ഇ.എം.എസ് ഭവന പദ്ധതിയില്‍ വായ്പയെടുത്തവര്‍ വെട്ടില്‍
മട്ടാഞ്ചേരി: കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഇ.എം.എസ് ഭവന പദ്ധതി പ്രകാരം വായ്പയെടുത്തവര്‍ വെട്ടിലായി. പദ്ധതി പ്രകാരം വായ്പയെടുത്തവര്‍ വസ്തു പത്ത് വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യുകയോ പണയപ്പെടുത്തുകയോ ചെയ്യില്ലന്ന് കരാറിലേര്‍പ്പെട്ടതാണ് ഇപ്പോള്‍ ആളുകള്‍ക്ക് വിനയായി മാറിയിട്ടുള്ളത്. വായ്പ തുക പലിശ സഹിതം അടച്ച് കഴിഞ്ഞാലും പത്ത് വര്‍ഷത്തിന് ശേഷം മാത്രമേ വസ്തു കൈമാറ്റം ചെയ്യുവാന്‍ കഴിയൂ. കടക്കെണിയില്‍പ്പെട്ട നിരവധി ആളുകള്‍ക്ക് തങ്ങളുടെ വസ്തു വിറ്റ് കടം വീടാനുള്ള അവസരവും ഇല്ലാതായിരിക്കുകയാണ്.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രണ്ട് ഗഡുക്കളായി എഴുപത്തിയയ്യായിരം രൂപ മാത്രമേ ലഭിച്ചിരുന്നുള്ളൂ. പിന്നീട് അത് ഒന്നേകാല്‍ ലക്ഷം രൂപയാക്കുകയും ചെയ്തു. എന്നാല്‍ ഇത്രയും പണം ഉപയോഗിച്ച് വീട് നിര്‍മിക്കുവാനോ വാങ്ങുവാനോ കഴിയുമായിരുന്നില്ല.
അതിനാല്‍ തന്നെ പലരും ബാങ്കുകളില്‍ നിന്നും മറ്റും വായ്പയെടുത്താണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. സാധാരണക്കാരായ ആളുകള്‍ക്ക് ബാങ്കുകളില്‍ നിന്നും മറ്റും വായ്പയെടുത്ത പണം തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുകയും പലരും കടക്കെണിയില്‍ അകപ്പെടുകയും ചെയ്തു.
വസ്തു വിറ്റ് കടം തീര്‍ക്കാമെന്ന് കരുതിയാല്‍ പദ്ധതി പ്രകാരമുണ്ടാക്കിയ കരാര്‍ വിലങ്ങ് തടിയായി നില്‍ക്കുകയാണ്. പദ്ധതി പ്രകാരമുള്ള വായ്പ തിരിച്ചടച്ച് പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ അവസരമൊരുക്കണമെന്ന പലരുടേയും ആവശ്യം തദ്ദേശ സ്വയംഭരണ വകുപ്പ് അംഗീകരിച്ചിട്ടില്ല.
പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇത്തരം ആളുകളുടെ ആവശ്യം അംഗീകരിച്ച് പ്രമേയം പാസാക്കി സര്‍ക്കാരിന് അയച്ചെങ്കിലും ഫലം കണ്ടിട്ടില്ല. അതിനിടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നിലച്ച് പോകുകയും ചെയ്തു.
പദ്ധതി പ്രകാരമുള്ള കരാര്‍ കാലാവധി കുറക്കുകയോ അല്ലെങ്കില്‍ വായ്പ തിരിച്ചടച്ച് പദ്ധതിയില്‍ നിന്ന് പിന്‍മാറാനുള്ള സാഹചര്യമോ സര്‍ക്കാര്‍ ഒരുക്കണമെന്ന ആവശ്യമാണുയര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."