ഒ.ഡി.എഫ് പ്രഖ്യാപനം പ്രഹസനമാകുന്നു
ഇരിട്ടി: സംസ്ഥാനത്തൊട്ടാകെ സമ്പൂര്‍ണ ശുചിത്വം പ്രഖ്യാപനം നടത്തുമ്പോഴും ആറളം ഫാം പുനരധിവാസ മേഖലയില്‍ കക്കൂസ് നിര്‍മാണം എങ്ങുമെത്തിയില്ല. ജില്ലാ ഭരണ കൂടം പല തവണ യോഗം ചേര്‍ന്നെങ്കിലും സമയ ബന്ധിതമായി ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ മാസം തന്നെ കണ്ണൂരിനെ ഒ.ഡി.എഫ് ജില്ലയായി കലക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ആറളം പഞ്ചായത്തില്‍ 756 കക്കൂസുകള്‍ നിര്‍മിക്കുന്നതിനു വേണ്ടണ്ടിയാണ് അനുമതി നല്‍കിയിരുന്നത്. ഇതില്‍ ആറളം ഫാം പുരധിവാസമേഖലയില്‍ മാത്രം 452 കക്കൂസുകള്‍ നിര്‍മിക്കുന്നതിനായിരുന്നു അനുമതി. ഇതില്‍ നൂറുകണക്കിനു കക്കൂസുകളുടെ നിര്‍മാണം പാതിവഴിയിലാണ്.
ജലനിധി പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്ത് ആയതിനാല്‍ ജലനിധി പ്രോജക്ടിന്റെ ഭാഗമായാണ് സര്‍വേ എടുത്തിരുന്നത്. പുരധിവാസ മേഖല ഒഴികെ ഉപഭോക്താക്കള്‍ തന്നെ കക്കൂസ് നിര്‍മിക്കുമ്പോള്‍ ഈ മേഖലയില്‍ കക്കൂസ് നിര്‍മിക്കാന്‍ കരാറുകാരെയാണു പഞ്ചായത്ത് അധികൃതരും ജലനിധി അധികൃതരും ഏല്‍പ്പിച്ചിരിക്കുന്നത്.
വീടുപണി പൂര്‍ത്തിയാവര്‍ക്ക് മാത്രമാണ് കക്കൂസ് നിര്‍മിക്കാന്‍ പണം നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഫാമിലെ 7,9,10,11,12,13 ബ്ലോക്കുകളിലായി നൂറു കണക്കിനു കുടുംബങ്ങളാണ് കുടില്‍ കെട്ടി താമസിക്കുന്നത്. ഇവരുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ എങ്ങനെയാണു സമ്പൂര്‍ണ ശുചിത്വം പ്രഖ്യാപിക്കാന്‍ കഴിയുകയെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."