എടച്ചേരിയിലെ ഹെല്‍ത്ത് സെന്റര്‍ താഴിട്ടുപൂട്ടി; ദുരിതത്തിലായി ജനങ്ങള്‍
എടച്ചേരി: നോര്‍ത്തിലെ വെള്ളൂര്‍ റോഡിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതര്‍ താഴിട്ടുപൂട്ടി. ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ട്. രണ്ട് നഴ്സുമാരും ആഴ്ചയിലൊരിക്കല്‍ ഒരു ഡോക്ടറുമായിരുന്നു ഇവിടെ സേവനം ചെയ്തുവന്നിരുന്നത്.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇവിടെ ജോലി ചെയ്തു വന്ന നഴ്സുമാരും, ഡോക്ടരും ഈ ആരോഗ്യ കേന്ദ്രത്തില്‍ എത്താറില്ല.
കേന്ദ്രത്തിന് ചുറ്റും താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്കുളള പ്രതിരോധ കുത്തിവെപ്പുകള്‍ ഇവിടെ വച്ചായിരുന്നു നടത്തിയത്.
രോഗ പ്രതിരോധത്തിനുളള മരുന്നുകളും ഇവിടെ വച്ച് വിതരണം ചെയ്തിരുന്നു. പല തവണയായി നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി ബോധിപ്പിച്ചെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഡോക്ടറെയും മറ്റു ജീവനക്കാരെയും നിയമിക്കണമെന്ന ജനങ്ങളുടെ ശക്തമായ ആവശ്യം നിലനില്‍ക്കുന്നതിനിടെയാണ് ഒരിക്കലും തുറക്കാത്ത മട്ടില്‍ ആരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റിന് ഒടുവില്‍ പൂട്ട് വീണത്. അതിനിടെ കാലപ്പഴക്കം ചെന്ന കെട്ടിടം പുതുക്കിപ്പണിയണമെന്ന ആവശ്യവും ഉയര്‍ന്നു വന്നു. ഏതാണ്ട് അറുപത് വര്‍ഷത്തെ പഴക്കമുണ്ട് ഓടുമേഞ്ഞ ഈ കെട്ടിടത്തിന്.
മേല്‍ക്കൂര ദ്രവിച്ചതിനാല്‍ മഴക്കാലത്ത് ചോര്‍ന്നൊലിക്കാനും തുടങ്ങിയതോടെയാണ് ജീവനക്കാര്‍, താമസിക്കാന്‍ പറ്റാതെ ഒഴിഞ്ഞു പോയതെന്നും നാട്ടുകാര്‍ പറയുന്നു.
നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകേണ്ട ഈ ആരോഗ്യ കേന്ദ്രം എത്രയും പെട്ടെന്ന് പുതുക്കിപ്പണിത് പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."