മുഖം മിനുക്കിയ പോളിങ് സ്‌റ്റേഷനുകള്‍ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കി
കോട്ടയം: ശരിക്കും മാതൃകയായി ജില്ലയിലെ മാതൃകാ പോളിങ് സ്റ്റേഷനുകള്‍. കുടിവെള്ളത്തിനും ഇരിപ്പിടത്തിനും വേണ്ടിയുള്ള പതിവ് പരാതികള്‍ക്ക് പരിഹാരമേകുന്നതായിരുന്നു ജില്ലയിലെ 54 മാതൃകാ പോളിങ് സ്റ്റേഷനുകള്‍. പരമ്പരാഗത രീതിയില്‍ നിന്ന് മാറി അല്‍പം പുതുമയോടെ ബുത്തുകളെ മാറ്റിയെടുത്തപ്പോള്‍ വോട്ടര്‍മാരിലും സന്തോഷം പകര്‍ന്നു. മാതൃകാ പോളിംഗ് സ്‌റ്റേഷനില്‍ എത്തിയവര്‍ എല്ലാവരും മിഠായിയുമായാണ് ഇന്നലെ മടങ്ങിയത്.
വോട്ടു ചെയ്തിറങ്ങുന്നവരെ കാത്തു കയ്യില്‍ മധുരവുമായി നില്‍ക്കുന്നവരെ കണ്ടപ്പോള്‍ പ്രായമായ വോട്ടര്‍മാര്‍ക്ക് അത്ഭുതം തോന്നി. വോട്ടുചെയ്യാന്‍ തുടങ്ങിയിട്ട് ആദ്യമായി ഇത്തരത്തിലൊരു മാറ്റം കണ്ടതിന്റെ സന്തോഷം പലരുടെയും മുഖത്തു പ്രകടമായി. പോളിങ് സ്‌റ്റേഷനുകളില്‍ കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, വെയില്‍ കൊള്ളാതിരിക്കാന്‍ പന്തല്‍, ഇരിക്കാന്‍ കസേര തുടങ്ങിയ സൗകര്യങ്ങള്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഒരുക്കിയിരുന്നു.
വീല്‍ചെയര്‍ സൗകര്യം ഏര്‍പ്പെടുത്തിയതു പ്രായമായവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ഏറെ പ്രയോജനകരമായി. പോളിങ് ബൂത്തിനു മുന്നില്‍ ക്യൂ നിന്നു മടുത്തിരുന്ന കാലത്തിന് ഫുള്‍സ്റ്റോപ്പിടുകയായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ, വളരെ സന്തോഷത്തോടെ പൗരന്റെ മൗലികാവകാശം വിനിയോഗിക്കുവാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ സംവിധാനത്തിന് നൂറില്‍ നൂറുമാര്‍ക്കാണ് വോട്ടര്‍മാര്‍ നല്‍കുന്നത്.
മാതൃകാ പോളിങ്് സ്‌റ്റേഷനില്‍ നിന്നു ലഭിക്കുന്ന മിഠായിക്കൊപ്പമുള്ള കാര്‍ഡിലൂടെ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശവും വോട്ടര്‍മാര്‍ക്ക് നല്‍കുവാന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിനു സാധിച്ചു. പാലായില്‍ 102-103 പോളിങ് സ്‌റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്ന പുലിയന്നൂര്‍ ആശ്രമം ഗവ.എല്‍.പി.സ്‌കൂള്‍, അല്‍ഫോന്‍സാ കോളജ്, സെന്റ്. തോമസ് എച്ച്.എച്ച്.എസ് പാലാ, സെന്റ് തോമസ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജ് പാലാ തുടങ്ങിയവയായിരുന്നു മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍. ജില്ലയില്‍ ഒരുക്കിയിരുന്ന 54 മാതൃകാ സ്‌റ്റേഷനുകളില്‍ എട്ടെണ്ണം കോട്ടയത്തും ഏഴെണ്ണം കടുത്തുരുത്തിയിലുമായിരുന്നു. കൂടാതെ ഇത്തവണ വനിതാ ഉദ്യോഗസ്ഥര്‍ മാത്രമുള്ള ബൂത്തുകളും തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കി. ജില്ലയില്‍ ആകെ 20 വനിതാ ബൂത്തുകളാണ് ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."