കുട്ടികളെ സൂക്ഷിച്ചോളൂ... ഇല്ലേല്‍ പൊലിസിന്റെ പിടിവീഴും
കല്‍പ്പറ്റ: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുട്ടികളുടെ ബൈക്ക് മോഷണം വ്യാപകമായതിനെ തുടര്‍ന്ന് പൊലിസ് നടപടി ശക്തമാക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ബൈക്ക് മോഷണത്തിലേര്‍പ്പെടുന്നത്. മറ്റു കുട്ടികള്‍ ബൈക്കില്‍ വിലസുന്നത് കണ്ട് മറ്റും മോഷണത്തിനറങ്ങിയവരാണ് പലരും.
നിരവധി കുട്ടിക്കുറ്റവാളികളെ ഇത്തരത്തില്‍ പൊലിസ് പിടികൂടി. പണത്തിന് ആവശ്യം വരുമ്പോള്‍ തുച്ഛമായ വിലക്ക് സഹപാഠികള്‍ക്കോ മറ്റാര്‍ക്കെങ്കിലും ഇവര്‍ ബൈക്ക് വില്‍ക്കുകയും ചെയ്യുന്നു. ബത്തേരിയില്‍ ഒക്‌ടോബര്‍ 29ന് പുലര്‍ച്ചെ പട്രോളിങ്ങിനിടെ കൈകാണിച്ചിട്ട് നിര്‍ത്താതെപോയ ബൈക്കിനെ പിന്തുടര്‍ന്ന പൊലിസ് കുട്ടിസംഘത്തെ പിടികൂടിയിരുന്നു. ബൈക്കില്‍ ഉളി, സ്പാനര്‍, കട്ടര്‍ എന്നിവ കണ്ട് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുട്ടികള്‍ ബൈക്ക് മോഷ്ടിച്ചതാണെന്ന് പൊലിസിനോട് പറഞ്ഞത്. ബത്തേരി മോജോ ബേക്കറിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കുട്ടികള്‍ മോഷ്ടിച്ചത്.
സംഘം ഇതിന് മുമ്പ് ബത്തേരിയിലെ തന്നെ സാരഥി മോട്ടോഴ്‌സ് എന്ന സ്ഥാപനത്തിന്റെ പിന്‍വാതില്‍ പൊളിച്ച് ഷോറൂമിലുണ്ടായിരുന്ന പള്‍സര്‍ ബൈക്ക് മോഷ്ടിച്ചിരുന്നു. പിന്നീട് ബൈക്ക് മറ്റൊരു കുട്ടിക്ക് 4000 രൂപയ്ക്ക് വിറ്റു. കുറച്ച് ദിവസം നമ്പര്‍ മാറ്റി ഉപയോഗിച്ച ശേഷം ഈ കുട്ടി 5000 രൂപയ്ക്ക് മറ്റൊരു കുട്ടിക്ക് വിറ്റു. കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ കോടതി താക്കീത് ചെയ്ത് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
രക്ഷിതാക്കള്‍ പ്രായപൂര്‍ത്തിയാകാത്തതും ലൈസന്‍സ് ഇല്ലാത്തതുമായ കുട്ടികള്‍ക്ക് ബൈക്ക് നല്‍കരുത്. രക്ഷിതാക്കള്‍ വാങ്ങി നല്‍കിയതല്ലാത്ത വസ്തുക്കള്‍ കുട്ടികള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ബൈക്കുകളോ മറ്റു വാഹനങ്ങളോ കുട്ടികള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷകര്‍ത്താക്കള്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പൊലിസ് അധികൃതര്‍ അറിയിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."