ജീവിതാഭിലാഷം സഫലമായി; രാജവെമ്പാല അബീഷിന്റെ ചാക്കിലായി
കുമളി: ഒരു രാജവെമ്പാലയെ പിടിക്കണമെന്നതായിരുന്നു വര്‍ഷങ്ങളായി വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരനായ അബീഷിന്റെ ആഗ്രഹം. ചെറുപ്പം മുതലേ പാമ്പ് പിടുത്തം തുടങ്ങിയ അബീഷ് മൂര്‍ഖനും അണലിയുമടക്കം 5387 പാമ്പുകളെ പിടികൂടിയിട്ടുണ്ട്.ഇത്രയധികം പാമ്പുകളെ പിടിച്ചെങ്കിലും ഇതുവരെ രാജവെമ്പാലയെ മാത്രം പിടികൂടാനായിരുന്നില്ല. ഇന്നലെ രാവിലെ വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്‌റ്റേറ്റിന് സമീപം സാധാരണയില്‍ കവിഞ്ഞ വലിപ്പമുള്ള പാമ്പിനെ കണ്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞതനുസരിച്ചാണ് അബീഷും വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയത്.
പെരിയാര്‍ സത്രം റോഡ് മുറിച്ചുകടന്ന പാമ്പ് ലയങ്ങളുടെ പിന്നിലെ കുടിവെള്ള ടാങ്കിന് പിന്നില്‍ നിരത്തിയിട്ട കല്ലുകളുടെ ഇടയിലൊളിച്ചു. സ്ഥലത്തെത്തി പാമ്പിനെ കണ്ടപ്പോഴേ രാജവെമ്പാലയാണെന്ന് മനസ്സിലായതായി അബീഷ് പറഞ്ഞു. രാജവെമ്പാലയെ കാണാനായി നിരവധി തൊഴിലാളികളും സ്ഥലത്ത് തടിച്ചു കൂടി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അബീഷ് പാമ്പിനെ ചാക്കിനുള്ളിലാക്കി. പിടികൂടിയ രാജവെമ്പാലയ്ക്ക് 14 അടി നീളവും 10 കിലോ തൂക്കവും ഉണ്ട്.
സംഭവമറിഞ്ഞ് കുമളി, തേക്കടി, വള്ളക്കടവ് എന്നീ റേഞ്ച് ഓഫീസുകളില്‍ നിന്ന് വനപാലകരും സ്ഥലത്തെത്തിയിരുന്നു. പിന്നീട് വനം വകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്റെ സാന്നിദ്ധ്യത്തില്‍ പാമ്പിനെ ഗവി വനത്തില്‍ തുറന്ന് വിട്ടു. വര്‍ഷങ്ങളായി പാമ്പ് പിടുത്തം നടത്തുന്ന അബീഷ് കെ.എ അഞ്ച് വര്‍ഷമായി തേക്കടി വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനാണ്. കഴിഞ്ഞ വര്‍ഷം 24 മണിക്കൂറിനിടെ 31 മൂര്‍ഖന്‍ പാമ്പുകളെ പിടിച്ചതിന്റെ പേരില്‍ റെക്കോഡും കരസ്ഥമാക്കിയിട്ടുണ്ട് അബീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."