ആശകള്‍ക്ക് അതിരില്ലാത്ത വയനാടിന് ഇന്ന് 36
കല്‍പ്പറ്റ: ഡക്കാന്‍ പീഠഭൂമിയുടെ തെക്കേ അറ്റത്ത് സമ്പന്നമായ ഗോത്ര സംസ്‌കൃതിയുടെ കലവറ. ഐതിഹ്യങ്ങള്‍ക്കൊപ്പം ചരിത്രവും തുടിക്കൊട്ടി പാടുന്ന പ്രകൃതി രമണീയതയുടെ തീരഭൂമി.
സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിഎഴുനൂറ്റന്‍പതോളം അടി മുകളിലെ നിത്യഹരിതാഭമായ ഇടം. മൈസൂര്‍ സിംഹം ടിപ്പുസുല്‍ത്താന്റെയും വീരപഴശ്ശി കേരള വര്‍മയുടെയും കാലടിപ്പാടുകള്‍ പതിഞ്ഞ നാട്.
കേരളത്തിലെ ഏറ്റവും വലിയ കുടിയേറ്റ മേഖല, പലതരം ജാതി, ഭാഷകളുടെ സംഗമ സ്ഥാനം. അടിയോരുടെ പെരുമാള്‍ വര്‍ഗീസിന്റെ വിപ്ലവ ചിന്തകള്‍ക്കും രക്തരൂക്ഷിതമായ നക്‌സല്‍ കലാപങ്ങള്‍ക്കും സാക്ഷ്യംവഹിച്ച മണ്ണ്. വയനാടിന്റെ വിശേഷണങ്ങള്‍ ഏറെയാണ്.
നിത്യഹരിതമായ കന്യാവനങ്ങളുടെയും ജൈവ വൈവിധ്യങ്ങളുടെയും കലവറയും, സഞ്ചാരികളുടെ പറുദീസയുമാണ്. നാനാ ജാതിമമതസ്ഥരുടെയും വൈരങ്ങളില്ലാത്ത അവരുടെ ഊഷ്മളമായ സ്‌നേഹ ബന്ധങ്ങളുടെയും ദൃഢതയാല്‍ മത സൗഹാര്‍ദത്തിന് കേളികേട്ടതുമാണ് ഈ മലയോര മേഖല. മൂന്ന് ഭാഗത്ത് ചുരവും മറുഭാഗം കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയും കവചം തീര്‍ത്ത പ്രകൃതിരമണീയതയുടെ തീരഭൂമിയായ വയനാടിന് ഇന്ന് 36. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ആശകള്‍ക്ക് അതിരില്ലാത്ത ഈ കൊച്ചുജില്ല ഇന്നും ശൈശവദശ പിന്നിട്ടിട്ടില്ലെന്ന് വേണം പറയാന്‍.
വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിങ്ങനെ മൂന്ന് താലൂക്കുകളും 49 വില്ലേജുകളും ഉള്‍പ്പെട്ട ജില്ലയില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി എന്നിങ്ങനെ നാലു ബ്ലോക്ക് പഞ്ചായത്തുകളും 23 ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭയുമാണുള്ളത്. ആകെ വിസ്തീര്‍ണം 2131 ചതുരശ്ര കിലോമീറ്റര്‍.
ഇതില്‍ 1299 ചതുരശ്ര കിലോമീറ്റര്‍ കൃഷിഭൂമിയും, 791.86 ചതുരശ്ര കിലോമീറ്റര്‍ വനവും, 9.36 ചതുരശ്രകിലോമീറ്റര്‍ ജലപ്രദേശവും, 7.72 ചതുരശ്ര കിലോമീറ്റര്‍ തരിശുനിലവും, 6.6 ചതുരശ്ര കിലോമീറ്റര്‍ പുല്‍പ്രദേശവുമാണ്.
2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 817,420 ആണ്. ഇതില്‍ 401,684 പുരുഷന്‍മാരും, 415,736 സ്ത്രീകളുമാണുള്ളത്. കേരളപ്പിറവി വരെയും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു പഴയ മലബാര്‍ ജില്ലയില്‍ ഉള്‍പ്പെട്ട വയനാട്. സംസ്ഥാനം നിലവില്‍ വന്നതോടെ രണ്ടായി വിഭജിക്കപ്പെട്ട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ ഭാഗമായി.
