കഴക്കൂട്ടം ബൈപാസ് നാലുവരിയാക്കല്‍: നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍
ചാക്ക വരെ എണ്‍പത് ശതമാനം പണി പൂര്‍ത്തിയായി
ആക്കുളത്തെ പാലം നിര്‍മാണം അവസാനഘട്ടത്തില്‍
സ്വന്തം ലേഖകന്‍
കഠിനംകുളം: കഴക്കൂട്ടം മുക്കോല ബൈപാസ് നാല് വരിയാക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍. ചാക്ക കൂടാതെ ബൈപ്പാസ് കടന്ന് പോകുന്ന തിരക്കേറിയ മൂന്ന് ജങ്ഷനുകളില്‍ കൂടി അടിപ്പാത നിര്‍മിക്കുന്നതിന്റെ നടപടികളും പൂര്‍ത്തിയായി.എന്നാല്‍ ബൈപാസിലെ കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് വരെ അടിപ്പാത നിര്‍മിക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ഉദ്ഘാടന ദിവസം തന്നെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയ സ്ത്യുത്യര്‍ഹമായ പ്രവര്‍ത്തന ശൈലിയാണ് ബൈപാസ് വികസനത്തിലുണ്ടായത്. ഇതിനിടയില്‍ ആക്കുളത്തെ നിഷിന്റെ സ്ഥലത്ത് നിന്നും മണലെടുക്കുന്നതായി ബന്ധപ്പെട്ടും ബൈപ്പാസില്‍ ഇന്‍ഫോസിസിന് മുന്നിലെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുമുണ്ടായ ചെറിയ ചില പ്രതിഷേധങ്ങള്‍ കാരണം ഏതാനും ദിവസം മുടങ്ങിയതൊഴിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു തടസങ്ങളൊന്നും ഇതുവരെയുമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം. 669 കോടി രൂപയുടെ പദ്ധതിയാണിത്.
കഴക്കൂട്ടം മുതല്‍ ഏകദേശം ചാക്ക വരെ എന്‍പത് ശതമാനത്തോളം പണി പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് വശങ്ങളിലുമുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയായി വരുന്നു. ഈ ഭാഗത്ത് ആക്കുളം കായലിനെ മറികടക്കുന്ന കൂറ്റന്‍ പാലത്തിന്റെ നിര്‍മാണവും അവസാനത്തോടടുക്കുകയാണ്. പാലത്തിന്റെ ഫില്ലറിന് മുകളിലായി കൂറ്റന്‍ ബീം ക്രൈയിന്‍ ഉപയോഗിച്ച് കയറ്റി വെച്ചു.ഇതിന് മുകളില്‍ കോണ്‍ക്രീറ്റ് കൂടി ചെയ്യുന്നതോടെ പാലം പൂര്‍ണതയിലെത്തും. ചാക്ക റെയില്‍വേ മേല്‍പാലത്തിന്റെ പില്ലര്‍ നിര്‍മാണവും 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഇന്‍ഫോസിസിന് മുന്നിലുള്ള പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്തു.
ആദ്യം ചാക്കയില്‍ മാത്രമാണ് അടിപ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്.പിന്നീട് ഗതാഗത തിരക്ക് കണക്കിലെടുത്ത് ഈഞ്ചക്കല്‍ ജങ്ഷന്‍, വെണ്‍പാലവട്ടം, കല്ലുംമൂട് ജി.കെ ജങ്ഷന്‍ എന്നിവിടങ്ങളില്‍ കൂടി അടിപ്പാത നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിക്കുകയായിരുന്നു. നാല് വരിപ്പാത പൂര്‍ത്തിയാകുന്ന മുറക്ക് ഈ അടിപ്പാതകളും പൂര്‍ത്തിയാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
എന്നാല്‍ കഴക്കൂട്ടം പൊലിസ്് സ്റ്റേഷന്‍ മുതല്‍ ടെക്‌നോപാര്‍ക്കിന്റെ പ്രധാന കവാടം വരെയുള്ള അടിപ്പാത നിര്‍മാണത്തിന്റെ കാര്യം നീണ്ട് പോവുകയാണ്.
ഇവിടെ 1.2 കിലോമീറ്റര്‍ അടിപ്പാത നിര്‍മ്മിക്കുവാനായുള്ള രൂപരേഖ ദേശീയപാത അതോറിറ്റി ആസ്ഥാനത്ത് ഏഴു മാസത്തിനുമുന്നേ സമര്‍പ്പിച്ചിരുന്നു. നാളിത് വരെ ഇതിന് അനുമതി ലഭിച്ചിട്ടില്ലന്നാണ് ദേശീയ പാത വിഭാഗം അറിയിച്ചത്.ഈ അടിപ്പാത നടപ്പിലായാല്‍ ജില്ലയിലെ ഏറ്റവും നീളം കൂടിയ അടിപ്പാതയായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."