ദീപങ്ങള്‍ തെളിഞ്ഞു; തുളുനാട്ടില്‍ ഇനി തുലാമാസ തിരുവോണം
രാജപുരം: തുളുനാട്ടില്‍ തുലാമാസത്തിലെ തിരുവോണമെന്ന് പറയുന്ന പൊലിയന്ദ്രച്ചടങ്ങിന് തുടക്കമായി. ഇതിന്റെ ഭാഗമായി ചെണ്ടവാദ്യങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ ചെത്തിമിനുക്കിയ പാലമരം ക്ഷേത്ര വയലിലെത്തിച്ചതോടെ ഇരിയ പൊടവടുക്കം ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൊലിയന്ദ്രം ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആരംഭിച്ചു. നൂറുകണക്കിന് ഭക്തരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്നലെ രാവിലെ ക്ഷേത്രവയലിലെത്തിയത്. ഇത്തവണ ഇരിയ പൂണൂറില്‍ നിന്നാണ് പാലമരം ക്ഷേത്രത്തിലേക്കെത്തിച്ചത്.
അസുര രാജാവായിരുന്ന മഹാബലിയെ അരിയിട്ട് വാഴിക്കുന്ന പൊലിയന്ദ്രം എന്ന ആഘോഷ രീതിയാണ് വാവുതൊട്ടുളള മൂന്ന് ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയിലെ പൊടവടുക്കത്തും, കീഴൂരും മാത്രമായി ആഘോഷിക്കുന്നത്. പൊലിയന്ദ്രം വിളി എന്ന പേരിലാണ് കേരളത്തില്‍ ആഘോഷം അറിയപ്പെടുന്നത്. പൊലിയുക എന്നതിനര്‍ത്ഥം ഐശ്വര്യമുണ്ടാവുക എന്നാണ്. മഹാബലിയെന്ന അദൃശ്യ ശക്തിയുടെ സങ്കല്‍പ്പത്തില്‍ ആര്‍പ്പുവിളികളോടെ കൂറ്റന്‍ പാലമരം എഴുന്നളളിച്ചുകൊണ്ടുവരുന്ന ചടങ്ങോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."