രണ്ടു ജില്ലകളുടെയും അവഗണന കനത്തു തുടങ്ങിയപ്പോള്‍ വയനാട്ടുകാര്‍ ഒറ്റക്കെട്ടായി സ്വന്തമായി ഒരു ജില്ല വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. തുടര്‍ന്ന് കേരള പ്പിറവിയുടെ രജതജൂബിലി വര്‍ഷത്തില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ (1979 ഡിസംബര്‍ 6) തെക്ക്, വടക്ക് വയനാടുകളെ ഉള്‍പ്പെടുത്തി റവന്യൂ ഡിവിഷന്‍ പ്രഖ്യാപിക്കാന്‍ തയാറായി. ഇതോടെ സ്വന്തം ജില്ലയെന്ന വയനാട്ടുകാരുടെ ആവശ്യം പാതിവിജയം കൈവരിച്ചു. തുടര്‍ന്നും വയനാട്ടുകാരുടെ സമ്മര്‍ദം കൂടിയതോടെ 1980ലെ ഇടതു മുന്നണി സര്‍ക്കാര്‍ നവംബര്‍ ഒന്നിന് വയനാട് ജില്ല രൂപീകരിക്കുയായിരുന്നു.
ഇതോടെ വികസന കാര്യത്തില്‍ ജില്ല പിച്ചവച്ചു തുടങ്ങി. എന്നാല്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഗതാഗതം തുടങ്ങി സകല മേഖലകളിലും പ്രകൃതിയാല്‍ അനുഗ്രഹീതമായ വയനാട് ഇന്നും സംസ്ഥാനത്തെ മറ്റു ജില്ലകളേക്കാള്‍ ഏറെ പിന്നിലാണ്.
ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ പ്രഖ്യാപനങ്ങളില്‍ നിറച്ചാര്‍ത്തേകാറുണ്ടെങ്കിലും ജനിച്ച് 36 വര്‍ഷം പിന്നിടുമ്പോഴും ജില്ലക്ക് പിറന്ന പടിയില്‍ നിന്ന് നേരിയ മാറ്റങ്ങള്‍ മാത്രമാണുണ്ടായിട്ടുള്ളത്. ജില്ലയിലെ ആരോഗ്യ മേഖലയാണ് കടുത്ത അവഗണന നേരിടുന്നത്. ഉന്നത ചികിത്സക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന വയനാടിന്റെ സ്വപ്നം ഇനിയും ചിറകടിച്ചു തുടങ്ങിയിട്ടില്ല.
തറക്കല്ലിട്ടെങ്കിലും തുടര്‍പ്രവൃത്തനങ്ങള്‍ ഇപ്പോഴും ആരംഭിച്ചിട്ടില്ല. കൂടെ പ്രഖ്യാപിച്ച മറ്റു ജില്ലകളിലെ മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും വയനാട്ടിലേത് സാങ്കേതിക കാരണങ്ങളില്‍ കുടുങ്ങി നീളുകയാണ്. ഉന്നത ചികിത്സക്ക് വയനാട്ടുകാര്‍ ഇനിയും ഏറെ കാലം കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരുമെന്നതാണ് യാഥാര്‍ഥ്യം. കൃഷി മേഖലയിലുണ്ടാകുന്ന പ്രതിസന്ധി തന്നെയാണ് ജില്ലയുടെ പ്രധാനതിരിച്ചടി.
മഴക്കുറവും ഉയരുന്ന താപനിലയുമായി കാര്‍ഷിക മേഖലക്ക് തിരിച്ചടിയാവുമ്പോള്‍ വന്യമൃഗങ്ങള്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിപ്പിക്കുന്നതും ഒരു ഭാഗത്ത് തുടരുന്നു. നെല്‍കൃഷി വര്‍ഷം തോറും കുറയുന്നതോടൊപ്പം ഇത്തവണ നെല്ലിന് കരിച്ചില്‍ രോഗം പലയിടങ്ങളിലും ബാധിച്ചിട്ടുമുണ്ട്. എല്ലാ വിളകള്‍ക്കും രോഗ ഭീഷണിയിലാണ്. ഒപ്പം വന്യമൃഗശല്ല്യവും.
വന്യമൃഗ ശല്യം കര്‍ഷകര്‍ക്ക് മാത്രമല്ല ജില്ലയിലെ ജനങ്ങളുടെ ജീവിതത്തിന് വരെ ദുരിതമായിരിക്കുകയാണ്. ആന, കടുവ, പുലി എന്നിവയെല്ലാം ജനവാസ കേന്ദ്രത്തിലെത്തുന്നത് പതിവായി. ജില്ല നേരിടുന്ന പ്രധാന പ്രശ്‌നവും ഇതായി മാറിയിട്ടുണ്ട്. കൂടെ പ്രധാന തൊഴില്‍ മേഖലയായ തേയില തോട്ടങ്ങളില്‍ തൊഴിലാളികളും.
ഇവരുടെ ജീവിതം ഇന്നും ദുരിത പൂര്‍ണമാണ്. ഉന്നത വിദ്യാഭ്യാസ അവരസരങ്ങളുടെ അഭാവവും രാത്രിയാത്രാ നിരോധനം, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ തുടങ്ങിയ നിരവധി നീറുന്ന പ്രശ്‌നങ്ങളാണ് ഇപ്പോഴും ജില്ല പേറുന്നത്.
ഇനിയെങ്കിലും ജില്ലയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."