സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പൊലിസ് എതിര്‍ക്കും
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുദിക്കരുതെന്ന് പൊലിസ് കോടതിയില്‍ ആവശ്യപ്പെടും.
എറണാകുളം സെഷന്‍സ് കോടതിയിലാണ് സക്കീര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇതു കോടതി ഇന്ന് പരിഗണിച്ചേക്കും. എറണാകുളം സ്വദേശിയായ വ്യവസായി ജൂബി പൗലോസിന്റെ പരാതിയിലാണ് സക്കീറിനെതിരേ പൊലിസ് കേസെടുത്തിരിക്കുന്നത്.
ഈ കേസില്‍ ഇയാളെ കൂടാതെ ഡി.വൈ.എഫ്.ഐ നേതാവ് കറുകപ്പിള്ളി സിദ്ധിക്ക്, ജൂബി തോമസിന്റെ ബിസിനസ് പങ്കാളിയായ ഷീല തോമസ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സിറ്റി ടാസ്ക് ഫോഴ്സ് (സി.ടി.എഫ്) എന്ന പ്രത്യേക പൊലിസ് സംഘം രൂപീകരിച്ചതിനെ തുടര്‍ന്ന് എടുക്കുന്ന ആദ്യ കേസാണിത്. വ്യാഴാഴ്ച വൈകിട്ടുവരെ കളമശേരിയിലെ ഏരിയാ കമ്മിറ്റി ഓഫിസില്‍ സജീവമായിരുന്ന സക്കീര്‍ ഹുസൈന് അറസ്റ്റുണ്ടാകുമെന്ന സൂചന കിട്ടിയതോടെ അന്നുരാത്രിയില്‍ സ്ഥലം വിട്ടെന്നാണ് പൊലിസ് പറയുന്നത്. ഏറെ നാളായി സക്കീര്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫാണ്.
ഇതിനിടയിലാണ് മുന്‍കൂര്‍ ജാമ്യം തേടി സക്കീര്‍ ഹുസൈന് ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. സക്കീറിനെ അറസ്റ്റു ചെയ്യാന്‍ പൊലിസ് ശ്രമം നടത്തിയെങ്കിലും എറണാകുളം ജില്ല വിട്ട സക്കീര്‍ കണ്ണൂരിലേക്കും അവിടെ നിന്ന് കുടകിലേക്കും കടന്നുവെന്നാണ് പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ സക്കീര്‍ ഹുസൈനെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഡി.വൈ.എഫ്.ഐ നേതാവ് കറുകപ്പള്ളി സിദ്ദിഖ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുപറഞ്ഞ് വ്യവസായിയായ മറ്റൊരു യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായിരുന്നു. ഇയാളെ ഇന്ന് ഈ കേസിലും അറസ്റ്റുചെയ്യുമെന്നാണ് അറിയുന്നത്. ഒപ്പം കേസിലെ മറ്റു പ്രതികളെയും അറസ്റ്റു ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."