വിധിയെഴുത്ത് കഴിഞ്ഞു; പ്രതീക്ഷയര്‍പ്പിച്ച് സ്ഥാനാര്‍ഥികള്‍
പാലക്കാട്: കത്തിയെരിയുന്ന മേടച്ചൂടിലെ രണ്ടരമാസക്കാലത്തെ പ്രചാരണം അവസാനിച്ച് ജനം വിധിയെഴുതി. ഇനി രണ്ടുദിവസത്തെ കാത്തിരിപ്പിനുശേഷം ഫലം വരുന്നതുവരെ അടുത്ത അഞ്ച് വര്‍ഷത്തിലേക്കുള്ള സാരഥികള്‍ ആര് എന്ന കൂട്ടലിലും കിഴിക്കലിലുമാണ് ജില്ലയിലെ വിവിധ മുന്നണികളുടെ സ്ഥാനാര്‍ഥികള്‍. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രണ്ടുനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഫലം വന്നു കഴിഞ്ഞാല്‍ ജില്ലയില്‍ ഇക്കുറി ആരാണ് ആധിപത്യം പുലര്‍ത്തുമെന്നതാണ് ഇനി അറിയാനുള്ളത്.
പാലക്കാട്, മലമ്പുഴ, കോങ്ങാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തൃത്താല, പട്ടാമ്പി, തരൂര്‍, മണ്ണാര്‍ക്കാട് എന്നിവയാണ് ജില്ലയിലെ 12 മണ്ഡലങ്ങള്‍. തെരഞ്ഞെടുപ്പില്‍ രാഷ്്ട്രീയകേരളം തന്നെ ഉറ്റുനോക്കുന്ന പാലക്കാട് നിന്നും എത്ര എം.എല്‍.എമ്മാര്‍ നിയമസഭയിലെത്തുമെന്നതാണ് ഇനി അറിയാനുള്ളത്.
കടുത്ത ത്രികോണമത്സരം നടക്കുന്ന പാലക്കാട്ടെ നഗരസഭാ ഭരണവും ഈഴവ സമുദായത്തിന്റെ പ്രാമുഖ്യവും ബി.ഡി.ജെ.എസ് സഖ്യവുമെല്ലാം ഇത്തവണ ബി.ജെ.പിക്ക് തുണയായത് ഇടതുവലതു മുന്നണികളില്‍ ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഏഴും യു.ഡി.എഫിന് അഞ്ചു സീറ്റുമാണ് ലഭിച്ചത്.
മലമ്പുഴ, തരൂര്‍, കോങ്ങാട്, നെന്‍മാറ, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ആലത്തൂര്‍ മണ്ഡലങ്ങള്‍ ഇടതുമുന്നണികള്‍ നേടിയപ്പോള്‍ പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, തൃത്താല, പട്ടാമ്പി എന്നിവിടങ്ങളില്‍ വലതുമുന്നണിയും ആധിപത്യമുറപ്പിച്ചു. ഇടതുമുന്നണിയുടെ ഏഴു സീറ്റുകളും സി.പി.എമ്മിനായിരുന്നു. മണ്ണാര്‍ക്കാട് (ലീഗ്) ഒഴികെ ബാക്കി നാലുസീറ്റുകളിലും വിജയിച്ച് കോണ്‍ഗ്രസ് വലതുമുന്നണിയുടെ ആധിപത്യം ഊട്ടിയുറപ്പിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കാലങ്ങളായി ഇടതുപക്ഷത്തിനുണ്ടായിരുന്ന കുത്തകരാഷ്്ട്രീയം ഇടതിന് ആ തെരഞ്ഞെടുപ്പോടെ കൈവിട്ടു. അതേസമയം പാലക്കാട്, നെന്മാറ, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ ബി.ജെ.പി കനത്ത സാന്നിധ്യമുറപ്പിച്ചു.
2014ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ടുസീറ്റിലും ഇടതുമുന്നണിയാണ് വിജയിച്ചത്. പാലക്കാട് സി.പി.എമ്മിലെ എം.ബി രാജേഷ് വലതുമുന്നണിയിലെ എം.പി വീരേന്ദ്രകുമാറിനെ (സോഷ്യലിസ്റ്റ് ജനത) 1,05,300 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ സംവരണമണ്ഡലമായ ആലത്തൂരില്‍ പി.കെ ബിജു കോണ്‍ഗ്രസിലെ കെ ഷീബയെ 37312 വോട്ടുകള്‍ക്കാണ് തറപ്പറ്റിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ പാലക്കാട്, നെന്‍ന്മാറ, ചിറ്റൂര്‍, ഷൊര്‍ണൂര്‍ തുടങ്ങി മിക്ക മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വോട്ടുവര്‍ദ്ധനയുണ്ടായിട്ടുള്ളത് എന്‍.ഡി.എ സഖ്യത്തിന് ആശ്വാസമാകുന്നുണ്ട്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തും ജില്ലയിലെ 13 ല്‍ 11 ബ്ലോക്ക് പഞ്ചായത്തുകളിലും 88 ഗ്രാമപഞ്ചായത്തുകളിലും 88 ഗ്രാമപഞ്ചായത്തുകളില്‍ 70 ഗ്രാമപഞ്ചായത്തുകളിലും ഭരണം ഇടതുമുന്നണിക്ക് ലഭിച്ചപ്പോള്‍ ഏഴു നഗരസഭകളില്‍ യു.ഡി.എഫിനെയാണ് മേല്‍ക്കോയ്മയുണ്ടായിട്ടുള്ളത്. അതേസമയം കേരളചരിത്രത്തിലാദ്യമായി നഗരസഭാ ഭരണം പാലക്കാട് ബി.ജെ.പി പിടിച്ചടെുത്തു. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും നാലു ബ്ലോക്കുപഞ്ചായത്ത് ഡിവിഷനുകളിലും ബി.ജെ.പി സഖ്യം രണ്ടാം സ്ഥാനത്താണ്.
