സൗഹൃദത്തിന്റെ മധുരം നുണയാന്‍ പഴയ ബികോം വിദ്യാര്‍ഥികള്‍ ഒത്തുകൂടി
തൊടുപുഴ : കാല്‍ നൂറ്റാണ്ടിനോടടുത്ത ഇടവേളയ്ക്കു ശേഷം തൊടുപുഴ സഹകരണ കോളജില്‍ 1989 ബാച്ചിലെ ബികോം വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു.വാട്‌സ് ആപ് വഴി രൂപപ്പെട്ട കോ-ഓപ്‌സ് എന്ന ചെറിയ ഗ്രൂപ്പാണ് സൗഹൃദത്തിന്റെ മധുരം ഒരിക്കല്‍ക്കൂടി നുണയാന്‍ അവസരമൊരുക്കിയത്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ പോലും കൂട്ടുകാരെത്തേടിയെത്തി.
അച്ഛനും അമ്മയുമൊക്കെയായി ജീവിത വേഷങ്ങള്‍ മാറിയിട്ടും പഴയകാല കൂട്ടുകെട്ടില്‍ തെല്ലും കുറവുവന്നില്ല.വില്ലേജ് ഓഫിസ് ജീവനക്കാരനായ എ ബി സതീശനും ടൗണ്‍പ്ലാനിങ് ഓഫിസിലെ കെ എസ് നവാസും ബിസിനസ്സുകാരായ രാജേഷും മുജീബുമൊക്കെ മുന്‍കൈയെടുത്താണ് ഒത്തുചേരല്‍ ആസൂത്രണം ചെയ്തത്.
വീട്ടമ്മമാര്‍, വിവിധങ്ങളായ മേഖലകളില്‍ ഇടപെട്ടു ജീവിതം കരുപ്പിടിച്ചവര്‍,ഉദ്യോഗസ്ഥര്‍, വന്‍കിട ബിസിനസ്സുകാര്‍ തുടങ്ങി നാനാവിധങ്ങളായ സാമൂഹിക ജീവിതത്തിന്റെ പരിച്ഛേദമാവുകയായിരുന്നു ഈ കൂട്ടായ്മ.വിദേശത്തുള്ള ഒരു സഹപാഠിയാണ് കൂട്ടായ്മയുടെ ചെലവില്‍ മുന്തിയ ഭാഗവും നിര്‍വഹിച്ചത്.
അദ്ദേഹത്തിന് ഒത്തുചേരലിനെത്താന്‍ കഴിയാത്തതിനാലാണ് ചങ്ങാതിക്കൂട്ടത്തിന്റെ ഒത്തുചേരലില്‍ ഇങ്ങനെ ഭാഗഭാക്കായത്.സഹകരണ കോളജ് അധികൃതര്‍ പഴയ കൂട്ടുകാര്‍ക്ക് ഒത്തുചേരാന്‍ കോളജ് ക്ലാസ് മുറി വിട്ടു നല്‍കി. രാവിലെ മുതല്‍തന്നെ കൂട്ടുകാര്‍ ഓരോരുത്തരായി എത്തിത്തുടങ്ങി.
വിദേശത്തുള്ള മൂന്ന് പേരൊഴികെ എല്ലാവരുംതന്നെ ഓര്‍മ്മച്ചെപ്പുകള്‍ തുറക്കാനും കൂട്ടുകാരെ കാണാനുമെത്തി.വറ്റാത്ത സ്മരണകളും അനുഭവങ്ങളുമൊക്കെ പങ്കുവെച്ച കൂട്ടാളിക്കൂട്ടം ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയോടെയാണ് അവസാനിച്ചത്.കുടുംബസംഗമം ഉള്‍പ്പടെയുള്ളവ പ്ലാന്‍ ചെയ്താണ് കൂട്ടുകാരെല്ലാം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."