ഗള്ളിവറുടെ ലില്ലിപ്പുട്ടും ബ്രോഡിനാഗും
മൂന്ന് നൂറ്റാണ്ട് മുന്‍പത്തെ കഥയാണ്. 1699 മെയ് മാസം നാലിന് ലെമുവല്‍ ഗള്ളിവര്‍ എന്ന ഡോക്ടര്‍ ഒരു കപ്പലില്‍ യാത്ര പുറപ്പെട്ടു. കപ്പലിലെ ഡോക്ടറായാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്. ആദ്യത്തെ കുറച്ചുദിവസങ്ങള്‍ എല്ലാം ഭദ്രം. യാത്ര സുഖകരം. പക്ഷേ ഒരു ദിവസം ഭയങ്കരമായ കൊടുങ്കാറ്റടിച്ചു. കപ്പല്‍ തകര്‍ന്നുതരിപ്പണമായി. ഗള്ളിവര്‍ ഉള്‍പ്പെടെ ആറ് കപ്പല്‍ ജോലിക്കാര്‍ ഒരു ബോട്ടില്‍ രക്ഷതേടി. പക്ഷെ കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു വന്‍തിര ബോട്ട് മറിച്ചിട്ടു. അഞ്ചുപേര്‍ മുങ്ങിമരിച്ചു. ഡോക്ടര്‍ ഗള്ളിവര്‍ മാത്രം എങ്ങിനെയോ നീന്തി ഒരു ദ്വീപില്‍ കരപറ്റി.
ചുറ്റും നോക്കിയിട്ട് ആരെയും കാണാനില്ല. ക്ഷീണിച്ച ഗള്ളിവര്‍ തീരത്തിനടുത്ത് പുല്‍മൈതാനത്ത് കിടന്നുറങ്ങിപ്പോയി. കുറേക്കഴിഞ്ഞാണ് ഉറക്കമുണര്‍ന്നത്. പക്ഷെ ഗള്ളിവര്‍ക്ക് അനങ്ങാനേ കഴിയുന്നില്ല.
കിടക്കുന്നിടത്ത് ശരീരം ഒട്ടിച്ചേര്‍ന്ന പോലെ. ചുറ്റും തേനീച്ചക്കൂട്ടത്തിന്റേതുപോലെ ശബ്ദം കേള്‍ക്കുന്നുണ്ട്. തലമുടി തറയോട് ചേര്‍ത്തുബന്ധിച്ചതുകൊണ്ടാണ് എണീക്കാന്‍ കഴിയാത്തതെന്ന് മനസിലായി. തലയുയര്‍ത്താന്‍ പറ്റുന്നില്ല. കൈകാലുകളെല്ലാം ബന്ധനത്തിലാണ്. അപ്പോഴാണ് കാലിലൂടെ എന്തോ ചലിക്കുന്നതായി ഗള്ളിവര്‍ക്ക് അനുഭവപ്പെട്ടത്. ഒരു കൊച്ചു ജീവി നെഞ്ചത്തുകൂടെ നടന്ന് മുഖത്തെത്തി. എന്തല്‍ഭുതം!! ഒരു മനുഷ്യന്‍ തന്നെയാണത്! കൈയും കാലും കണ്ണും കാതും എല്ലാമുണ്ട്. പക്ഷെ മൊത്തം ഉയരം കഷ്ടിച്ച് ആറിഞ്ച് മാത്രം!! വണ്ണവും അതിനനുസരിച്ച് തന്നെ. കൈയില്‍ ആളുടെ രൂപത്തിനനുസരിച്ച വലിപ്പത്തിലുള്ള അമ്പും വില്ലുമുണ്ട്. വീണ്ടും അതേപോലത്തെ കുറേ കുഞ്ഞുമനുഷ്യരെത്തി നെഞ്ചത്തുകൂടി ഓടിക്കളിച്ചു. ഈ അതിശയക്കാഴ്ചകള്‍ കണ്ട് ഗള്ളിവര്‍ അറിയാതെ അലറി വിളിച്ചുപോയി. ഇന്നുവരെ കേട്ടിട്ടില്ലാത്ത ഈ അതിഭയങ്കര ശബ്ദഘോഷം കേട്ട് ആ കൊച്ചുമനുഷ്യരെല്ലാം പേടിച്ച് നാലുപാടും ഓടാന്‍ തുടങ്ങി. പലരും ഉരുണ്ട് നിലത്ത് വീഴുകയും ചെയ്തു.
ഉറപ്പുള്ള നൂല്‍കൊണ്ടുള്ള വരിഞ്ഞുമുറുക്കിയ കെട്ടുകളില്‍ ചിലത് ഗള്ളിവര്‍ എങ്ങിനെയോ പൊട്ടിച്ചു. അതോടെ കൂടുതല്‍ പേടിച്ച ആ കൊച്ചുമനുഷ്യര്‍ അമ്പെയ്തു. എന്നാല്‍ വലിയ മനുഷ്യന്റെ ശരീരത്തിന് അത് ചെറിയ മൊട്ടു സൂചി കൊണ്ടുള്ള കുത്തുപോലെ മാത്രമേ അനുഭവപ്പെട്ടുള്ളൂ.
