കൂട്ടക്കുരുതിക്കും പക്ഷിപ്പനിയെ തടയാനാവുന്നില്ല; രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നു
നഷ്്ടപരിഹാരവും സംരക്ഷണവും തേടി താറാവ് കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക്
ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് ജില്ലാഭരണകൂടം അവകാശപ്പെടുമ്പോഴും വൈറസ് ബാധ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. താറാവുകളുടെ കൂട്ടക്കുരുതി നടത്തി മുന്നോട്ടു പോകുമ്പോഴും അതിവേഗത്തിലാണ് രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നത്.
ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളിലും അയല്‍ ജില്ലകളിലും പക്ഷിപ്പനി അതിവേഗം പടര്‍ന്നു പിടിക്കുകയാണ്. ജില്ലയിലെ തകഴി, പള്ളിപ്പാട്, നീലംപേരൂര്‍, ചെറുതന, ചമ്പക്കുളം, മുട്ടാര്‍, എടത്വ, അമ്പലപ്പുഴ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി വ്യാപകമായതോടെ താറാവുകളുടെ കൂട്ടക്കുരതി നടക്കുന്നത്. ഇതിന് പിന്നാലെ ചെന്നിത്തല, തലവടി, നെടുമുടി പഞ്ചായത്തുകളിലേക്കും രോഗം വ്യാപിച്ചു കഴിഞ്ഞു.
കനത്ത സാമ്പത്തിക നഷ്്ടവും പ്രസിന്ധിയുമാണ് താറാവ് കര്‍ഷകര്‍ നേരിടുന്നത്. ജില്ലാഭരണകൂടവും സംസ്ഥാന സര്‍ക്കാരും പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ രോഗം വ്യാപിക്കുന്നത് തടയാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് താറാവു കര്‍ഷകരുടെ പരാതി. രോഗം ബാധിച്ചതും ചത്തതുമായ താറാവുകളെ നിരീക്ഷിച്ച് സംസ്‌കരിക്കുന്നതിനു നിയോഗിച്ച ദ്രുത കര്‍മ സേനയുടെ പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്. മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.
കൂട്ടമായി വളര്‍ത്തുന്ന താറാവുകളില്‍ ഒരെണ്ണത്തിന് രോഗം ബാധിച്ചാല്‍ മൂന്ന് നാല് ദിവസം കൊണ്ടു മുഴുവന്‍ താറാവുകളിലേക്കും വൈറസ് ബാധ പടരുകയാണ്. ഇവകൂട്ടമായി പിന്നീട് ചത്തൊടുങ്ങുകയാണ്. ചത്ത താറാവുകളെ മാത്രം കത്തിച്ചു കളയുന്ന ജോലി മാത്രമാണ് ഇപ്പോള്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. താറാവുകള്‍ കൂട്ടമായി ചത്തു തുടങ്ങിയതിന് പിന്നാലെ നാട്ടുകാരുടെ എതിര്‍പ്പും താറാവ് കര്‍ഷകര്‍ നേരിടേണ്ട അവസ്ഥയിലാണ്. തങ്ങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തി ശാപമായി കാണുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്ന് താറാവ് കര്‍ഷകര്‍ പരിതപിക്കുന്നു. താറാവിന്‍ കൂട്ടത്തില്‍ ചിലതിന് മാത്രം രോഗം കണ്ടെത്തിയാല്‍ മുഴുവന്‍ എണ്ണത്തിനെയും നശിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍, ചത്തവയെ മാത്രം കത്തിച്ചു കളയുകയെന്ന നയമാണ് ദ്രുതകര്‍മ സേന സ്വീകരിച്ചിരിക്കുന്നത്. കെയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ വളര്‍ത്തുന്ന താറാവുകള്‍ക്ക് തീറ്റകൊടുക്കാന്‍ പോലും പ്രദേശവാസികള്‍ അനുവദിക്കുന്നില്ലെന്ന പരാതിയും താറാവ് കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്.
ഇതിനിടെ വൈറസ് രോഗബാധ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ കോഴി അടക്കമുള്ള വളര്‍ത്ത് പക്ഷികളിലേക്ക് പടരുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ജില്ലാഭരണകൂടം വൈറസ് ബാധതയെ സാമൂഹിക പ്രശ്‌നമായി കാണാതെ താറാവ് കര്‍ഷകരുടെ മാത്രം വിഷമായി കണ്ട് മെല്ലെപ്പോക്ക് സമീപനം സ്വീകരിച്ചിരിക്കുകയാണെന്ന് ഐക്യ താറാവ് കര്‍ഷക സംഘം പ്രസിഡന്റ് ബി രാജശേഖരന്‍ പറഞ്ഞു. കൊന്ന താറാവുകള്‍ക്കുള്ള നഷ്്ടപരിഹാരം ഇതുവരെ നല്‍കി തുടങ്ങിയിട്ടില്ല. ഇതും താറാവ് കൃഷി ഉപജീവനമാര്‍ഗമാക്കിയ കര്‍ഷകരെ വലയ്ക്കുകയാണ്.
പക്ഷിപ്പനി ബാധ പുറത്തു വന്നതോടെ താറാവിന്റെ ഇറച്ചിയ്ക്കും മുട്ടയ്ക്കും ആളില്ലാതായി. ക്രിസ്തുമസ് സീസണ്‍ മുന്നില്‍ കണ്ട് താറാവ് കൃഷി നടത്തിയ കര്‍ഷകര്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞത് കനത്ത സാമ്പത്തിക നഷ്്ടമാണ് വരുത്തുന്നത്.
2014 ലെ രോഗബാധ താറാവ ്കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. വീണ്ടും പക്ഷിപ്പനി രൂപത്തില്‍ തിരിച്ചടി നേരിട്ടതോടെ ജില്ലയിലെ താറാവ് കൃഷി മേഖലയില്‍ നിന്നും പിന്‍മാറാനുള്ള ഒരുക്കത്തിലാണ് മിക്കകര്‍ഷകരും.
കര്‍ഷകരുടെ ദുരിതത്തിന് അറുതി വരുത്തി നഷ്്ടപരിഹാരവും സംരക്ഷണവും ആവശ്യപ്പെട്ട് ഐക്യ താറാവ് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."