പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വെരിഫിക്കേഷന്‍ വീണ്ടും അവതാളത്തില്‍
നാദാപുരം: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷ വീണ്ടും അവതാളത്തില്‍. വെബ്‌പോര്‍ട്ടലിലെ പിഴവാണ് ഇപ്പോള്‍ പ്രശ്‌നത്തിനിടയാക്കിയിരിക്കുന്നത്. ഇതേതുടര്‍ന്നു സ്ഥാപന മേധാവികള്‍ക്ക് സൈറ്റില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് അപേക്ഷകരുടെ വിവരങ്ങള്‍ തയാറാക്കാന്‍ കഴിയുന്നില്ല. അപേക്ഷാ സമര്‍പ്പണത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. നാഷണല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടല്‍ എന്ന ലിങ്ക് വഴിയാണ് ഈ വര്‍ഷം വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഈ അപേക്ഷകള്‍ മുഴുവന്‍ സ്‌കൂള്‍ തലത്തില്‍ പരിശോധിച്ച് അതാത് ജില്ലയിലേക്ക് ഈമാസം മുപ്പത്തിയൊന്നിനുള്ളില്‍ കൈമാറാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനായി ഓരോ വിദ്യാലയത്തിനും ജില്ലാ വിദ്യാഭ്യാസ ഓഫിസ് വഴി രഹസ്യകോഡും പ്രത്യേക ഐഡിയും നല്‍കിയിരുന്നു. എന്നാല്‍ ഇവ ഉപയോഗിച്ച് സൈറ്റിലേക്ക് പ്രവേശിക്കാനും അന്തിമ വിവരങ്ങള്‍ കൈമാറാനും കഴിയാത്തതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത് .
ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെങ്കിലും വിദ്യാര്‍ഥികളുടെ അന്തിമ പട്ടിക തയാറാക്കി നാഷണല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടല്‍ വഴി പൂര്‍ത്തീകരിക്കേണ്ട ചുമതല അപേക്ഷകര്‍ പഠനം നടത്തുന്ന വിദ്യാലയത്തിലെ പ്രധാനാധ്യാപകനാണ്. ഇന്നാണ് ഈ വിവരങ്ങള്‍ നല്‍കാനുള്ള അവസാന ദിവസം. രണ്ടുദിവസം അവധി ആയതോടെ തകരാര്‍ പരിഹരിച്ച് ഇന്നോടെ വിവരങ്ങള്‍ രേഖപ്പെടുത്തുക അസാധ്യമായിരിക്കുകയാണ്. ജില്ലാകേന്ദ്രങ്ങളില്‍ പരാതി നല്‍കി പുതിയ ലോഗിന്‍ ഐഡിയും രഹസ്യ കോഡും കരസ്ഥമാക്കാനാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കില്‍ നിന്നും അന്വേഷണങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി. ഇതോടെ നിശ്ചിത തിയതിക്ക് സ്‌കൂള്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്നു പ്രധാനാധ്യാപകര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കാനായി അപേക്ഷ സമര്‍പ്പിച്ച നിരവധി പേര്‍ പട്ടികയില്‍ നിന്നും പുറത്തു പോകേണ്ട സ്ഥിതിയാണ്. നേരത്തെ സാങ്കേതിക തകരാര്‍ കാരണം അപേക്ഷ നല്‍കാന്‍ കഴിയാത്തതു വ്യാപക പരാതിക്കിടയാക്കിയതിനെതുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നത്തേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."