ചാരപ്രവര്‍ത്തനം: ഡല്‍ഹിയില്‍ നിന്നും നാല് ഉദ്യോഗസ്ഥരെ പാകിസ്താന് തിരിച്ചു വിളിച്ചേക്കും
ഇസ്ലാമാബാദ്: ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന് ഓഫിസില്‍ നിന്നും പാകിസ്താന് നാല് ഉദ്യോഗസ്ഥകരെ തിരിച്ചുവിളിച്ചേക്കും. ചാരപ്രവര്‍ത്തി നടത്തിയതിനെ തുടര്‍ന്ന് പാക് ഹൈകമ്മീഷന് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തറിനെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെയാണ് നാലുപേരെ തിരിച്ചുവിളിക്കാന്‍ പാകിസ്താന് ആലോചിക്കുന്നത്.
ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്ന കാര്യം പരിഗണനയിലാണ്. ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും പാക് വിദേശകാര്യമന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു.
ഹൈക്കമ്മീഷന് കൊമേഴ്ഷ്യല്‍ കൗണ്‍സിലര്‍ സയ്യിദ് ഫുറാഖ് ഹബീബ്, സെക്രട്ടറിമാരായ ഖാദിം ഹുസൈന്, മുദ്ദാസിര്‍ കീമ, ഷാഹിദ് ഇക്ബാല്‍ എന്നീ ഉദ്യോഗസ്ഥരേയാവും തിരിച്ചുവിളിക്കുക. പൊലിസ് പിടിയിലായപ്പോള്‍ മെഹ്മൂദ് അക്തര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. നാല് ഉദ്യോഗസ്ഥര്‍ കൂടി ചാരപ്രവര്ത്തനത്തിലേര്പ്പെട്ടതായി അക്തര്‍ വെളിപ്പെടുത്തിയ കാര്യം മാധ്യമങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
പ്രതിരോധ രഹസ്യ രേഖകള്‍ ചോര്‍ത്തിയ കേസില്‍ മെഹ്മൂദ് അക്തറിനെ കഴിഞ്ഞ ആഴ്ചയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം നയതന്ത്ര പരിരക്ഷ പരിഗണിച്ച് പിന്നീട് വിട്ടയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."