കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്
നടുവണ്ണൂര്‍: രജിസ്ട്രാര്‍ ഓഫിസ് ബസ് സ്റ്റോപ്പിനു സമീപം ഇന്നോവ കാറും മുച്ചക്ര സ്കൂട്ടറും കൂട്ടിയിടിച്ച് അംഗപരിമിതനായ യുവാവിനു പരുക്കേറ്റു. തോട്ടുമൂല സ്വദേശി മുഹമ്മദ് റാഫിക്കാണ് ഗുരുതരമായി പരുക്കേറ്റത്.
ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോക്കറ്റ് റോഡില്‍നിന്നും മെയിന്‍ റോഡിലേക്കു പ്രവേശിക്കുന്നതിനിടെയാണ് ഇന്നോവ കാര്‍ ഇടിച്ചിട്ടത്. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. ഇവിടെ അപകടങ്ങള്‍ നിത്യസംഭവമാണ്. വാഹനങ്ങളുടെ അമിതവേഗതയാണ് പ്രധാനകാരണം.
ആവശ്യമായ സിഗ്നലുകളോ സീബ്രാലൈനുകളോ ഇവിടെയില്ലാത്തത് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. നേരത്തേ അപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. രജിസ്ട്രാര്‍ ഓഫിസിനു സമീപത്തും വെള്ളോട്ടങ്ങാടിയിലും സീബ്രാലൈനുകള്‍ വരക്കണമെന്ന് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഒ.എം കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."