രണ്ട് വര്‍ഷമായിട്ടും പണി തുടങ്ങാതെ രണ്ടരക്കോടിയുടെ റോഡ്
ചീമേനി: പോത്താങ്കണ്ടം അത്തൂട്ടി പള്ളിപ്പാറ റോഡ് നവീകരണത്തിനായി രണ്ടരക്കോടി അനുവദിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പണി തുടങ്ങാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം. പൊതുമരാമത്ത് വകുപ്പേറ്റെടുത്ത് 2013- 14 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പോത്താങ്കണ്ടം മുതല്‍ മാനളം, അത്തൂട്ടി, പെട്ടിക്കുണ്ട് വഴി പളളിപ്പാറ വരെ ആറര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിനാണ് ഈ ഗതി. പ്രദേശവാസികളുടെ നിരന്തരമായ അപേക്ഷകള്‍ പരിഗണിച്ചാണ് പഞ്ചായത്തിനു കീഴിലുള്ള ഈ റോഡ് 2012ല്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്.
ആദ്യ ഘട്ടമായി 25 ലക്ഷം ചെലവില്‍ താല്‍ക്കാലികമായ നവീകരണം നടത്തിയിരുന്നു. 2013- 14 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടരക്കോടി അനുവദിച്ചു ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത ഉദയപുരം ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി ഇതുവരെ റോഡ് നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. പൂര്‍ണമായും തകര്‍ന്നു ഗതാഗതം തന്നെ നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണ് ഈ റോഡിന്റെ ഇപ്പോഴുള്ള അവസ്ഥ.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതില്‍ നാട്ടുകാര്‍ വീണ്ടും പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചെങ്കിലും നടപടികള്‍ കൈക്കൊണ്ടില്ല. ഏറ്റെടുത്ത് വര്‍ഷങ്ങളായിട്ടും നിര്‍മാണം ആരംഭിക്കാത്തത് കരാറുകാര്‍ നാട്ടുകാരോട് കാണിക്കുന്ന അവഗണനയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
മഴക്കാലമായല്‍ ചളിവെള്ളം കെട്ടിക്കിടന്ന് കാല്‍നട യാത്രക്കാര്‍ക്കു പോലും ഉപയോഗിക്കാന്‍ പറ്റാത്തവിധം മോശം അവസ്ഥയാവും. ദിനംപ്രതി സ്‌കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന ഈ റൂട്ടില്‍ അപകടങ്ങളും പതിവാണ്. അറുനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കൂളിയാട് ഹൈസ്‌കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും സ്‌കൂളിലേക്കെത്താനുള്ള ഏക വഴിയും ഈ റോഡാണ്. ഒരു വാഹനം മാത്രം കഷ്ടിച്ച് കടന്നുപോകാന്‍ മാത്രമേ നിലവില്‍ സൗകര്യമുള്ളൂ.
വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനാവാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.
സ്ഥലം എം.എല്‍.എ എം. രാജഗോപാലിനെ ഈയിടെ സമീപിച്ച നാട്ടുകാരും ജനപ്രതിനിധികളും റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."