വികസന വഴിയില്‍ നീലേശ്വരം നഗരസഭ
നീലേശ്വരം: നീലേശ്വരം നഗരസഭയ്ക്കു ഇന്നു ഏഴു വയസ് തികയും. ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവതി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നഗരസഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. പ്രധാനമായും കാര്‍ഷിക മേഖലയില്‍ ഊന്നിക്കൊണ്ടുള്ള വികസനമാണു നഗരസഭ നടത്തുന്നത്. അതിന്റെ ഭാഗമായി പ്രഥമ ഭരണസമിതിക്കു തന്നെ സംസ്ഥാനത്തെ ആദ്യ ജൈവനഗരസഭാ അവാര്‍ഡു കരസ്ഥമാക്കാനും കഴിഞ്ഞു.
നഗരസഭയെ ജൈവ നഗരമാക്കിയതും അക്കാലത്താണ്. തരിശു ഭൂമികള്‍ കണ്ടെത്തി ജൈവകൃഷിയും ആരംഭിച്ചു. മാലിന്യക്കൂമ്പാരമായിരുന്ന നീലേശ്വരം പുഴയോരത്തെ ജൈവനഗരിയാക്കാന്‍ കഴിഞ്ഞതാണു പ്രധാന നേട്ടങ്ങളിലൊന്ന്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ആഴ്ച ചന്ത പുനരുജ്ജീവിപ്പിച്ചു. ഇതിന്റെ ഭാഗമായി ജൈവോത്സവവും സംഘടിപ്പിച്ചു.
സംസ്ഥാനത്തെ ആദ്യ അഗ്രോ - അക്വാ ടൂറിസം പദ്ധതിക്കു നഗരസഭയിലെ അഴിത്തലയില്‍ തുടക്കം കുറിച്ചു കഴിഞ്ഞു. വിനോദ സഞ്ചാരമേഖലയില്‍ ഇതു വലിയ നേട്ടം തന്നെയായിരിക്കും. രാജാറോഡ് വികസനത്തിന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുകയാണ്. ഇതിന്റെ വികസനം സാധ്യമാകുന്നതോടെ നഗരത്തിന്റെ മുഖഛായ തന്നെ മാറും. പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം സമ്പൂര്‍ണ ഭവന നഗരസഭയാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മൂന്നരക്കോടി രൂപയുടെ പദ്ധതികളാണു ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നത്. ഹോമിയോ ക്ലിനിക്ക്, ആയുര്‍വേദ ക്ലിനിക്ക് എന്നിവയും ആരംഭിച്ചു. വയോജന കേന്ദ്രങ്ങള്‍ തുടങ്ങി. സ്ത്രീ സുരക്ഷയ്ക്കായി കുടുംബശ്രീ മുഖേന പദ്ധതികള്‍ നടപ്പിലാക്കി. വിദ്യാഭ്യാസ രംഗത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകംതന്നെ കാഴ്ച വച്ചിട്ടുണ്ട്. ചിറപ്പുറം ബഡ്‌സ് സ്‌കൂളില്‍ റീഹാബിലിറ്റേഷന്‍ സെന്ററും, ബി.ആര്‍.സിയും, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ഗവ.ഹോമിയോ ആശുപത്രിയോടനുബന്ധിച്ചു ഫിസിയോ തെറാപ്പി സെന്ററും ഒരുക്കാനും നഗരസഭയ്ക്കു കഴിഞ്ഞു. കര്‍ഷകര്‍ക്കായി ജില്ലയിലെ ആദ്യ അഗ്രോ ക്ലിനിക്ക് ആരംഭിച്ചു. നഗരത്തിലെ കായിക പ്രേമികളുടെ ചിരകാലാഭിലാഷമായിരുന്ന ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറെ വൈകാതെ ആരംഭിക്കും. ഇതിനായി സര്‍ക്കാര്‍ തുക നീക്കിവച്ചിട്ടുണ്ട്. നീലേശ്വരം രാജകൊട്ടാരത്തെ മ്യൂസിയമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. തീരദേശ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."