സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം; സമൃദ്ധം പദ്ധതിക്ക് ഇന്ന് തുടക്കം
കോഴിക്കോട്: നഗരത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന കോര്‍പറേഷന്റെ സമൃദ്ധം 2016 പദ്ധതിക്ക് ഇന്നു തുടക്കം.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലെയും തീരദേശ മേഖലകളിലെയും കുട്ടികള്‍ ഭക്ഷണം കഴിക്കാതെ സ്‌കൂളില്‍ വരുന്നതായി നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ പഠനസന്നദ്ധതക്കു കൂടുതല്‍ ഊര്‍ജം പകരുന്ന പദ്ധതിക്ക് കോര്‍പറേഷന്‍ തുടക്കം കുറിക്കുന്നത്. നഗരത്തിലെ 60 സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളിലെ ആറായിരത്തോളം കുട്ടികള്‍ക്കു ഇന്നുമുതല്‍ പ്രഭാതഭക്ഷണം ലഭിക്കും.
എല്ലാ ദിവസവും രാവിലെ 9.15നാണ് സ്‌കൂളില്‍ ഭക്ഷണം വിതരണം ചെയ്യുക. ഇഡ്ഡലി, സാമ്പാര്‍, ദോഷ, ചപ്പാത്തി തുടങ്ങിയ വിഭവങ്ങളാണ് നല്‍കുക. ഒരു കുട്ടിക്ക് ഒന്‍പതു രൂപ എന്ന നിലയില്‍ 56000 രൂപയാണ് ഒരു ദിവസത്തെ ചെലവ്. കോര്‍പറേഷന്റെ വികസന ഫണ്ട് മാത്രമാണ് ഇതിനുപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ 30 ലക്ഷം രൂപയാണ് കോര്‍പറേഷന്‍ നീക്കിവച്ചിരിക്കന്നത്.
സ്ഥലം കൗണ്‍സിലര്‍, ഹെഡ്മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ്, സ്‌കൂള്‍ മാതൃസംഘം ചെയര്‍പേഴ്‌സണ്‍, ഒരു സ്‌കൂള്‍ സ്റ്റാഫ്, സ്‌കൂള്‍ ലീഡര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങിയ സമിതിയാണ് ഓരോ സ്‌കൂളിലും പദ്ധതിക്കു മേല്‍നോട്ടം വഹിക്കേണ്ടത്. ഇവരുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുന്നതിനായി കോര്‍പറേഷന്റെ വിദ്യാഭ്യാസ സംരക്ഷണ സ്ഥിരംസമിതി സ്‌കൂളുകള്‍ സന്ദര്‍ശിക്കും.
പദ്ധതി നടത്തിപ്പിനുള്ള തുക ഈ മോണിറ്ററിങ് സമിതി ഓരോ മാസവും സ്‌കൂള്‍ പി.ടി.എക്ക് കൈമാറും.
പ്രഭാതഭക്ഷണം ആവശ്യമുള്ള കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തിയ ശേഷം ഇവരുടെ ഒരു രജിസ്റ്റര്‍ തയാറാക്കിവയ്ക്കണം. എത്ര കുട്ടികള്‍ക്കു പദ്ധതി പ്രയോജനം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ രജിസ്റ്റര്‍ കോര്‍പറേഷന്‍ മോണിറ്ററിങ് സമിതി പരിശോധിക്കും.
ഭക്ഷണത്തിനുള്ള പാത്രങ്ങള്‍ സ്‌കൂളില്‍ നിന്നു ലഭിക്കും. ആവശ്യമായ പാത്രങ്ങള്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്ക് കോര്‍പറേഷന്‍ വിതരണം ചെയ്യും.
ജില്ലില്‍ ആദ്യമായാണ് ഒരു തദ്ദേശ ഭരണസമിതി വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നത്. നഗരത്തില്‍ മെഡിക്കല്‍ കോളജ് കാംപസ് സ്‌കൂളിലാണ് കൂടുതല്‍ കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇവിടെ 492 കുട്ടികളാണ് എല്‍.പിതലത്തില്‍ പഠിക്കുന്നത്. പയ്യാനക്കല്‍ സ്‌കൂളില്‍ 378, പൊക്കുന്ന് സ്‌കൂളില്‍ 350, മീഞ്ചന്ത സ്‌കൂളില്‍ 235 കുട്ടികളും എല്‍.പി വിഭാഗത്തിലായുണ്ട്.
ആദ്യഘട്ടത്തിലെ പ്രവര്‍ത്തനം പരിശോധിച്ച ശേഷം അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികളെയും പദ്ധതിയുടെ ഭാഗമാക്കാനാണ് നീക്കം.
സമൃദ്ധം പദ്ധതിയുടെ ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിനു ബിലാത്തികുളം ഗവ. യു.പി സ്‌കൂളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."