കുടുംബശ്രീ ഡിജിറ്റലൈസേഷന്‍ ആദ്യഘട്ടം കാസര്‍കോട്
തിരുവനന്തപുരം: രാജ്യത്തെ പ്രാദേശിക വനിതാകൂട്ടായ്മകളുടെ വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനുള്ള ഡിജിറ്റലൈസേഷന്‍ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തുടക്കം കുറിക്കും. സംസ്ഥാനത്തെ കുടുംബശ്രീയേയും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടമായി രാജ്യത്തെ 24 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. കാസര്‍കോടാണ് ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് നിന്നും ഉള്‍പ്പെട്ടിരിക്കുന്നത്. ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കാണ് (നബാര്‍ഡ്) ഡിജിറ്റലൈസേഷന്‍ നടപടികള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ 11,600 കുടുംബശ്രീ കൂട്ടായ്മകളെയാണ് പരീക്ഷണഘട്ടത്തില്‍ പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും നബാര്‍ഡും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ അയല്‍ക്കൂട്ടങ്ങളെയും സ്വയംസഹായ സംഘങ്ങളേയും ശക്തിപ്പെടുത്തുകയാണ് ഡിജിറ്റലൈസേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനോടൊപ്പം സ്വയംസഹായ സംഘങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആസ്തി, വായ്പ, അംഗങ്ങളുടെ വിവരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ വഴി പരസ്പരം ലഭ്യമാക്കും.
മറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനും സ്വന്തം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സംഘങ്ങളെ ഇത് സഹായിക്കും. ബാങ്കുകള്‍ക്ക് സംഘങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു മനസിലാക്കാനും വായ്പ തിരിച്ചടവ്, വായ്പ നല്‍കല്‍ എന്നിവയെക്കുറിച്ച് തീരുമാനമെടുക്കാനും ഇതിലൂടെ കഴിയും. ആദ്യഘട്ടം നടപ്പിലാക്കി മൊത്തത്തിലുള്ള അവലോകനത്തിന് ശേഷമേ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."