മാമുക്കോയ വഴി നിര്‍മിച്ചത് സ്ഥലം കൈയേറിയാണെന്ന് മേയര്‍
കോഴിക്കോട്: സിനിമാ നടന് മാമുക്കോയ വീട്ടിലേക്ക് കോണ്‍ക്രീറ്റ് വഴി നിര്‍മിച്ചത് കോര്പറേഷന് സ്ഥലം കൈയേറി തന്നെയാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്. കൈയേറ്റം ഒഴിപ്പിക്കണമെന്നത് നാട്ടുകാരുടെ നിരന്തരമായ ആവശ്യമായിരുന്നു. മാമുക്കോയയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ റസിഡന്‍സ് അസോസിയേഷന് ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. നടപടി സ്വീകരിക്കുന്ന കാര്യം എല്ലാവരെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒക്ടോബര്‍ എട്ടാം തിയതി വരെ മാമുക്കോയക്ക് സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കൈയേറ്റം ഒഴിപ്പിച്ചെതന്നും മേയര്‍ പറഞ്ഞു. മുഴുവന്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ തന്നെയാണ് കോര്പറേഷന് തീരുമാനം. സംഭവദിവസം താന്‍ മനഃപൂര്‍വം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തതായി മാമുക്കോയ പറയുന്നത് ടി.വിയില്‍ കണ്ടു. ആ ദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും മേയര്‍ വ്യക്തമാക്കി.
കൈയേറ്റക്കാനായി ചിത്രീകരിച്ച് കോര്പറേഷന് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് മാമുക്കോയ നേരത്തെ ആരോപിച്ചിരുന്നു. കൈയേറ്റം നടത്തിയിട്ടില്ലെന്നും ഒരു മുന്നറിയിപ്പുമില്ലാതെയാണ് കോണ്‍ക്രീറ്റ് വഴി പൊളിച്ചതെന്നും മാമുക്കോയ ആരോപിച്ചു. ഇതിന് മറുപടിയായാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മാമുക്കോയയുടെ വീടിന് മുന്നിലെ കോണ്‍ക്രീറ്റ് വഴി കോര്പറേഷന് അധികൃതര്‍ പൊളിച്ചുനീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."