പി.എസ്.സി ചെയര്‍മാനായി എം.കെ സക്കീര്‍ ചുമതലയേറ്റു
തിരുവനന്തപുരം: പബ്ലിക് സര്‍വിസ് കമ്മിഷന്റെ പുതിയ ചെയര്‍മാനായി അഡ്വ.എം.കെ സക്കീര്‍ ചുമതലയേറ്റു. പി.എസ്.സി ആസ്ഥാനത്ത് ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് നടന്ന പ്രതിജ്ഞാചടങ്ങില്‍ വിരമിക്കുന്ന ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പബ്ലിക് സര്‍വിസ് കമ്മിഷന്റെ പതിനാലാമത്തെ ചെയര്‍മാനാണ് അഡ്വ.എം.കെ സക്കീര്‍. മലപ്പുറം ജില്ലയിലെ പൊന്നാനി പെരുമ്പടപ്പ് കൂവക്കാട്ട് കുടുംബത്തില്‍ അധ്യാപക ദമ്പതിമാരായ എം.കെ ബാവക്കുട്ടിയുടെയും എം.കെ സാറുവിന്റെയും മകനാണ്. തൃശൂരിലാണ് താമസം. മുംബൈ ഗവ.ലോ കോളജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
1990ല്‍ തൃശൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തനം ആരംഭിച്ചു. കേരള ഹൈക്കോടതി അടക്കമുള്ള കോടതികളില്‍ സിവില്‍, ക്രിമിനല്‍, ലേബര്‍ വിഭാഗങ്ങളില്‍ സീനിയര്‍ അഭിഭാഷകനും ഒട്ടനവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ലീഗല്‍ അഡൈ്വസറും ആയിരുന്നു. ഗവണ്‍മെന്റ് പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 ജനുവരി 28ന് പബ്ലിക് സര്‍വിസ് കമ്മിഷന്‍ അംഗമായി നിയമിതനായി.
പബ്ലിക് സര്‍വിസ് കമ്മിഷന്റെ ലിറ്റിഗേഷന്‍ സബ്കമ്മിറ്റിയുടെ അധ്യക്ഷനാണ്. ആറു വര്‍ഷമാണ് പി.എസ്.സി ചെയര്‍മാന്റെ കാലാവധി. ഭാര്യ ലിസി സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. സാമൂഹിക സേവന മേഖലയിലും പ്രവര്‍ത്തിക്കുന്നു. മകള്‍ നികിത എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയാണ്. മകന്‍ അജിസ് കൊച്ചി നാഷനല്‍ ലോ സ്‌കൂളില്‍ പഠിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."