തങ്ങളെ ഉപദ്രവിക്കുന്നവനല്ല ഈ 'ഭീമന്‍ മനുഷ്യന്‍' എന്ന് തോന്നിയതോടെ ആ 'ലില്ലിപ്പുട്ടു'കള്‍ ഗള്ളിവറുമായി സൗഹൃദമായി. ആ നാട്ടിലെ ചക്രവര്‍ത്തിയെ വിവരമറിയിച്ചു. ഗള്ളിവറെ കാണാന്‍ ചക്രവര്‍ത്തിയെത്തി. ഒരു വലിയ തട്ടുണ്ടാക്കി അതില്‍ കയറി നിന്നാണ് ആ ലില്ലിപ്പുട്ട് ചക്രവര്‍ത്തി ഗള്ളിവറോട് സംസാരിച്ചത്.
വിശക്കുന്നുവെന്നറിയിച്ചപ്പോള്‍ കുട്ടക്കണക്കിന് മാംസവും റൊട്ടിയും എത്തിച്ചു. റൊട്ടി മൂന്നെണ്ണം വീതം വായിലിട്ടു!! വീഞ്ഞ് വീപ്പകളിലാണ് കൊണ്ടുവന്നത്. ഗള്ളിവര്‍ക്ക് ഓരോ കവിള്‍ കുടിക്കാനേയുള്ളു അവരുടെ ഒരു വീപ്പ!
പിന്നീട് ഗള്ളിവറെ തലസ്ഥാന നഗരിയിലേക്ക് (തലസ്ഥാന നഗരി എന്നൊക്ക പറഞ്ഞാല്‍ യഥാര്‍ഥത്തില്‍ കേവലം അര മൈല്‍ ദൂരം മാത്രമാണുള്ളത്!!) കൂട്ടിക്കൊണ്ടുപോവാന്‍ ലില്ലിപ്പുട്ടുകാര്‍ ഒരു വണ്ടി നിര്‍മിച്ചു. ഇതു പണിയാന്‍ അഞ്ഞൂറോളം ആശാരിമാരും എന്‍ജിനീയര്‍മാരും പണിയെടുത്തിട്ടുണ്ടെന്ന് ഗള്ളിവറിന് പിന്നീട് അറിവായി. ഉറങ്ങിക്കിടക്കുന്ന സമയത്ത് ഗള്ളിവറെ ഈ വണ്ടിയിലേക്ക് അവര്‍ എടുത്തുകയറ്റുകയായിരുന്നു. 900 പേര്‍ ചേര്‍ന്നാണ് ഈ ജോലി ചെയ്തത്!!!
രാജ്യത്തെ ഏറ്റവും വലിയ കെട്ടിടം തലസ്ഥാന നഗരിയിലെ ഒരു പള്ളിയായിരുന്നു. അതിനാല്‍ ഇവിടെയാണ് ഗള്ളിവറെ താമസിപ്പിച്ചത്. ഈ പള്ളിയുടെ വാതിലിലൂടെ ഗള്ളിവര്‍ക്ക് കഷ്ടിച്ച് അകത്തേക്ക് നുഴഞ്ഞ് കയറാന്‍ കഴിഞ്ഞു. എന്നാല്‍ അകത്ത് കിടക്കാന്‍ മാത്രമേ പറ്റൂ; നില്‍ക്കാനാവില്ല! ഒരു ദിവസം ആറ് പശുക്കള്‍, 40 ആടുകള്‍, വീഞ്ഞ് എന്നിവ നല്‍കാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. വിശപ്പടക്കാന്‍ കഷ്ടിച്ചു തികയുമായിരുന്നു അവ. ലില്ലിപ്പുട്ടുകാരുടെ പശുവിന്റെയും ആടിന്റെയുമൊക്കെ വലിപ്പം അവിടുത്തെ ആളുകളെപ്പോലെത്തന്നെ! ഏതായാലും ആ ദ്വീപിലെ ജനങ്ങളും വീടുകളും പശുക്കളും എല്ലാമെല്ലാം അത്യതിശയകരമാംവിധം ചെറുതായിരുന്നു ഗള്ളിവര്‍ക്ക്. അവര്‍ക്കാവട്ടെ ഗള്ളിവര്‍ എന്ന മനുഷ്യന്‍ അവരുടെ സങ്കല്‍പ്പത്തിനുമപ്പുറം വലുതും! കഥ അങ്ങിനെ തുടരുന്നു. പിന്നീട് ഗള്ളിവര്‍ രക്ഷപ്പെട്ട് സ്വന്തം നാട്ടില്‍ എത്തിച്ചേര്‍ന്നു.
