കാലാവസ്ഥാ വ്യതിയാനം കര്‍ണാടകയില്‍ ഇഞ്ചികൃഷിയില്‍ പണം മുടക്കിയവര്‍ക്ക്് കണ്ണീര്‍ മാത്രം
കല്‍പ്പറ്റ: കാലാവസ്ഥയിലെ മാറ്റം കര്‍ണാടകയില്‍ ഇഞ്ചികൃഷിയില്‍ പണം മുടക്കിയ മലയാളികളടക്കമുള്ള കര്‍ഷകരെ കണ്ണീരിലാക്കുന്നു. വേനലിനെ വെല്ലുന്ന ചൂടും കടുത്ത ജലക്ഷാമവും മൂലം ഉണങ്ങി നശിക്കുകയാണ് ഇഞ്ചിപ്പാടങ്ങള്‍. കനത്ത നഷ്ടം ഒഴിവാക്കുന്നതിനു മൂപ്പെത്തുന്നതിനു മൂന്‍പേ ഇഞ്ചി പറിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കര്‍ഷകര്‍. വിപണികളില്‍ ഇഞ്ചി ധാരാളമായി എത്തുന്നത് വിലക്കുറവിനും കാരണമായി. ഇഞ്ചി വിളവെടുക്കുന്ന കര്‍ഷകര്‍ക്ക് മുടക്കുമുതലിന്റെ പകുതി പോലും ലഭിക്കുന്നില്ല. കുഴല്‍ക്കിണറുകളില്‍ നിന്നുപോലും വെള്ളം കിട്ടാത്ത സഹാചര്യത്തില്‍ കര്‍ണാടകയിലെ കൃഷി മതിയാക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകരില്‍ പലരും.
ധനകാര്യസ്ഥാപനങ്ങളില്‍നിടക്കം പണം കടംവാങ്ങി കൃഷി നടത്തിയവര്‍ ആശങ്കയിലാണ്. കര്‍ണാകയില്‍ മൈസൂരു, ചിക്മംഗളൂരു, ഹാസന്‍, ഷിമോഗ ജില്ലകളിലാണ് കേരളത്തില്‍ നിന്നുള്ള കര്‍ഷകരുടെ ഇഞ്ചികൃഷി. എച്ച്.ഡി കോട്ട, ഹുന്‍സുര്‍, ഉല്ലഹള്ളി, ചന്ദ്രാപട്ടണം, തരീക്കര, ഷിമോഗ, എന്‍.ആര്‍. പുര പ്രദേശങ്ങളാണ് ഇഞ്ചികൃഷിക്ക് പ്രസിദ്ധം. ഇവിടങ്ങളിലടക്കം ഏകദേശം 75,000 ഹെക്ടറിലാണ് മലയാളികള്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജലക്ഷാമം മൂലം വമ്പിച്ച ഉല്‍പാദനത്തകര്‍ച്ചയാണ് ഉണ്ടായതെന്ന് എച്ച്.ഡി കോട്ട താലൂക്കിലെ മച്ചൂരില്‍ ഇഞ്ചികൃഷി നടത്തുന്ന പുല്‍പ്പള്ളി കബനിഗിരി മനോജ് പറഞ്ഞു.
ഉല്‍പാദനത്തിലുണ്ടായ കാര്യമായ കുറവിനു പുറമേയാണ് ഇഞ്ചിയുടെ വിലയിടിവ്. ചാക്കിനു 1000-1100 രൂപയാണ് ഇപ്പോള്‍ വില. കഴിഞ്ഞ വര്‍ഷം പുതിയ ഇഞ്ചി ചാക്കിനു 2,500 രൂപ വരെ വില ലഭിച്ചിരുന്നു. വിപണികളില്‍ പുതിയ ഇഞ്ചിയുടെ വരവ് വര്‍ധിച്ചതാണ് ഡിമാന്‍ഡ് കുറയുന്നതിനും വിലയിടിവിനും കാരണമായതെന്ന് കര്‍ഷകര്‍ പറയുന്നു.
കര്‍ണാടകയില്‍ വയനാടിനോട് ചേര്‍ന്നുകിടക്കുന്ന എച്ച്.ഡി കോട്ട താലൂക്ക് വരള്‍ച്ചയുടെ പിടിയിലാണ്. ഇവിടെയാണ് കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്നതും. മഴയുടെ അഭാവത്തില്‍ കുഴല്‍ക്കിണറുകളില്‍ നിന്നു പമ്പുചെയ്യുന്ന വെള്ളമാണ് കര്‍ഷകര്‍ ഇഞ്ചിക്കണ്ടങ്ങള്‍ നനയ്ക്കുന്നതിനു ഉപയോഗപ്പെടുത്തിയിരുന്നത്. കുഴല്‍ക്കിണറുകള്‍ വറ്റിയതോടെ ഇഞ്ചിപ്പാടങ്ങളില്‍ ജലസേചനം ദുഷ്‌കരമായിരിക്കുകയാണ്. കര്‍ഷരുടെ തള്ളിക്കയറ്റം മൂലം ഇക്കുറി കൂലിച്ചെലവും വര്‍ധിച്ചിട്ടുണ്ട്. പുരുഷന്മാര്‍ക്ക് 400 രൂപയും ചെലവും സ്ത്രീകള്‍ക്ക് 300 രൂപയും ചെലവുമാണ് ഇപ്പോള്‍ പൊതുവെ കൂലി. കഴിഞ്ഞവര്‍ഷം ഇത് യഥാക്രമം 350-ഉം 250-ഉം രൂപയായിരുന്നു. എന്തായാലും ഇത്തവണ വിളവെടുപ്പ് കര്‍ഷര്‍ക്ക് കണ്ണീരിന്റെതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."