കേരള പിറവി ആഘോഷത്തില്‍ നിന്നും ഗവര്‍ണര്‍ ഔട്ട്
തിരുവനന്തപുരം: ഇന്നു നടക്കുന്ന കേരള പിറവിയുടെ അറുപതാം വാര്‍ഷികാഘോഷ പരിപാടികളില്‍ ഗവര്‍ണര്‍ ഇല്ല. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന 'വജ്രകേരളം' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിക്കുന്നത്. ഈ പരിപാടിയിലും ഇന്നു നടക്കുന്ന സര്‍ക്കാരിന്റെ മറ്റു പരിപാടികളിലൂം ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. ഇന്ത്യയിലെ ആദ്യത്തെ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന പ്രധാന ചടങ്ങിലും ഗവര്‍ണര്‍ക്ക് ക്ഷണമില്ല. പ്രോട്ടേക്കാള് പ്രകാരം ഈ പരിപാടികളിലെല്ലാം സംസ്ഥാന ഗവര്‍ണറെ ക്ഷണിക്കേണ്ടതാണ്. ചടങ്ങിലേക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി, സുഗതകുമാരി, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, പി.ടി ഉഷ, മറ്റു മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങി എല്ലാ പ്രമുഖരെയും പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്. നിയമസഭയുടെ അങ്കണത്തിലാണ് വലിയ പന്തലിട്ട് പരിപാടി ഒരുക്കിയിരിക്കുന്നത്. നിയമസഭയിലായതിനാല്‍ സ്പീക്കറോ നിയമസഭാ സെക്രട്ടറിയോ ആണ് ക്ഷണിക്കേണ്ടത്. അതേസമയം, തന്നെ ക്ഷണിക്കാത്തതില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇന്ന് രാവിലെ ഗവര്‍ണര്‍ ചെന്നൈയ്ക്ക് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."