മലപ്പുറം കാന്‍സര്‍ സെന്റര്‍; പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും അനുവദിക്കുമെന്ന് ധനമന്ത്രി
മലപ്പുറം: നടപ്പിലാക്കേണ്ട വകുപ്പുകള്‍ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്ന മലപ്പുറം കാന്‍സര്‍ സെന്ററിന്റെ ഭാവി ഇനി സംസ്ഥാന സര്‍ക്കാറിനു തീരുമാനിക്കാം. വ്യവസായ വകുപ്പിനു കീഴില്‍ തുടങ്ങാനുദ്ദേശിച്ചിരുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിനു കൈമാറണമെന്നു ധനകാര്യ വകുപ്പ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ സെന്റര്‍ ഏതു വകുപ്പിനു കീഴില്‍ തുടങ്ങണമെന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നു മുഖ്യമന്ത്രിക്കുവേണ്ടി ജി. സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.
മലപ്പുറം കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു നിയമസഭയില്‍ പി. ഉബൈദുള്ള എം.എല്‍.എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കാന്‍സര്‍ സെന്റര്‍ ആരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. 2013-14 ബജറ്റ് പ്രസംഗത്തില്‍ ഒരു കോടി രൂപ വകയിരുത്തിയെങ്കിലും തുക അനുവദിക്കാത്തതിനാല്‍ തിരികെ നല്‍കണമെന്ന നിബന്ധനയോടെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍നിന്ന് ഒരു കോടി രൂപ താല്‍ക്കാലികമായി വായ്പയെടുത്താണ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
വ്യവസായ വകുപ്പിനു കീഴിലുള്ള 30 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പിനു സറണ്ടര്‍ ചെയ്ത് ഇതിലെ 25 ഏക്കര്‍ സ്ഥലം മലപ്പുറം കാന്‍സര്‍ സെന്ററിനു പതിച്ചുനല്‍കാനുള്ള നടപടികള്‍ റവന്യൂവകുപ്പില്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രിക്കു വേണ്ടിയുള്ള മറുപടിയില്‍ പറയുന്നു. ഉപധനാഭ്യാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം സമര്‍പ്പിച്ചപ്പോഴാണ് പദ്ധതി പ്രവര്‍ത്തനം വ്യവസായ വകുപ്പിനു കീഴില്‍ പരിഗണിക്കേണ്ടതില്ലെന്നും ആരോഗ്യ വകുപ്പിന്റെ കീഴിലാണ് ഈ പ്രൊജക്ട് നടപ്പിലാക്കേണ്ടതെന്നും ധനകാര്യ വകുപ്പ് അഭിപ്രായപ്പെട്ടത്. മലപ്പുറം കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി യു.ഡി.എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ പത്തു കോടി രൂപ വകയിരുത്തിയിരുന്നു. ഇക്കാര്യം ധനകാര്യ മന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെ മലപ്പുറം എം.എല്‍.എ പി ഉബൈദുള്ള സഭയില്‍ ഉന്നയിച്ചു. ഇതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാനാവശ്യമായ അത്രെയും തുക സര്‍ക്കാര്‍ അനുവദിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."