തരുവണയില്‍ ഇരുചക്ര വാഹനങ്ങള്‍ ബസ്സ്റ്റാന്‍ഡ് കൈയടക്കുന്നു
തരുവണ: തരവുണ ബസ്സ്റ്റാന്‍ഡ് ഇരുചക്ര വാഹനങ്ങള്‍ കയ്യടക്കുന്നു. ടൗണിലെ ത്രികോണ കവലയില്‍ മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഇതില്‍ രണ്ടെണ്ണം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് നിര്‍മിച്ചതാണ്. മറ്റൊന്ന് വെള്ളമുണ്ട പഞ്ചായത്തില്‍ പതിനാറ് വര്‍ഷം പ്രസിഡന്റായിരുന്ന പരേതനായ പി മൊയ്തു ഹാജിയുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബങ്ങള്‍ പള്ളിയാല്‍ കെട്ടിടത്തോട് ചേര്‍ന്നുള്ള സ്ഥലം ബസ് സ്‌റ്റോപ്പാക്കി നിര്‍മിച്ചു.
മാനന്തവാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വൈത്തിരി, കല്‍പ്പറ്റ ഭാഗങ്ങളിലേക്ക് പോകേണ്ടത് ഈ സ്‌റ്റോപ്പിലൂടെയാണ്. ഇവിടെ വളരെ വിശാലമായി യാത്രക്കാര്‍ക്ക് നില്‍ക്കാനും ഇരിക്കാനും സൗകര്യമുണ്ട്. അദ്ദേഹത്തിന്റെ കുടുംബം ഇവിടെ തുടക്കത്തിലേ യാത്രക്കായി ടി.വിയും പത്രങ്ങളും കുടിവെള്ള സൗകര്യവും ഒരുക്കിയിരുന്നു.
എന്നാല്‍ നിലവിലെ കാഴ്ച മറിച്ചാണ്. നേരം പുലരുന്നതോടെ ഇരു ചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ ബസ്സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും രാത്രി വരെ തല്‍സ്ഥാനത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുകയും ചെയ്യുകയാണ്.
ഇതിനാല്‍ ഇതിലൂടെ സര്‍വിസ് നടത്തുന്ന ബസുകളുടെ ഡോറുകള്‍ പോലും യാത്രക്കാര്‍ക്ക് ശരിയായി തുറന്ന് കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. തരുവണ ഹൈസ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികള്‍ എത്തുകയും ചെയ്താല്‍ ടൗണിലെ തിരക്ക് ഇരട്ടിയാവും. ഇതിനും പുറമെ പൂവാലന്‍മാരുടെ ശല്യം വേറെയും. ഒരു പൊലിസ് സ്‌കൂള്‍ വിടുന്ന സമത്ത് സ്ഥലത്തുണ്ടാവാറുണ്ട്. എന്നാല്‍ സ്റ്റാന്‍ഡില്‍ ഇവര്‍ക്ക് ഡ്യൂട്ടിയില്ല. സ്‌കൂള്‍ വിടുന്ന സമയത്ത് ചുരുങ്ങിയത് രണ്ട് പൊലിസുകാരെയെങ്കിലും ഡ്യൂട്ടിക്ക് നിശ്ചയിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."