ജില്ലയില്‍ ഇത്തവണ പതിവിനു വിപരീതമായി പ്രധാനമന്ത്രിയുള്‍പ്പെടെ ദേശീയ-സംസ്ഥാന നേതാക്കളും തെരഞ്ഞെടുപ്പു പ്രചാരണത്തെയും മുന്നണികളിലും ആവേശം പടര്‍ത്തിയിരുന്നു. ജില്ലയിലെ ഇടതിന്റെ ശക്തികേന്ദ്രമായ മലമ്പുഴയില്‍ ഇത്തവണ വലതിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥിയും ബി.ജെ.പിയുടെ നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ സി കൃഷ്ണകുമാറിന്റെ രംഗപ്രവേശവുമാണ് മത്സരത്തിന് ചൂടുപിടിപ്പിച്ചത്. പ്രതിപക്ഷ നേതാവും മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ വി.എസ് അച്യുതാന്ദന്‍ 2001 മുതല്‍ 2011 വരെ ഹാര്‍ട്രിക് വിജയം നേടിയ മലമ്പുഴ മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മലമ്പുഴ, അകത്തേത്തറ, പുതുശ്ശേരി പഞ്ചായത്തുകളില്‍ ബി.ജെ.പി ആധിപത്യമുറപ്പിച്ചു. എന്നാന്‍ ഇത്തവണ മണ്ഡലത്തില്‍ വി.എസിനെതിരെ എസ്.എന്‍.ഡി.പിയുടെ കടന്നുക്കയറ്റവും വലതു- എസ്.എന്‍.ഡി.പി കൂട്ടുകെട്ടും ബി.ജെ.പിയുടെ ശക്തനായ പേരാളിയും വി.എസിന്റെ ഭൂരിപക്ഷം കുറയ്ക്കുമേയെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി.
ഏതായാലും ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ പതര്‍ച്ചയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ നഗരസഭാധിപത്യവുമെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥിതിഗതികള്‍ മാറ്റിമറച്ചിരിക്കുകയാണ്.
മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഷംസുദീനെതിരെ കാന്തപുരത്തിന്റെ പരസ്യമായ പരാമര്‍ശങ്ങളും ഇത്തവണ രാഷ്്ട്രീയ കേരളത്തില്‍ ചര്‍ച്ച വിഷയമായിരുന്നു. വികസനം ജലരേഖകളാകുന്ന പാലക്കാട് ജില്ലയില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മാറ്റത്തിന്റെ പാതയൊരുക്കാന്‍ ഒരുങ്ങുകയാണ് മൂന്നു മുന്നണികളും. ഇടതിന്റെയും വലതിന്റെയുമെക്കെ പരാമര്‍ശങ്ങള്‍ കാതോര്‍ക്കാതെ സംസ്ഥാനത്തെ നഗരസഭാ ഭരണം കൈപിടിയിലൊതുക്കിയ അഹങ്കാരത്തോടെ ജില്ലയില്‍ നിന്നും ഒരു വനിതാ എം.എല്‍.എ എന്ന ശുഭപ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാല്‍ പതിവിനു വിപരീതമായി ജില്ലകളിലെ വോട്ടര്‍മാരുടെ വര്‍ദ്ദനവും പാര്‍ട്ടികളിലെ വിഭാഗീയതകളും ഈഴവ സമുദായത്തിന്റെയും ന്യൂനപക്ഷവോട്ടുകളുടെ ചായ്‌വും പാര്‍ട്ടികള്‍ക്കുള്ളിലെ വോട്ടുകച്ചവടവുമെല്ലാം ഇത്തവണ കരിമ്പനനാട്ടിലെ തെരഞ്ഞെടുപ്പു കാറ്റിന്റെ ഗതിമാറ്റുമെന്നത് കണ്ടറിയാന്‍ ഫലം വരുന്നതുവരെ കാത്തിരുന്നല്ലേ പറ്റൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."