ഏതായാലും ജൊനാഥന്‍ സ്വിഫ്റ്റിന്റെ വിശ്വപ്രസിദ്ധ നോവല്‍ -ഗള്ളിവറുടെ യാത്രകള്‍- (ഏൗഹഹശ്‌ലൃ' െഠൃമ്‌ലഹ)െ കുഞ്ഞു മനുഷ്യരുടെ ആ ദ്വീപില്‍ അവസാനിക്കുന്നില്ല. അദ്ദേഹത്തിന്റെ അടുത്ത യാത്രയിലും അപകടം ആവര്‍ത്തിച്ചു. കൊടുങ്കാറ്റില്‍ ദിശ തെറ്റി നൂറുകണക്കിന് മൈല്‍ ഓടിയ കപ്പല്‍ ഏതോ ഒരു ദ്വീപിനരികെ എത്തിപ്പെട്ടു. എല്ലാവരും പരിഭ്രാന്തരായി. കപ്പലില്‍ വെള്ളം കുറവായിരുന്നു. അതിനാല്‍ അടുത്തുകണ്ട കരഭാഗത്തേക്ക് ഗള്ളിവര്‍ ഉള്‍പ്പെടെ കുറേപ്പേര്‍ ഒരു ബോട്ടില്‍ പുറപ്പെട്ടു. വെള്ളം തേടി പലരും പലവഴിക്ക് തിരിഞ്ഞു.
ഗള്ളിവര്‍ കുറെയേറെ ദൂരം ഉള്ളിലേക്ക് എത്തിയെങ്കിലും വെള്ളം കണ്ടില്ല. അല്‍പം ഉയരമുള്ളസ്ഥലത്തുനിന്ന് കടലിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. തന്നെ കയറ്റാതെ ബോട്ട് അതിവേഗം നടുക്കടലിലേക്ക് നീങ്ങുകയാണ്. ഒന്നുകൂടി ശ്രദ്ധിച്ചപ്പോഴാണ് അതിന്റെ കാരണം വ്യക്തമായത്.
വളരെ നീളത്തിന്‍ കാല്‍ച്ചുവടുകള്‍ വച്ചുകൊണ്ട്, അതിഭീമാകാരനായ ഒരു മനുഷ്യരൂപം ബോട്ടിനെ പിടിക്കാന്‍ അടുക്കുകയാണ്.
നടുങ്ങിപ്പോയ ഗള്ളിവര്‍ ചുറ്റും നോക്കുമ്പോള്‍ കാണുന്ന കാഴ്ചകളും ഭയങ്കരമായിരുന്നു. ആ പ്രദേശം മൊത്തം ഭീമാകാരമാണ്. പുല്ലുകള്‍ക്ക് വീടിന്റെയത്രയും പൊക്കം! കതിരുകള്‍ക്ക് പള്ളി ഗോപുരങ്ങളുടെ വലിപ്പം! റോഡ് എന്ന് തോന്നുന്ന വഴി അന്നാട്ടുകാരുടെ വെറും നടപ്പാത മാത്രം!! കോണിപ്പടവുകള്‍ ഗള്ളിവറെ സംബന്ധിച്ചിടത്തോളം ശരിക്കും മതില്‍ തന്നെ. കയറാന്‍ പറ്റുന്നില്ല.
അതിനാല്‍ വേലിക്കെട്ടിനുള്ളിലൂടെ നുഴഞ്ഞ് കടക്കാനായി ശ്രമം. അപ്പോഴാണ് ഒരു വന്‍ മനുഷ്യന്റെ രൂപം മുന്നിലെത്തിയത്. ശബ്ദം ഇടിവെട്ട് പോലെ. ആ ഭീമാകാരന്മാര്‍ക്ക് ഒരു കൈലേസില്‍ പൊതിഞ്ഞ് പോക്കറ്റിലിട്ട് കൊണ്ടുപോവാം ഗള്ളിവറെ.
ഒന്‍പത് വയസ് പ്രായമുള്ള, എന്നാല്‍ നാല്‍പ്പതടി പൊക്കമുള്ള പെണ്‍കുട്ടി ഗള്ളിവറെ കിടത്തിയുറക്കിയത് തൊട്ടിലില്‍............
കഥ അങ്ങിനെ സംഭവ ബഹുലമായും ഉദ്വേഗജനകമായും തുടരുന്നുണ്ട്. സൗകര്യം കിട്ടുന്നവര്‍ ആ രസകരമായ കഥകള്‍ വായിച്ചു നോക്കുക. നമ്മുടെ വിഷയം കഥയിലുപരി, താരതമ്യങ്ങളുടെ കഥയാണ്. ഒരിടത്ത് ഗള്ളിവര്‍ വലിയവന്‍, ഭീമാകാരന്‍. മറ്റൊരിടത്ത് അയാള്‍ തീരെ ചെറിയവന്‍.
വെറും അശു!! രൂപത്തിലും വിജ്ഞാനത്തിലും പദവിയിലും കഴിവുകളിലും എല്ലാമെല്ലാം നമ്മുടെ വലിപ്പച്ചെറുപ്പങ്ങള്‍ ഈ വിധമൊക്കെത്തന്നെയല്ലേ? താരതമ്യങ്ങളെ എങ്ങിനെ കാണുന്നു എന്നതിലാണ് കാര്യം!! ഒടുവില്‍ തിരിച്ച് സ്വന്തം കൂട്ടിലെത്തുമ്പോള്‍ പ്രത്യേകതളൊന്നുമില്ലാത്ത തുല്യനും!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."