വെള്ളിയാറിന്റെ തീരത്ത് പന്തുരുളുന്നു; രോഗികളുടെ ദുരിതമകറ്റാന്‍
വെട്ടത്തൂര്‍: കര്‍ക്കിടാംകുന്ന് കാല്‍പ്പന്തുകളിയുടെ ആരവങ്ങളിലേക്കു നീങ്ങുകയാണ്. വെള്ളിയാറിന്റെ ഇരുകരകളിലേയും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കു കൈത്താങ്ങായാണ് അഖിലേന്ത്യാ സെവന്‍സ് ഫ്ളഡ്ലിറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിനു കര്‍ക്കിടാംകുന്ന് ഐ.സി.എസ് യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ കളമൊരുങ്ങുന്നത്.
പാലക്കാട്, മലപ്പുറം ജില്ലതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കനിവ് കര്‍ക്കിടാംകുന്ന്, എടപ്പറ്റ പാലിയേറ്റീവ് കെയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മത്സരം നടത്തുന്നത്. സ്റ്റേറ്റ് ഫുട്ബോള്‍ അസോസിയേഷന്റെ (എസ്.എഫ്.എ) ഈ സീസണിലെ ആദ്യത്തെ ടൂര്‍ണമെന്റായ ഇവിടെ രജിസ്ട്രേഷനുള്ള 31 ടീമുകളും ഏറ്റുമുട്ടുന്നുവെന്നത് പ്രത്യേകതയാണ്. ഫുട്ബോള്‍ ഫോര്‍ ചാരിറ്റി ആന്‍ഡ് യൂനിറ്റി എന്ന പ്രത്യേക മുദ്രാവാക്യവും ഇതിനുണ്ട്. ഏഴായിരം പേര്‍ക്കിരിക്കാവുന്ന വിശാലമായ സൗകര്യമാണ് ഒരുക്കുന്നത്. ഗാലറി നിര്‍മാണം അന്തിമഘട്ടത്തിലാണ്. പാര്‍ക്കിങ് സൗകര്യം, സി.സി.ടി.വി നിരീക്ഷണം എന്നിവയും ഒരുക്കിയിട്ടുണ്ട്. വീല്‍ചെയറില്‍ വരുന്ന രോഗികള്‍ക്കു സൗജന്യമായി കളി കാണാനുമാകും.
ടൂര്‍ണമെന്റിന്റെ ആരവമറിയിച്ചു റോഡ് നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചുള്ള ബൈക്ക് റാലി, ഗോള്‍ വണ്ടി, കൂട്ടയോട്ടം തുടങ്ങിയവ നടക്കും. കളി നടക്കുന്ന ഓരോ ദിവസവും കാണികള്‍ നിര്‍ദേശിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് 2,000 രൂപയുടെ പാലിയേറ്റീവ് കിറ്റും നല്‍കും. ഗ്രൗണ്ടില്‍ ബിഗ് സ്ക്രീന്‍ സംവിധാനവുമുണ്ട്.
ടൂര്‍ണമെന്റ് നവംബര്‍ 12മുതല്‍ ഡിസംബര്‍ 15വരെയാണ്. 12ന് സിനിമാ നടന് ആസിഫലി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."