂപയാണ്. ഇതില്‍ ഒരു കോടി 10 ലക്ഷം രൂപ ഇതിനകം തന്നെ ഗവണ്‍മെന്റ് നല്‍കി കഴിഞ്ഞു. ഇനി കിട്ടാനുള്ളത് 90 ലക്ഷം രൂപ മാത്രമാണ്. അതുകൊണ്ടു തന്നെ അത് കിട്ടിയാലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ തന്നെ പ്രമുഖ വ്യവസായ സ്ഥാപനത്തെ ഇന്നത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത് ഇപ്പോഴത്തെ മാനേജിങ് ഡയറക്ടറാണെന്ന് സംയുക്ത തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
എം.ഡിക്കെതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല എംഡിക്ക് കുറ്റിപ്പുറം മില്ലിന്റെ കൂടി ചുമതല നല്‍കുകയായിരുന്നുവെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ പഞ്ചായത്തിലാണ് മില്ല് സ്ഥിതി ചെയ്യുന്നത്. അതു കൊണ്ടു തന്നെ മില്ലിന്റെ പുനരുദ്ധാരണത്തിന് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."