മക്കയിലേക്ക് മിസൈല്‍: പിന്നില്‍ ഖാംനഈയുടെ ഉത്തരവെന്ന് വെളിപ്പെടുത്തല്‍
പാരിസ്: മക്കയെ ലക്ഷ്യമാക്കി യമനിലെ സഅദയില്‍ നിന്നും സ്കഡ് മിസൈല്‍ വിക്ഷേപിച്ചത് ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കല്പനപ്രകാരമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇറാനിയന്‍ നാഷനല്‍ റസിസ്റ്റന്‍സ് കൗണ്‍സില്‍ മേധാവി മറിയം റജൗവി ആണ് പാരീസില്‍ ഇക്കാര്യം പറഞ്ഞത്.
മക്ക മിസൈല്‍ ആക്രമണത്തിനു യമനില്‍ മേല്‍നോട്ടം വഹിച്ചതു ഖുദ്സ് സൈന്യമാണ്. ഇറാനിയന്‍ ശീഈ നേതൃത്വം മക്ക ആക്രമിക്കാന്‍ പദ്ധതിയൊരുക്കുന്നത് ഇതാദ്യമായല്ലെന്നും ഇവര്‍ പറഞ്ഞു. 1986 ല്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുക്കള്‍ സഊദി സൈന്യം പിടിച്ചെടുക്കുകയായിരുന്നു. 1987 ല്‍ ഹാജിമാര്‍ക്കിടയില്‍ കലാപമുണ്ടാക്കി 400 ഇറാനിയന്‍ ഹാജിമാരുടെ മരണത്തിനിടയാക്കിയതും ഇവരാണെന്നും അവര്‍ ആരോപിച്ചു.
ശീഈ ആരാധനാലയങ്ങള്‍ തന്നെ തകര്‍ക്കാന്‍ മടിയില്ലാത്തവരാണ് ഇറാനിയന്‍ നേതൃത്വമെന്നും ഇറാനിലെയും ഇറാഖിലെയും പള്ളികളിലെയും സ്ഫോടനങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ പറഞ്ഞു. സംഘര്‍ഷം നടക്കുന്ന യമനിലേക്ക് ആയുധങ്ങളുമായി പോകുന്ന അഞ്ചു ഇറാന് കപ്പലുകള്‍ യു.എസ് സൈന്യം പിടിച്ചെടുത്തതും ഇതിന് പിന്നില്‍ ഇറാനാണെന്നു വ്യക്തമാക്കുന്നതായും മറിയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."