റോഡുകള്‍ തടസപ്പെടുത്തിയുള്ള പരിപാടികള്‍ ദുരിതമാകുന്നു
മാള: പ്രധാന റോഡുകളടക്കം തടസപ്പെടുത്തിയുള്ള മണിക്കൂറുകള്‍ നീളുന്ന പരിപാടികള്‍ വാഹന യാത്രികര്‍ക്കും മറ്റും ദുരിതമാകുന്നു. കഴിഞ്ഞ രണ്ടു ദിവസമായി കൊടുങ്ങല്ലൂര്‍ അത്താണി എയര്‍പോര്‍ട്ട് റോഡില്‍ വടംവലി മത്സരം നടന്നത് മെയിന്‍ റോഡിലാണ്.
ഗതാഗതം പൂര്‍ണമായും തടസപ്പെടുന്ന തരത്തിലാണ് വടംവലി മത്സരം നടന്നത്. നിരവധി തവണ പല ടീമുകളായാണ് മത്സരം നടന്നത്. അതിനാല്‍ തന്നെ മണിക്കൂറുകളോളം നീളുന്ന ഗതാഗത തടസമാണുണ്ടായത്. ശനിയാഴ്ച എരവത്തൂരും ഞായറാഴ്ച കൊച്ചുകടവ് ഷാപ്പുംപടിയിലുമാണ് വൈകീട്ട് വടംവലി മത്സരം അരങ്ങേറിയത്.
വൈകീട്ട് നാലുമണിയോടെ ആരംഭിച്ച മത്സരങ്ങള്‍ രാത്രി ഏഴര കഴിഞ്ഞും തുടര്‍ന്നിരുന്നു.ശനിയാഴ്ച എരവത്തൂര്‍ പാലത്തിന് അടുത്തായി നടന്ന മത്സരത്തിനെതിരേ നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മാള എസ്.ഐ കെ. ശ്രീകുമാര്‍ എത്തി തടഞ്ഞിരുന്നു. മത്സരം തുടങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലിസെത്തി തടഞ്ഞത്. റോഡിലെ ഗതാഗതത്തിന് തടസമാകും വിധത്തിലുള്ള റാലികളോ പരിപാടികളോ കര്‍ശനമായി നിരോധിച്ചിട്ടുള്ള സ്ഥാനത്താണ് മണിക്കൂറുകളോളം വാഹന ഗതാഗതം തടസപ്പെടുന്ന വിധത്തില്‍ പരിപാടികള്‍ നടത്തുന്നത്. വാഹനങ്ങള്‍ കടത്തിവിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഏറെ ശ്രമകരമായാണ് വാഹനങ്ങള്‍ കടന്നു പോയി കൊണ്ടിരുന്നത്. പല വാഹനങ്ങളും ഏറെ കാത്ത്‌നിന്ന ശേഷമാണ് കടന്നു പോകാനായത്. പരിപാടികള്‍ നടത്താനായി വേറെ സ്ഥലമുള്ളയിടങ്ങളിലും റോഡ് തടസപ്പെടുത്തി പരിപാടികള്‍ നടത്തിയാലേ തൃപ്തിയാകൂ എന്ന നിലയിലാണ് ചില സംഘാടകര്‍. യുവജന സംഘടനകളാണ് രണ്ടിടത്തും വടംവലി മത്സരം നടത്തിയത്. മേഖലയില്‍ പലയിടത്തായി ഇത്തരത്തില്‍ റോഡ് തടസപ്പെടുത്തിയുള്ള പരിപാടികള്‍ നടക്കുന്നുണ്ട്. കര്‍ശന നടപടികള്‍ ഈ പ്രവണതക്കെതിരേ സ്വീകരിക്കണമെന്നാണ് പൊതുജന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."