ആക്ഷനും കട്ടുമില്ലെങ്കിലും പഞ്ച് ഡയലോഗുമായി താരങ്ങള്‍ പോളിങ് ബൂത്തിലെത്തി
സ്വന്തം ലേഖകന്‍
കൊച്ചി: ചിത്രീകരണത്തിന് ഇടവേള നല്‍കി താരങ്ങള്‍ സമ്മതിദാനം വിനിയോഗിക്കാന്‍ പോളിങ് ബൂത്തുകളിലെത്തി. ആക്ഷനും കട്ടുമില്ലെങ്കിലും പഞ്ച് ഡയലോഗുകളുമായി കാമറയ്ക്ക് മുന്നിലെത്തിയ താരങ്ങള്‍ വോട്ട ്‌ചെയ്യണമെന്ന പൗരധര്‍മത്തിന്റെ ഓര്‍മപ്പെടുത്തലുകളുമായിട്ടാണ് മടങ്ങിയത്.
പനമ്പള്ളി നഗറിലെ സ്‌ക്കൂളില്‍ രാവിലെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വോട്ട ്‌ചെയ്തു പോയതിന് ശേഷമാണ് സൂപ്പര്‍താരം മമ്മൂട്ടി സമ്മതിദാനം വിനിയോഗിക്കാന്‍ എത്തിയത്. രാഷ്ട്രീയമെന്നത് പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ലെന്നും നമ്മുടെ അഭിപ്രായമാണെന്നും അത് പ്രകടിപ്പിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും വോട്ട് ചെയ്ത ശേഷം മമ്മൂട്ടി പറഞ്ഞു.
വോട്ടവകാശം പാഴാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുവതാരം ദുല്‍ഖറിനു കേരളത്തിലെ കന്നിവോട്ടായിരുന്നു ഇത്. സംവിധായകന്‍ ജോഷിയും ഇതേസ്‌കൂളിലെത്തി വോട്ട് ചെയ്തു.
നടനും സംവിധായകനുമായ ശ്രീനിവാസന്‍ കണ്ടനാട് സെന്റ് മേരീസ് സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എല്ലാ പാര്‍ട്ടിയിലും അഴിമതിക്കാരുണ്ടെന്നും മാറ്റത്തിനായാണ് തന്റെ വോട്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സമ്പ്രദായത്തില്‍ തൃപ്തരല്ല, അങ്ങേയറ്റം ഹൃദയം തകരുന്ന അവസ്ഥയുണ്ടാകുമ്പോള്‍ ആ മാറ്റം സ്വാഭാവികമായും ഉണ്ടാകുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ദിലീപ് ആലുവായിലെ ദേശീയപാത സബ് ഡിവിഷന്‍ അസി.എക്‌സീക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യലായത്തിലെത്തി അമ്മയ്ക്ക് ഒപ്പം വോട്ട് ചെയ്തു. നാടിന് നന്മ ചെയ്യാനുള്ള മനസുള്ള സ്ഥാനാര്‍ഥികള്‍ക്കായിരിക്കണം വോട്ടെന്ന് ദിലീപ് പറഞ്ഞു. സിനിമാ പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ വരുന്നത് നല്ലതാണ്. എല്ലാ രംഗത്തുള്ളവരും രാഷ്ട്രീയരംഗത്തേക്ക് വന്ന് ജനപ്രതിനിധികളായി മാറണം. നാടിന്റെ പുരോഗതിക്ക് വോട്ടെറെന്ന നിലയില്‍ കടമ നിറവേറ്റണമെന്നും ദിലീപ് പറഞ്ഞു. സൂപ്പര്‍താരം മോഹന്‍ലാല്‍ പത്തനാപുരത്ത് പ്രചാരണത്തിന് പോയതില്‍ പ്രതിഷേധിച്ച് താരസംഘടനയില്‍ നിന്ന് രാജിവച്ച് വിവാദം സൃഷ്ടിച്ച സലീം കുമാര്‍ വടക്കേക്കര സെന്റ് ജോസഫ് സണ്‍ഡേ സ്‌കൂളിലെ 76ാം നമ്പര്‍ ബുത്തില്‍ ഭാര്യക്കും മകനും ഒപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. മാറ്റത്തിന് വേണ്ടിയല്ല , വികസനത്തിന് വേണ്ടിയാണ് തന്റെ വോട്ടെന്നായിരുന്നു സലീംകുമാറിന്റെ കമന്റ്്.
ഗിന്നസ് പക്രു എരുവേലി ജെ.ബി.എസ് സ്‌കൂളിലും, ലാലു അലക്‌സ് പിറവം എം.കെ.എം സ്‌കൂളിലും, നടി കാവ്യമാധവന്‍ വെണ്ണല ഗവണ്‍മെന്റ് ഹയര്‍സെക്കഡറി സ്‌കൂളിലും, കവിയൂര്‍ പൊന്നമ്മ കരുമാല്ലൂര്‍ പഞ്ചായത്തിലെ തട്ടാംപടി ഗവ.എല്‍.പി സ്‌കൂളിലെ ബൂത്തിലും വോട്ട് ചെയ്തു. എന്നാല്‍ ഷൂട്ടിങുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തായതിനാല്‍ നടന്‍ ജയസൂര്യയ്ക്കും വിദേശത്തായതിനാല്‍ നിവിന്‍ പോളിക്കും ഇത്തവണത്തെ വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."