ബിസിനസ് സൗഹൃദം: ആന്ധ്രയും തെലങ്കാനയും മുന്നില്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാപ്രദേശും തെലങ്കാനയും മുന്നിലെത്തി. ഇതോടെ ഈ സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ലോകബാങ്കും വ്യവസായ നയപ്രോത്സാഹന വിഭാഗവും നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുസംസ്ഥാനങ്ങളും മുന്നിലെത്തിയത്. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹരിയാന എന്നിവയാണു യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്.
വിവിധ പരിഷ്‌കരണ രംഗങ്ങളിലെ 340 കര്‍മപദ്ധതികള്‍ പരിശോധിച്ചാണു പട്ടിക തയാറാക്കിയത്. നികുതി പരിഷ്‌കരണം, തൊഴില്‍ പരിസ്ഥിതി പരിഷ്‌കരണം, തര്‍ക്കങ്ങള്‍ പരിഹരിക്കല്‍, നിര്‍മാണത്തിനുള്ള അനുമതി, ഏകജാലക സംവിധാനം എന്നിവയിലെല്ലാം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികവുറ്റതാണ് ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളെന്നും വിലയിരുത്തലുണ്ട്.
2015ലെ പട്ടികയില്‍ ഗുജറാത്തായിരുന്നു ഒന്നാം സ്ഥാനത്ത്. ആന്ധ്ര രണ്ടാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും തെലങ്കാന 13-ാം സ്ഥാനത്തായിരുന്നു. 2016ലെ ഏറ്റവും പുതിയ പട്ടികയില്‍ രാജ്യത്തെ 10 സംസ്ഥാനങ്ങളാണു വ്യവസായ സൗഹൃദ പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവയാണ് ഏഴുമുതല്‍ പത്തുവരെ സ്ഥാനങ്ങളിലുള്ളത്.
ലോകബാങ്കിന്റെ പട്ടികയില്‍ 190 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 130 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."